2026 ടി-20 ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരെ 254 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറുമായി വെസ്റ്റ് ഇന്‍ഡീസ്. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വേയ്‌ക്കെതിരെയാണ് വിന്‍ഡീസ് റണ്‍മല പടുത്തുയര്‍ത്തിയത്.
സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ വെടിക്കെട്ടാണ് വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് ഫോറിന്റെയും ഏഴ് സിക്‌സറിന്റെയും അകമ്പടിയോടെ 250.00 സ്‌ട്രൈക് റേറ്റില്‍ 85 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്.
ഈ സിക്‌സര്‍ മഴയ്ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ഐ.സി.സി ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് ഹെറ്റ്മയര്‍ സ്വന്തമാക്കിയത്.
ലോകകപ്പില്‍ ഇതിനോടകം 17 സിക്‌സറാണ് അടിച്ചുകൂട്ടിയത്. ഈ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് ഇനിയും മത്സരമുണ്ടെന്നിരിക്കവെയാണ് ഹെറ്റിയുടെ നേട്ടമെന്നതും ശ്രദ്ധേയമാണ്.
മത്സരത്തിനിടെ റോവ്മന്‍ പവലിനൊപ്പം
(താരം – ടീം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 2026*
നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 2024
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 16 – 2012
റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – 16 – 2024
ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 15 – 2012
മര്‍ലണ്‍ സാമുവല്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 15 – 2012
ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 15 – 2024
രോഹിത് ശര്‍മ – ഇന്ത്യ – 15 – 2024
മത്സരത്തില്‍ ഹെറ്റിക്ക് പുറെ റോവ്മന്‍ പവലും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 35 പന്ത് നേരിട്ട് 59 റണ്‍സാണ് കരിബീയന്‍ പവര്‍ഹൗസ് അടിച്ചെടുത്തത്.
ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (13 പന്തില്‍ പുറത്താകാതെ 31), റൊമാരിയോ ഷെപ്പേര്‍ഡ് (10 പന്തില്‍ 21), ജേസണ്‍ ഹോള്‍ഡര്‍ (നാല് പന്തില്‍ 13) എന്നിവരുടെ പ്രകടനവും വിന്‍ഡീസ് നിരയില്‍ നിര്‍ണായകമായി.
എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 21 റണ്‍സും കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കരീബിയന്‍ പടയെ സഹായിച്ചു.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 254ലെത്തി.
ഷെവ്‌റോണ്‍സിനായി ബ്ലെസ്സിങ് മുസരബാനിയും റിച്ചാര്‍ഡ് എന്‍ഗരാവയും രണ്ട് വിക്കറ്റ് വീതവും ഗ്രയാം ക്രീമര്‍, ബ്രാഡ് ഇവാന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: Shimron Hetmyer tops the list of most sixes in a T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ