| Monday, 9th November 2026, 1:13 pm

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന; പുതിയ പാസ്‌പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ സജീവമാക്കി. ഇതിന്റെ ഭാഗമായി പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അവർ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മാതൃരാജ്യത്ത് തിരിച്ചെത്തിയാൽ നേരിട്ട് കോടതിയിൽ കീഴടങ്ങാൻ ഹസീന തയ്യാറാണെന്നും വ്യക്തമായിട്ടുണ്ട്. ന്യൂദൽഹിയിലെ ബംഗ്ലാദേശ് എംബസി ആക്ടിംഗ് ഹൈക്കമ്മീഷണർ പ്രീതി റഹ്മാന് ലണ്ടനിലെ ലീഗൽ ടീം മുഖേനയാണ് ഇത് സംബന്ധിച്ച അപേക്ഷ നൽകിയത്.

നിലവിലുള്ള തിരിച്ചറിയൽ രേഖകൾ അധികാരികൾ റദ്ദാക്കിയ സാഹചര്യത്തിൽ, പൗരത്വ അവകാശങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ വ്യവസ്ഥകളും പരിഗണിച്ച് പുതിയ രേഖകൾ വേഗത്തിൽ അനുവദിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.

വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയ കേസിൽ ഹസീനയ്ക്ക് യുദ്ധക്കുറ്റ ട്രൈബ്യൂണൽ അവരുടെ അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വിചാരണ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അവർ ആരോപണങ്ങൾ നിഷേധിച്ചു.

അവരുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിക്കുകയും നേതാക്കൾ തടവിലാക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ, രണ്ട് പതിറ്റാണ്ടോളം രാജ്യം ഭരിച്ച ഹസീനയുടെ സാധ്യമായ തിരിച്ചുവരവ് ബംഗ്ലാദേശിൽ വലിയ രാഷ്ട്രീയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചേക്കാം. അതേസമയം, ഹസീനയ്ക്ക് അഭയം നൽകിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിന്നിരുന്ന നയതന്ത്ര അസ്വാരസ്യങ്ങൾക്ക് അവരുടെ മടക്കത്തോടെ അയവുണ്ടാകുമെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

Content Highlight: Sheikh Hasina to return to Bangladesh; applies for a new passport and identification card.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more