| Saturday, 9th May 2026, 3:54 pm

ആ വീഴ്ചയിൽ മകനല്ലാതെ ആരും എന്റെ അടുത്തേക്ക് വന്നില്ല:ഷിബൻ ലാൽ

അമര്‍നാഥ് എം.

“ബയോപിക് ഓഫ് എ ബില്യൺ ബ്രോസ് ” എന്ന ടാഗ്‌ലൈനോടുകൂടെ എത്തി മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമായിരുന്നു വാഴ 2. ഒരു കൂട്ടം സോഷ്യൽ മീഡിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ചിത്രം യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ഈറനണിയിച്ചു.

വാഴ 2 Photo: Theatrical poster

ചിത്രത്തിൽ ബിജു കുട്ടൻ പടക്കം പൊട്ടിച്ചോടുന്നതിനിടയിൽ റോഡിൽ വീഴുന്ന സീൻ തമാശക്കുമപ്പുറം വൈകാരികമായാണ് പ്രേക്ഷകർ സ്വീകരിച്ചത്. 2014 ലെ ഒരു വിഷുദിനത്തിൽ പടക്കം പൊട്ടിച്ച ശേഷം ഓടിവീഴുന്ന ഒരച്ഛന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എല്ലാ വർഷവും വിഷുദിനമായാൽ വീഡിയോ വീണ്ടും വൈറലാകുന്നത് പതിവാണ്.

ആ ദൃശ്യങ്ങൾ കണ്ടു ഏറെ ചിരിച്ചവരാണ് നമ്മളെല്ലാവരും.എന്നാൽ തമാശക്കുമപ്പുറം വേദനിപ്പിക്കുന്ന ഓർമ്മകളാണ് റിയൽ ലൈഫിലെ ഷിബൻ ലാൽ എന്ന വ്യക്തിക്ക് പറയാനുള്ളത്. വർഷങ്ങൾക്കിപ്പുറം വാഴ എന്ന ചിത്രത്തിലൂടെയാണ് അതിന്റെ വൈകാരിക വശം ജനങ്ങൾ തിരിച്ചറിയുന്നത്.

വാഴ 2 Photo: Screen grab/ Think Music India

12 വർഷങ്ങൾക്ക്‌ ശേഷം ആണ് അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകൾ അദ്ദേഹം പങ്കുവെക്കുന്നത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷിബൻ ലാലിന്റെ ഈ വൈകാരികമായ തുറന്നു പറച്ചിൽ.

“ബിജുക്കുട്ടൻ അവതരിപ്പിച്ച ആ കഥാപാത്രം ശെരിക്കും എന്റെ ലൈഫിൽ സംഭവിച്ചതാണ്. ചിത്രത്തിലേതു പോലെത്തന്നെ എന്റെ മോനെ സന്തോഷിപ്പിക്കാനാണ് ഞാൻ അന്ന് പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടി എന്ന ധാരണയിലാണ് ഞാൻ അന്ന് ഓടിയത്. ആ വീഴ്ചയിൽ ശെരിക്കും ഇന്നത്തെ ഇരു അവസ്ഥയിലാണെങ്കിൽ ഞാൻ മരിച്ചു പോകും. തള്ളവിരലുകൾ മുറിഞ്ഞു ഒരാഴ്ച ആശുപത്രിയിൽ ആയിരുന്നു. ഇതെല്ലം കണ്ടിട്ടും ആരും എന്നെ എടുക്കാൻ വന്നില്ല,അഞ്ചാം ക്ലാസിൽ പഠിക്കുന്ന എന്റെ മകനൊഴിച്ച് .

എന്നോട് ആളുകൾ കാണിക്കുന്ന ഒരു ക്രൂരതയായിരുന്നു അത്. എല്ലാവർക്കും അത് ഒരു തമാശയായിരുന്നു. എന്നാൽ നമ്മളനുഭവിച്ച ബുദ്ധിമുട്ടുകൾ അവർ അറിയുന്നില്ല. മരണവീട്ടിൽ പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. നിനക്കെന്തു പറ്റിയെന്നോ,നിന്റെ ഫാമിലിക്ക് ഇതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകൾ എന്താണെന്നോ ഇന്നുവരെയും ആരും ചോദിച്ചിട്ടില്ല. എല്ലാവരും എന്നെ മദ്യപാനി ആക്കി. വളരെ മോശമായ രീതിയിൽ ആണ് ആളുകൾ കമന്റ് ചെയ്തത്.

ഷിബൻ ലാൽ Photo: Screen grab/ Club FM

എല്ലാ ദീപാവലിക്കും,വിഷുവിനും ഞാൻ എന്റെ ഫോൺ ഓഫ് ചെയ്യും. എന്നെ ഏറെ വേദനിപ്പിച്ചത് എന്റെ മകനുണ്ടായ ബുദ്ധിമുട്ടാണ്. ക്ലാസിലെ കൂട്ടുകാർ കളിയാക്കുമായിരുന്നു. അവസാനം അവനെ കൗൺസിലിംഗിന് കൊണ്ടുപോകേണ്ടി വന്നു. അവൻ പുറത്തേക്കിറങ്ങാതെയായി. മാനസികമായി എല്ലാ ബുദ്ധിമുട്ടും അവനുണ്ടായി. നാളെ ഒരാൾക്ക് ഇതുണ്ടാവുമ്പോൾ അത് കോമഡി ആക്കാതെ അദ്ദേഹത്തതിന് എന്ത് പറ്റി എന്നാണ് ചോദിക്കേണ്ടത്.

ഞാൻ മരിക്കുന്നതു വരെ ഇത് എന്നെ പിന്തുടരും ” സോഷ്യൽ മീഡയയിലെ ദൃശ്യങ്ങൾ കണ്ടു ചിരിച്ചവരൊക്കെയും തിയേറ്ററുകളിൽ എത്തിയപ്പോൾ നിറകണ്ണുകളോടെയാണ് ആ സീൻ കണ്ടത്. സിനിമ കണ്ട ശേഷം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ബിജുകുട്ടനെ ഷിബൻ ലാൽ നേരിട്ട് ചെന്ന് കണ്ടിരുന്നു.

ഇരുവരും ഒരുമിച്ചുള്ള ചിത്രം വൈകാരികമായ അടിക്കുറിപ്പോടുകൂടിയാണ് സിനിമ താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. അഭിമുഖം പുറത്തു വന്നതോടെ ആ ദൃശ്യം കണ്ടു ചിരിച്ചതിന് കമന്റ് ബോക്സിൽ ക്ഷമചോദിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സിനിമ ഇറങ്ങിയതോടുകൂടി തനിക്കു ഏറെ ആശ്വാസം ആയി എന്നും ആളുകൾ സത്യാവസ്ഥ തിരിച്ചറിഞ്ഞു എന്നും ഷിബൻ ലാൽ അഭിമുഖത്തിൽ പറഞ്ഞു.

Content Highlight: Shiban Lal explains his life after the viral video

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more