ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങിവരാൻ തീരുമാനിച്ചതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ സംഘർഷം രൂക്ഷമായി.
പലയിടങ്ങളിലും വീടുകൾക്കും വാഹനങ്ങൾക്കും തീയിടുകയും നാടൻ ബോംബുകൾ എറിയുകയും ചെയ്തു. അക്രമസംഭവങ്ങൾ വർധിച്ചതോടെ തലസ്ഥാനമായ ധാക്ക ഉൾപ്പെടെ ഏഴ് ജില്ലകളിൽ സൈന്യത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിച്ചാണ് സുരക്ഷാ സേന സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.
ഹസീനയുടെ ജന്മനാടും രാഷ്ട്രീയ ശക്തികേന്ദ്രവുമായ ഗോപാൽഗഞ്ചിലാണ് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമവും കൊള്ളയടിയും ഭയന്ന് പ്രദേശത്തെ കടകൾ അടച്ചിടാനും ധാക്കയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെക്കാനും തീരുമാനിച്ചു.
കൂടാതെ മൊബൈൽ ബാങ്കിങ് സേവനങ്ങളും ട്രെയിൻ സർവീസുകളും ഇവിടെ നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷയ്ക്കായി 56 പ്ലാറ്റൂൺ സൈന്യത്തെയാണ് ഗോപാൽഗഞ്ചിൽ മാത്രം വിന്യസിച്ചിട്ടുള്ളത്.
നിരോധിക്കപ്പെട്ട അവാമി ലീഗ് നവംബർ 29, 30 തീയതികളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് പിന്തുണയുമായി പലയിടത്തും പ്രതിഷേധ പ്രകടനങ്ങളും നടന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നെത്രോകോണയിലും സിൽഹെറ്റിലും മുൻ അവാമി ലീഗ് എം.പിമാരുടെ വീടുകൾക്ക് അക്രമികൾ തീയിട്ടു. ധാക്കയിൽ പലയിടത്തും നാടൻ ബോംബുകൾ പൊട്ടിത്തെറിക്കുകയും നിർത്തിയിട്ടതും ഓടിക്കൊണ്ടിരുന്നതുമായ നിരവധി ബസുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്കിന്റെ നൂറിലധികം ശാഖകൾക്ക് നേരെയും ഈ മാസം തീവെപ്പ് ആക്രമണങ്ങളുണ്ടായി. ഷെയ്ഖ് മുജിബുർ റഹ്മാന്റെ വീട് പൊളിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണമെന്നാണ് അക്രമികൾ പറയുന്നത്.
അതേസമയം, അവാമി ലീഗ് വീണ്ടും സജീവമാകുന്നത് തടയാൻ ഭരണകക്ഷിയായ ബി.എൻ.പി , ജമാഅത്തെ ഇസ്ലാമി, നാഷണൽ സിറ്റിസൺ പാർട്ടി എന്നിവർ ഡിസംബറിൽ രാജ്യവ്യാപകമായി റാലികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഹസീനയുടെ വധശിക്ഷ നടപ്പിലാക്കണമെന്നും അവാമി ലീഗിനെ ക്രിമിനൽ സംഘടനയായി പ്രഖ്യാപിച്ച് വിചാരണ ചെയ്യണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയ്ക്ക്, പ്രക്ഷോഭകരെ അടിച്ചമർത്തിയ കേസിൽ കോടതി അവരുടെ അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിരുന്നു. 1971-ലെ ബംഗ്ലാദേശ് വിമോചന ദിനമായ ഡിസംബർ 16-ന് തിരിച്ചെത്തുമെന്നാണ് ഹസീന അറിയിച്ചിരിക്കുന്നത്.
Content Highlight:Sheikh Hasina’s return: Renewed unrest in Bangladesh; homes set on fire, shops closed.