| Sunday, 1st March 2026, 12:13 pm

ഖാംനഇയുടെ കൊലപാതകം; കശ്മീരിലും പ്രതിഷേധം

നിഷാന. വി.വി

ശ്രീനഗര്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയുടെ കൊലപാതകത്തില്‍ കശ്മീരിലും പ്രതിഷേധം.

നൂറ് കണക്കിന് കശ്മീരി ഷിയാ മുസ്‌ലിങ്ങളാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രതിഷേധക്കാര്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു.

യു.എസ് ഇസ്രഈല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് സമാധാനപരമായാണ് പ്രതിഷേധ പ്രകടനം നടന്നതെന്ന് കശ്മീരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിയ സാത് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ വിപ്ലവകാരിയായ പരമോന്നത നേതാവ് അലി ഖമേനി ഇനിയില്ല എന്ന വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു. യുഎസും ഇസ്രഈലും അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി. ഈ സംഭവത്തില്‍ ഞങ്ങള്‍ എല്ലാവരും ദുഃഖിതരാണ്,’ പ്രതിഷേധക്കാരില്‍ ഒരാള്‍ പ്രതികരിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍- ഇറാന്‍ സംയുക്ത വ്യോമാക്രമണത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെങ്കിലും ഞായറാഴ്ചയായിരുന്നു ഇറാന്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഖാംനഇ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി ട്രംപ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ ആദ്യം തള്ളികളഞ്ഞെങ്കിലും പിന്നീട് മരണ വിവരം സ്ഥിരീകരിക്കുകയായിരുന്നു.

ഖാംനഇയുടെ മരണത്തെ തുടര്‍ന്ന് ഇറാന്‍ 40 ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Shia Muslims in Kashmir protest Khamenei’s assassination

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more