ഇന്ത്യന്‍ യുവവിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. 15-16 വയസില്‍ തന്നെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ എത്തുകയെന്നത് വലിയ കാര്യമാണെന്നും ഭാവിയിലും സൂര്യവംശിയുടെ പ്രകടനം മികച്ചതാവുമെന്നുമാണ് ധവാന്‍ പറഞ്ഞത്. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍.
‘അദ്ദേഹം വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. 15-16 വയസില്‍ ഇന്റര്‍നാഷണല്‍ തലത്തില്‍ എത്തിയത് വലിയ കാര്യമാണ്. ഐ.പി.എല്ലിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. ഫോറുകളും സിക്സറുകളും നേടുന്ന രീതി ശരിക്കും അതിശയിപ്പിക്കുന്നതാണ്. കഴിവ് മാത്രം ഉണ്ടായാല്‍ പോരാ അതിന്റെ കൂടെ മികച്ച ആത്മവിശ്വാസവും മനസും വേണം. ഇത് 15 വയസില്‍ ഉണ്ടാവുകയെന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പ്രകടനവും ഭാവിയും വളരെ മികച്ചതാവുമെന്ന് എനിക്കുറപ്പുണ്ട്,’ ശിഖര്‍ ധവാന്‍ പറഞ്ഞു.
അയര്‍ലാന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലാണ് വൈഭവ് ആദ്യമായി ഇടം നേടിയത്. എന്നാല്‍ ഈ പരമ്പരയില്‍ താരത്തിന് അരങ്ങേറ്റം കുറിക്കാനായില്ല. പിന്നീട് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലായിരുന്നു 15കാരന് അവസരം ലഭിച്ചത്. എന്നാല്‍ ഈ പരമ്പരയില്‍ വൈഭവിന് തിളങ്ങാന്‍ സാധിക്കാതെ പോയി.
പിന്നീട് നടന്ന സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു വൈഭവ് പുറത്തെടുത്തത്. സിംബാബ്‌വേ പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലുമാണ് 15കാരന്‍ ഫിഫ്റ്റി നേടിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
അവസാന മത്സരത്തില്‍ 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.
Content Highlight: Shikhar Dhawan praise Vaibhav Suryavanshi