| Wednesday, 22nd October 2025, 2:35 pm

പറഞ്ഞ കഥയല്ല സിനിമയായി വന്നത്; പ്രതീക്ഷകൾ ഹൈ ആയത് ചിത്രത്തിന് തിരിച്ചടിയായി: വാലിബന്റെ പരാജയത്തിൽ ഷിബു ബേബി ജോൺ

എന്‍ ആര്‍ ഐ ഡെസ്ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ആരാധകർക്ക് വൻ പ്രതീക്ഷയുണ്ടായിരുന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വൻ ഹൈപ്പിലായിരുന്നു.

എന്നാൽ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. നിരവധി ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തു. രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയോട് കൂടിയായിരുന്നു വാലിബൻ അവസാനിപ്പിച്ചത്. എന്നാൽ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് പറയുകയാണ് വാലിബന്റെ നിർമാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ.

‘വാലിബൻ ഒറ്റ ഭാഗമായി മാത്രം ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമയാണ്. അതിന്റെ കഥയാണ് സംവിധായകൻ ഞങ്ങളോട് പറഞ്ഞത്. കഥ കേട്ടപ്പോൾ 10 മിനിറ്റ് കൊണ്ട് മോഹൻലാൽ ഓക്കെ എന്നുപറഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ ഷൂട്ടിങ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ, എന്തുകൊണ്ടോ ആ കഥയിൽ ചില മാറ്റങ്ങൾ അറിയാതെ കടന്നുവന്നു, പല തടസങ്ങളും പ്രതിസന്ധികളും കാരണമായിരിക്കാം. ഞാൻ ആരെയും കുറ്റം പറയുന്നില്ല. പക്ഷേ അങ്ങനെയൊരു മാറ്റം സംഭവിച്ചു,’ ഷിബു ബേബി ജോൺ പറയുന്നു.

ഒരു ഘട്ടമെത്തിയപ്പോൾ രണ്ട് പാർട്ടായി ഇറക്കാമെന്നുള്ള തീരുമാനമായി എന്നും എന്നാൽ ആ തീരുമാനത്തെ താനും മോഹൻലാലും അടക്കം എല്ലാവരും വിമർശിച്ചുവെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

ആദ്യം പറഞ്ഞ സിനിമ തന്നെ എടുത്താൽ മതിയെന്ന അഭിപ്രായം താൻ പറഞ്ഞുവെന്നും എന്നാൽ അതല്ല കഥയായി വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷകൾ ഹൈ ആയതും സിനിമക്ക് തിരിച്ചടിയായി. എന്തായാലും രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. ചാപ്റ്റർ 4 എന്ന യൂട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: High expectations were a setback for the film: Shibu Baby John on the failure of Valiban

We use cookies to give you the best possible experience. Learn more