വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ക്കെതിരെ മികച്ച സ്‌കോറുമായി വെസ്റ്റ് ഇന്‍ഡീസ്. സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ 308 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്. സൂപ്പര്‍ താരം കെയ്‌സി കാര്‍ട്ടിയുടെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറും വെസ്റ്റ് ഇന്‍ഡീസ് നിരയിലുണ്ടായിരുന്നു. ഐ.പി.എല്‍ ക്യാമ്പെയ്‌നിന് ശേഷം താരം ദേശീയ ടീമിനൊപ്പം കളത്തിലിറങ്ങിയ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.
എന്നാല്‍ ഐ.പി.എല്ലില്‍ നിരാശനാക്കിയ പോലെ വിന്‍ഡീസിനൊപ്പം തിരിച്ചെത്തിയ ആദ്യ മത്സരത്തിലും ഹെറ്റി തന്റെ മോശം ഫോം ആവര്‍ത്തിച്ചു. നാല് പന്തില്‍ നാല് റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഒരു ബൗണ്ടറി പോലും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നില്ല.
ഐ.പി.എല്‍ മെഗാ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ പ്രധാനിയായിരുന്നു ഷിംറോണ്‍ ഹെറ്റ്‌മെയര്‍. ജോസ് ബട്‌ലറിനെയടക്കം ലേലത്തില്‍ വിട്ടുകളഞ്ഞ രാജസ്ഥാന്‍ നിലനിര്‍ത്തിയ ഏക വിദേശ താരവും ലേലത്തിന് ശേഷം ടീമിനൊപ്പമുണ്ടായിരുന്ന ഏക വിദേശ ബാറ്ററും ഹെറ്റ്‌മെയറായിരുന്നു.
എന്നാല്‍ ടീം തനിക്ക് മേല്‍ വെച്ചുപുലര്‍ത്തിയ പ്രതീക്ഷ കാക്കാന്‍ ഹെറ്റ്‌മെയറിനായില്ല. ഫിനിഷറായി ടീമിലെത്തിയ താരം ടീമിനെയാകെ ഫിനിഷ് ചെയ്യുകയായിരുന്നു. ജയിക്കാന്‍ സാധ്യതയുള്ള പല മത്സരങ്ങളും ടീമിലെ മറ്റൊരു ഫിനിഷറായ ധ്രുവ് ജുറെലിനൊപ്പം ചേര്‍ന്ന് പരാജയപ്പെടുത്തിയതിലും ഹെറ്റ്‌മെയറിന്റെ പങ്ക് വളരെ വലുതായിരുന്നു.
രാജസ്ഥാന്‍ നിരയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചവരില്‍ ഹെറ്റ്‌മെയറിന്റെ പേര് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.
അതേസമയം, മത്സരത്തില്‍ കെയ്‌സി കാര്‍ട്ടി 105 പന്ത് നേരിട്ട് 103 റണ്‍സ് നേടിയാണ് കളം വിട്ടത്. 13 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
കാര്‍ട്ടിക്ക് പുറമെ ക്യാപ്റ്റന്‍ ഷായ് ഹോപ്പും മികച്ച പ്രകടനം പുറത്തെടുത്തു. 66 പന്തില്‍ 78 റണ്‍സാണ് താരം അടിച്ചെടുത്തത്. 67 പന്ത് നേരിട്ട് 59 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ കിങ്ങിന്റെ ചെറുത്തുനില്‍പ്പും വിന്‍ഡീസ് നിരയില്‍ കരുത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടമായി. ജെയ്മി സ്മിത്തിനെ ജെയ്ഡന്‍ സീല്‍സ് പുറത്താക്കിയപ്പോള്‍ ബെന്‍ ഡക്കറ്റിനെ മാത്യു ഫോര്‍ഡും തിരിച്ചയച്ചു.
നിലവില്‍ 28 ഓവര്‍ പിന്നിടുമ്പോള്‍ 153ന് അഞ്ച് എന്ന നിലയിലാണ് ആതിഥേയര്‍. 73 പന്തില്‍ 66 റണ്‍സുമായി ജോ റൂട്ടും 16 പന്തില്‍ 14 റണ്‍സുമായി വില്‍ ജാക്‌സുമാണ് ക്രീസില്‍.
Content Highlight: Shimron Hetmyer’s poor form continues