| Friday, 22nd September 2023, 12:40 pm

നവ്യാനായര്‍ക്കൊപ്പമാണ് സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കേണ്ടത്, കള്ളക്കളിയാണെന്ന് ഞാന്‍ അപ്പോഴേ പറഞ്ഞു, അങ്ങനെ ഫലം വന്നു: ഷൈന്‍ ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌കൂള്‍ കാലഘട്ടത്തെ കുറിച്ചും കലോത്സവ മത്സരത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോണോ ആക്ട് മത്സരത്തിനായി സംസ്ഥാന തലത്തില്‍ പോയതിനെ കുറിച്ചും നവ്യാനായര്‍ക്കൊപ്പം മത്സരിച്ചതിനെ കുറിച്ചുമൊക്കെയാണ് എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ പരിപാടിയില്‍ ഷൈന്‍ സംസാരിക്കുന്നത്.

നവ്യ ഉണ്ടെന്ന് അറിഞ്ഞപ്പോഴേ ഇതില്‍ കള്ളക്കളി നടക്കുമെന്ന് താന്‍ പറഞ്ഞിരുന്നെന്നും 14 ജില്ലകളില്‍ നിന്നായി മത്സരാര്‍ത്ഥികള്‍ എത്തിയ മത്സരത്തില്‍ തനിക്ക് 14 ാം സ്ഥാനമാണ് കിട്ടിയതെന്നുമാണ് ഷൈന്‍ ടോം പറയുന്നത്.

‘ പ്ലസ് ടുവിന് എനിക്ക് ബെസ്റ്റ് ആക്ടര്‍ കിട്ടി. മരവീടന്‍ എന്ന നാടകത്തിന് പ്ലസ് വണ്ണിനു സമ്മാനം കിട്ടി. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് മോണോ ആക്ട് മത്സരത്തിന് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ പോകുന്നത്. അവിടെ ചെന്നപ്പോള്‍ നവ്യാനായര്‍ക്കൊപ്പമൊക്കെയാണ് മത്സരിക്കേണ്ടത്. ഞാന്‍ അപ്പോഴേ പറഞ്ഞു ഇത് കള്ളക്കളിയാണ് നവ്യക്കേ ഫസ്റ്റ് കിട്ടൂവെന്ന്,'(ചിരി).

ശരിക്കും എനിക്ക് കിട്ടേണ്ടതായിരുന്നു. എനിക്ക് കിട്ടിയതാകട്ടെ 14 ാം സ്ഥാനം. പതിനാല് ജില്ലയല്ലേ ഉള്ളൂ. അതുകൊണ്ട് എനിക്ക് പതിനാലാം സ്ഥാനം കിട്ടി. ഞാന്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചാണ് പോയത്. പൊന്നാനിയിലാണ് പഠിച്ചത്. പ്ലസ് ടു എക്‌സാമിന് തയ്യാറെടുക്കുമ്പോള്‍ തന്നെ പരീക്ഷ കഴിഞ്ഞാല്‍ കമല്‍സാറിനെ പോയി കാണണമെന്ന് പ്ലാന്‍ ചെയ്തിരുന്നെന്നും ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഏഴാം ക്ലാസ് വരേയേ ഞാന്‍ പൊന്നാനിയില്‍ പഠിച്ചിട്ടുള്ളൂ. പിന്നെ എട്ടാം ക്ലാസ് മുതല്‍ ആണ്‍കുട്ടികള്‍ക്ക് അവിടെ സ്ഥാനമില്ല, ഇവരെ മേക്കാനാവില്ലെന്ന് പറഞ്ഞ് ഗേള്‍സ് ഓണ്‍ലി ആക്കിയതാണ്. ശരിക്കും പെണ്‍കുട്ടികളെ മേക്കാനാണ് ബുദ്ധിമുട്ടെന്ന് അവര്‍ പിന്നീട് തിരിച്ചറിഞ്ഞു.

ആണ്‍കുട്ടികള്‍ പേടിയുള്ള ആള്‍ക്കാരാണ്. രണ്ടടി കൊടുത്താല്‍ അവരുടെ കാര്യം കഴിഞ്ഞു. പെണ്‍കുട്ടികള്‍ അങ്ങനെയല്ല ട്രിക്കിയാണ്. എനിക്ക് രണ്ട് പെങ്ങന്‍മാരുണ്ടല്ലോ. അങ്ങനെ പൊന്നിനിയില്‍ നിന്നും ഞാന്‍ തൃശൂരിലേക്ക് വന്നു.

ഹോസ്റ്റലിലായിരുന്നു. സ്‌കൂള്‍ ആണെങ്കില്‍ ബോയ്‌സ് ഓണ്‍ലി. പെണ്‍കുട്ടികള്‍ ഇല്ലാത്ത സ്ഥലത്ത് എങ്ങനെ പോകാന്‍ തോന്നും. എനിക്ക് ആകെ പ്രശ്‌നമായി. ഞാന്‍ ഗ്ലൂമിയായി. ഒരു എനര്‍ജിയും ഇല്ല. അങ്ങനെ സൈക്കോളജിസ്റ്റിന്റെ അടുത്ത് വരെ കൊണ്ടുപോയി. അവര്‍ എനിക്ക് ഒരു പ്രശ്‌നവും ഇല്ല എന്ന് പറഞ്ഞു. എനിക്ക് 0 മാര്‍ക്ക് വരെ കിട്ടിയ സബ്ജക്ടുണ്ട്,’ ഷൈന്‍ പറയുന്നു.

സംവിധായകന്‍ കമലിനൊപ്പം ചെയ്ത വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തെ കുറിച്ചും ഷൈന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ആശാനിലേക്ക് തിരിച്ചെത്തിയപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന് തന്റെ ആദ്യത്തെ പടവും നൂറാമത്തെ പടവും സാറിനൊപ്പമാണെന്നും ഇത്രയും പടം ചെയ്‌തെങ്കിലും സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ടെന്‍ഷനായിരുന്നു എന്നുമാണ് ഷൈന്‍ നല്‍കിയ മറുപടി. ചെയ്യുന്നത് വര്‍ക്കാവുന്നുണ്ടോ ഇല്ലയോ, വര്‍ക്കായില്ലെങ്കില്‍ സാര്‍ പറയുമോ എന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ഷൈന്‍ പറഞ്ഞു.

Content Highlight: Shine Tom Chacko about navya Nair

We use cookies to give you the best possible experience. Learn more