| Sunday, 13th September 2026, 2:25 pm

എയര്‍ഫോഴ്‌സില്‍ പഠിക്കുന്ന യുവാക്കള്‍ 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു' എന്നൊന്നും പാടില്ല, അവരുടെ ആഗ്രഹങ്ങളാണ് ആ പാട്ടിലുള്ളത്: ഷിബു ചക്രവര്‍ത്തി

അമര്‍നാഥ് എം.

മലയാളസിനിമയിലെ അണ്ടര്‍റേറ്റഡായിട്ടുള്ള വ്യക്തികളിലൊരാളാണ് ഷിബു ചക്രവര്‍ത്തി. 40 വര്‍ഷത്തിലേറെയായി മലയാളസിനിമയുടെ ഭാഗമായി അദ്ദേഹം പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഗാനരചയിതാവായി കടന്നുവന്ന് പിന്നീട് തിരക്കഥാരചനയിലും പോസ്റ്റര്‍ ഡിസൈനിങ്ങിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോഷിയുടെ അന്ന എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ ‘യവനകഥയില്‍’ എന്ന ഗാനം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. തിയേറ്ററുകളില്‍ ചരിത്രവിജയം നേടി മുന്നേറുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലാണ് അന്നയിലെ പാട്ട് വീണ്ടും കേട്ടത്.

ഷിബു ചക്രവര്‍ത്തി Photo: Screen grab/ Youtube

ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഡ്രോപ്പായ സിനിമയില്‍ എല്ലാവരും മറന്നുതുടങ്ങിയ പാട്ടിന് വര്‍ഷങ്ങള്‍ക്കിപ്പുറം പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. ഷിബു ചക്രവര്‍ത്തി എന്ന പേര് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഓര്‍മ വരുന്ന പാട്ടുകളിലൊന്നാണ് സൈന്യത്തിലെ ‘ബാഗി ജീന്‍സും ഷൂസുമണിഞ്ഞ്’.

ദിലീപ്, ചിയാന്‍ വിക്രം, അബി, പ്രിയാരാമന്‍ തുടങ്ങി അന്നത്തെ യുവതാരങ്ങള്‍ അണിനിരന്ന ഗാനം വ്യത്യസ്തമായ വരികള്‍ കൊണ്ടും ട്യൂണ്‍ കൊണ്ടും പലരുടെയും പ്ലേലിസ്റ്റില്‍ ഇടംനേടി. ഈ പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ഷിബു ചക്രവര്‍ത്തി. ആ പാട്ട് അങ്ങനെ വേണമെന്നത് തന്റെ തീരുമാനമയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാഗി ജീന്‍സും’ Photo: Millennium songs/ YouTube

‘ആ പാട്ട് അങ്ങനെ വേണമെന്നത് എന്റെ നിര്‍ബന്ധമായിരുന്നു. കാരണം, ആ സിനിമയുടെ കഥ നടക്കുന്ന എയര്‍ഫോഴ്‌സ് അക്കാദമിയിലാണ്. അവിടെ പല നാടുകളില്‍ നിന്നുള്ള ആളുകളാണ് പഠിക്കുന്നത്. അവിടെ പഠിക്കുന്നവരെല്ലാം വെവ്വേറെ നാടുകളില്‍ നിന്നുള്ളവരാണെങ്കിലും അവരുടെ പൊതുവായിട്ടുള്ള ചിന്തകള്‍ ഒരുപോലെയായിരിക്കും. എന്റെ മകള്‍ പഠിക്കുന്നത് ഒരു നാഷണല്‍ സ്‌കൂളിലാണ്. പല നാടുകളില്‍ നിന്നുള്ളവരാണ് അവിടെയുള്ളത്. അവരും ഇതുപോലെ തന്നെയാണ്.

സൈന്യത്തിലെ പാട്ട് എഴുതാനിരിക്കുമ്പോള്‍ എന്റെ ചിന്തയും അതുപോലെയായിരുന്നു. പല നാടുകളില്‍ നിന്നുള്ള യുവാക്കള്‍. അവര്‍ക്കിടയിലേക്ക് വരുന്ന, പുതിയതായി ജോയിന്‍ ചെയ്യുന്ന ഒരു പെണ്‍കുട്ടി. അവര്‍ ഒന്നിച്ച് ആടിയും പാടിയും നില്‍ക്കുമ്പോള്‍ അതിലെ വരികള്‍ ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന പാട്ടാകില്ലല്ലോ.

അന്നത്തെ ട്രെന്‍ഡിങ് സാധനങ്ങളായ ബാഗി ജീന്‍സ്, 100 സി.സി ബൈക്ക് എന്നിവയും ബോളിവുഡ് താരം പൂജാ ഭട്ടുമൊക്കെ ആ പാട്ടില്‍ വന്നുപോയത് അങ്ങനെയാണ്. ഇന്നും ആ പാട്ട് ആളുകള്‍ക്കിടയില്‍ ഹിറ്റായി നില്‍ക്കുന്നത് അതൊക്കെ കൊണ്ടാണ്,’ ഷിബു ചക്രവര്‍ത്തി പറയുന്നു.

Content Highlight: Shibu Chakravarthy about his iconic song in Sainyam movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more