ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ സിംബാബ്വേയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 107 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് നേടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 255 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിംബാബ്‌വേയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 17.4 ഓവറില്‍ 147ന് ഷെവ്റോണ്‍സ് പുറത്താകുകയായിരുന്നു.
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് വിന്‍ഡീസിന്റെ വെടിക്കെട്ട് വീരന്‍ ഷിംറോണ്‍ ഹെറ്റ്മെയറാണ്. 34 പന്തില്‍ ഏഴ് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 85 റണ്‍സാണ് താരം സ്വന്തമാക്കിയത്. 250 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഹെറ്റ്മെയറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മാത്രമല്ല താരത്തിനാണ് പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും.
തകര്‍പ്പന്‍ പ്രകടനത്തോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് മത്സരത്തില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമാകാനാണ് ഹെറ്റ്‌മെയര്‍ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷനം മറികടന്നാണ് ഹെറ്റി മുന്നിലെത്തിയത്.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (വെസ്റ്റ് ഇന്‍ഡീസ്) – 85 – സിംബാബ്‌വേ (2026)
ഇഷാന്‍ കിഷന്‍ (ഇന്ത്യ) – 61 – നമീബിയ (2026)
മൈക്കല്‍ ഹസി (ഓസ്‌ട്രേലിയ) – 60 – പാകിസ്ഥാന്‍ (2010)
മാര്‍ക്കസ് സ്റ്റോയിനിസ് (ഓസട്രേലിയ) – 59 – ശ്രീലങ്ക (2022)
യുവരാജ് സിങ് (ഇന്ത്യ) – 58 – ഇംഗ്ലണ്ട് (2007)
മാത്രമല്ല നിലവില്‍ ടി-20 ലോകകപ്പ് 2026ല്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരമാകാനും ഹെറ്റിക്ക് സാധിച്ചു. കളിച്ച അഞ്ച് മത്സരത്തില്‍ നിന്ന് 219 റണ്‍സും 17 സിക്സും 15 ഫോറുമാണ് താരം നേടിയത്. 185.59 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്.
Content Highlight: Shimron Hetmyer becomes highest scorer with 250+ strike rate in T20 World Cup