കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഷിഗെല്ല രോഗബാധ പടര്‍ന്നുപിടിക്കുന്നത് തടയാന്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. രോഗബാധ ഏറ്റവും രൂക്ഷമായി റിപ്പോര്‍ട്ട് ചെയ്ത നെന്മേനി ഗ്രാമപഞ്ചായത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി.
പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് താത്ക്കാലിക ചന്തകള്‍, റാലികള്‍ എന്നിവ പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കണം. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി, നെന്മേനി, അമ്പലവയല്‍, നൂല്‍പ്പുഴ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 14 വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂള്‍ അവധി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ ആദ്യഘട്ടത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം പ്രൊഫഷണല്‍ കോളേജുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഹോസ്റ്റലുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും. അതേസമയം, റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും ഈ അവധി ബാധകമല്ല.
ജില്ലയില്‍ നിലവില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗെല്ല രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ നൂറിലേറെ കുട്ടികള്‍ രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ അഡ്മിറ്റ് ആയിട്ടുണ്ടെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രേഖ നല്‍കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 502 പേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
ബുധനാഴ്ച മാത്രം നാലുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 44 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. രോഗബാധയുടെ തുടക്കം മുതല്‍ ഇതുവരെ ആകെ 164 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. പരിശോധനാ വിവരങ്ങളും ടെസ്റ്റ് റിസള്‍ട്ടുകളും കൃത്യമായ സമയത്ത് പൊതുസമൂഹത്തിന് ലഭ്യമാകുന്നില്ലെന്ന പരാതിയും ഇതിനിടയില്‍ ഉയരുന്നുണ്ട്.
അതേസമയം അധ്യയനവര്‍ഷാരംഭത്തില്‍ സ്‌കൂളുകളില്‍ നടക്കേണ്ടിയിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണവും ഇത്തവണ വേണ്ടവിധം നടക്കാത്തതാണ് രോഗം പടരാന്‍ പ്രധാന കാരണമെന്ന വിമര്‍ശനം ശക്തമാണ്. ഉത്തരവാദപ്പെട്ട അധികാരികളില്‍ ചിലര്‍ ജനങ്ങളുടെ ആശങ്കകളെയും വിമര്‍ശനങ്ങളെയും ഗൗരവമായി കാണാതെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വിഷയത്തില്‍ ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് രംഗത്തെത്തി. വയനാട്ടില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘രോഗം സ്ഥിരീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. മാരകമായ ഈ പകര്‍ച്ചവ്യാധിക്കെതിരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും പൂര്‍ണ്ണ പരാജയമാണ്. വയനാട് ജില്ലയിലെ അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഏകോപിപ്പിച്ച് കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേന്ദ്രസംഘം നേരിട്ടെത്തി നിയന്ത്രണം ഏറ്റെടുക്കണം,’ മാത്യു ടി. തോമസ് ആവശ്യപ്പെട്ടു.
രോഗവ്യാപനം തടയാന്‍ നാടൊന്നാകെ കൈകോര്‍ക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി രോഗനിരീക്ഷണം നടത്തുന്നുണ്ട്. ഇതിനോടകം 1719 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. പ്രദേശത്തെ 969 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും, നിര്‍ജ്ജലീകരണം തടയുന്നതിനായി 727 ഒ.ആര്‍.എസ് പാക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. രോഗബാധിത പ്രദേശങ്ങളിലും പരിസരങ്ങളിലും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് മൈക്ക് അനൗണ്‍സ്‌മെന്റ് വഴിയുള്ള ബോധവല്‍ക്കരണവും നടക്കുന്നുണ്ട്.
നിലവില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സമ്പര്‍ക്ക പട്ടിക താലൂക്ക് ആരോഗ്യ കേന്ദ്രത്തില്‍ തയ്യാറാക്കി വരികയാണ്. ഇവരെ വരും ദിവസങ്ങളില്‍ കൃത്യമായി നിരീക്ഷിക്കും.
രോഗം പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയ്‌ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യാനും, ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനും ഹോട്ടല്‍ ഇന്റലിജന്‍സ് വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ഉച്ചഭക്ഷണശാലകളിലെ പരിസര ശുചിത്വം ഉറപ്പുവരുത്തണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ഉണ്ടാകും.
രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന ആളുകള്‍ യാതൊരു കാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരരുതെന്നും, നിര്‍ബന്ധമായും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവൂ. ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
Content Highlight: Shigella Scare in Wayanad:Heavy Criticism Over Major Lapse in School Cleaning