ഇതിഹാസ താരം എം.എസ്. ധോണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ക്യാപ്റ്റനായിരുന്നപ്പോള്‍ ധോണി താരങ്ങളെ വളര്‍ത്തിയെടുത്ത രീതിയും അവരെ ചാമ്പ്യന്മാരാക്കി മാറ്റിയതും അതിശയകരമായ കാര്യമായിരുന്നെന്ന് ധവാന്‍ പറഞ്ഞു. ഒരു മികച്ച നേതാവിനുണ്ടാകേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നുവെന്നും താന്‍ ഫോം ഔട്ട് ആയപ്പോള്‍ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന താരമാണ് ഞാനെന്ന് അദ്ദേഹം വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്‌തെന്ന് ധവാന്‍ കൂട്ടിച്ചേര്‍ത്തു.
‘എം.എസ്. ധോണി താരങ്ങളെ വളര്‍ത്തിയെടുത്ത രീതിയും അവരെ ചാമ്പ്യന്മാരാക്കി മാറ്റിയതും അതിശയകരമായിരുന്നു. ആദ്യ ടി-20 ലോകകപ്പ് നേടിയപ്പോഴും അദ്ദേഹം വളരെ ശാന്തനും സമചിത്തനുമായിരുന്നു. ഒരു മികച്ച ക്യാപ്റ്റനുണ്ടാകേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.
എനിക്കും അദ്ദേഹം വലിയ പിന്തുണയാണ് നല്‍കിയത്. ഞാന്‍ മികച്ച പ്രകടനം നടത്താതിരുന്നപ്പോഴും, മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന താരമാണ് ഞാനെന്ന് അദ്ദേഹം വിശ്വസിക്കുകയും എനിക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുകയും ചെയ്തു.
ഒരു ക്യാപ്റ്റനില്‍ നിന്ന് അത്തരമൊരു പിന്തുണ ലഭിക്കുന്നത് ഒരു താരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് എം.എസ്. ധോണിയോട് എനിക്ക് വലിയ നന്ദിയുണ്ട്,’ ശിഖര്‍ ധവാന്‍ ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമാണ് ധോണി. 2007ല്‍ ആദ്യമായി ഇന്ത്യയ്ക്ക് ടി-20 ലോകകപ്പ് നേടിത്തന്ന ധോണി 2011ല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ ഏകദിന ലോകകപ്പിലും ചാമ്പ്യന്‍മാരാക്കി. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വീണ്ടും ഇന്ത്യയ്ക്ക് ഐ.സി.സി കിരീടം നേടിക്കൊടുക്കാന്‍ ധോണിക്ക് സാധിച്ചു. മൂന്ന് ഐ.സി.സി ട്രോഫികള്‍ നേടുന്ന ആദ്യ ക്യാപ്റ്റനുമാണ് ധോണി.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും മികച്ച സംഭാവനകള്‍ ചെയ്ത ബാറ്ററാണ് ശിഖര്‍ ധവാന്‍. ഏകദിനത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് നേടിയിട്ടുള്ളത്. 17 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന്‍ ഏദകിനത്തില്‍ നേടിയത്.
ടി-20യില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്. 11 ഫിഫ്റ്റിയും ധവാന്‍ ടി-20യില്‍ നേടിയിട്ടുണ്ട്. 34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന്‍ നേടിയത്. താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് 2018ലായിരുന്നു.
Content Highlight: Shikhar Dhawan Talking About M.S Dhoni