വരിക്കാശ്ശേരി മനയില്‍ തളച്ചിടപ്പെട്ട മലയാളസിനിമയെ മനുഷ്യരുടെ ഇടയിലേക്കെത്തിച്ചത് കൊച്ചിയിലെ ഒരുകൂട്ടം സിനിമാക്കാരായിരുന്നു. അമല്‍ നീരദ്, ആഷിക് അബു, മാര്‍ട്ടിന്‍ പ്രക്കാട്ട്, അന്‍വര്‍ റഷീദ് തുടങ്ങിയ യുവസംവിധായകര്‍ ഇന്‍ഡസ്ട്രിയുടെ ദിശമാറ്റി. ഇവരുടെ പിന്നാലെ ദിലീഷ് പോത്തനെപ്പോലുള്ള സംവിധായകരും മലയാളസിനിമക്ക് പുതിയൊരു മാനം സൃഷ്ടിച്ചു.
എന്നാല്‍ മലയാളസിനിമയുടെ ഈ മാറ്റം ഇഷ്ടമാകാത്ത ചില പിന്തിരിപ്പന്‍ ടീമുകള്‍ ആഷിക് അബുവിനും കൂട്ടര്‍ക്കും ഒരു വിളിപ്പേര് ചാര്‍ത്തി. മട്ടാഞ്ചേരി മാഫിയ എന്ന ഇരട്ടപ്പേരില്‍ അവര്‍ അറിയപ്പെട്ടു. മലയാളസിനിമക്ക് സംഭവിച്ചതുപോലൊരു മാറ്റം കന്നഡ ഇന്‍ഡസ്ട്രിയിലും അരങ്ങേറിയിരുന്നു.
കന്നഡസിനിമയെന്നാല്‍ ബാംഗ്ലൂരില്‍ നടക്കുന്ന കഥകള്‍ മാത്രമായിരുന്നു ഒരുകാലത്ത്. സ്ഥിരം കത്തിക്കുത്ത്, ഗുണ്ടാ സിനിമകള്‍ കാരണം കര്‍ണാടകക്ക് പുറത്ത് കന്നഡ സിനിമയെക്കുറിച്ച് അത്ര മികച്ച അഭിപ്രായമല്ല ലഭിച്ചിരുന്നത്. ചലഞ്ചിങ് സ്റ്റാര്‍, ക്രേസി സ്റ്റാര്‍, റിബല്‍ സ്റ്റാര്‍, റിയല്‍ സ്റ്റാര്‍ എന്നിങ്ങനെയുള്ള ഒരുലോഡ് സൂപ്പര്‍താരങ്ങളുടെ ഇന്‍ഡസ്ട്രിയായിരുന്നു സാന്‍ഡല്‍വുഡ്.
എന്നാല്‍ കന്നഡസിനിമയെന്നാല്‍ ബാംഗ്ലൂര്‍ മാത്രമല്ലെന്ന് കാണിച്ചത് ഒരുകൂട്ടം ചെറുപ്പക്കാരായിരുന്നു. മംഗലാപുരം, ഉഡുപ്പി തുടങ്ങിയ പ്രദേശങ്ങളും കര്‍ണാടകയുടെ ഭാഗമാണെന്ന് കാണിച്ച മൂന്ന് ചെറുപ്പക്കാര്‍. രക്ഷിത് ഷെട്ടി, രാജ് ബി. ഷെട്ടി, റിഷബ് ഷെട്ടി. സംവിധാനവും അഭിനയവും ഒരുപോലെ വഴങ്ങുന്ന ഈ ടീമിനെ ഷെട്ടി ഗ്യാങ്ങെന്ന് സിനിമലോകം വിളിച്ചു.
കന്നഡ സിനിമയുടെ ഗതിമാറ്റിയ ഒരുകൂട്ടം ചിത്രങ്ങള്‍ ഇവരുടെ കോമ്പോയില്‍ പിറന്നു. റാഷോമോന്‍ ഇഫക്ടില്‍ കഥ പറഞ്ഞ ഉലിഡവരു കണ്ടന്തേ, ബോഡി ഷെയ്മിങ്ങിനെതിരെ അതിമനോഹരമായി സംസാരിച്ച ഒണ്ടു മൊട്ടെയ കഥെ, പ്രേമം പോലൊരു സിനിമ കന്നഡയിലും നടക്കുമെന്ന് തെളിയിച്ച കിറിക് പാര്‍ട്ടി എന്നീ സിനിമകള്‍ അതിനുദാഹരണമാണ്. സാമ്പത്തികപരമായി സാന്‍ഡല്‍വുഡിന് വലിയൊരു വഴിത്തിരിവായ കെ.ജി.എഫ് എന്ന ചിത്രത്തെയും എടുത്തു പറയേണ്ടതാണ്.
നല്ല കഥകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കാനും പുതിയ ടാലന്റുകളെ കണ്ടെത്തി അവരെ സിനിമയിലേക്ക് കൊണ്ടുവരാനും ഷെട്ടി ഗ്യാങ് ഒരുപാട് ശ്രദ്ധ നല്‍കുന്നുണ്ട്. ഒപ്പം മികച്ച സിനിമകള്‍ നിര്‍മിക്കുകയും വിതരണത്തിനെത്തിക്കുകയും ചെയ്ത് കന്നഡ സിനിമയെ മറ്റൊരു ദിശയിലൂടെ നടത്താന്‍ ഷെട്ടി ഗ്യാങ്ങിന് സാധിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന സു ഫ്രം സോ.
ഉഡുപ്പി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം സംസാരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തി. ക്യാമറക്ക് മുന്നില്‍ കണ്ട് ശീലമില്ലാത്ത ഒരുപാട് മുഖങ്ങള്‍ മാറ്റുരച്ച ചിത്രമാണ് സു ഫ്രം സോ. എന്നാല്‍ എല്ലാവരുടെയും പെര്‍ഫോമന്‍സ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു.
പ്രധാന കഥാപാത്രമായ രവിയണ്ണനെ അവതരിപ്പിച്ച ഷനീല്‍ ഗൗതവും, അശോകനായി വേഷമിട്ട സംവിധായകന്‍ ജെ.പി. തുമിനാടും അപാര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. ഇന്റര്‍വെല്ലിനോടടുപ്പിച്ച് സ്‌ക്രീനിലെത്തുന്ന രാജ് ബി. ഷെട്ടിയും കൈയടി നേടുന്നുണ്ട്. അന്ധവിശ്വാസങ്ങളെ യാതൊരു മടിയുമില്ലാതെ ട്രോളുന്ന ചിത്രം പുരുഷന്മാരുടെ ധൈര്യത്തെയും മാക്‌സിമം കളിയാക്കുന്നുണ്ട്. ആദ്യാവസാനം തിയേറ്ററില്‍ ചിരി പടര്‍ത്തുന്ന കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചു.
അന്യഭാഷാ ചിത്രമാണെന്ന തോന്നല്‍ വരുത്താത്ത രീതിയില്‍ മലയാളത്തില്‍ ഡബ്ബ് ചെയ്ത ചിത്രത്തിന് വന്‍ ഡിമാന്‍ഡാണ്. ലിമിറ്റഡ് സ്‌ക്രീനില്‍ ഗംഭീര പ്രകടനമാണ് സു ഫ്രം സോ നടത്തുന്നത്. രാജ് ബി. ഷെട്ടി നിര്‍മിച്ച ചിത്രം കര്‍ണാടകയിലും വന്‍ വിജയമായി മാറിയിരിക്കുകയാണ്. റൂട്ടഡായിട്ടുള്ള കഥപറച്ചിലിലൂടെ ചിത്രം വിജയം നേടിയെന്ന് പറയാം.
കണ്ടുശീലിച്ച സിനിമാക്കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം ചുറ്റുപാടിലൂടെ കഥ പറയുന്ന സിനിമകള്‍ ഇന്‍ഡസ്ട്രിയെ പുതിയൊരു വഴിയിലേക്ക് നയിക്കുമെന്നതിന്റെ ഉദാഹരണമാണ് ഷെട്ടി ഗ്യാങ് ഒരുക്കുന്ന സിനിമകള്‍. ഒരുപിടി മികച്ച സംവിധായകരെയും അഭിനേതാക്കളെയും ഇവര്‍ ഇന്‍ഡസ്ട്രിക്ക് സമ്മാനിച്ചു എന്നതില്‍ എല്ലാവര്‍ക്കും അഭിമാനിക്കാം.
Content Highlight: Shetty Gang’s influence in Kannada Cinema