ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന ഷെഹല റാഷിദ്, കനയ്യ കുമാര്‍ എന്നിവരെ ദല്‍ഹിയില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കി കോണ്‍ഗ്രസ്. ദല്‍ഹിയില്‍ നടത്താനിരുന്ന കോണ്‍ഗ്രസിന്റെ പരിപാടിയില്‍ “72-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ ഓര്‍ക്കുമ്പോള്‍” എന്ന സംവാദത്തിന്റെ പാനല്‍ അംഗങ്ങളായി നിശ്ചയിച്ചിരുന്നത് ഇരുവരെയുമായിരുന്നു. എന്നാല്‍ വിശദീകരണം പോലും നല്‍കാതെ കോണ്‍ഗ്രസ് ഇവരെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി, പ്രിയങ്കാ ചതുര്‍വേദി, രാജ്യസഭാഗം കെ.ടി.എസ് തുളസ് എന്നിവരാണ് ഷഹലയ്ക്കും, കനയ്യയ്ക്കും പകരം പരിപാടിയില്‍ പങ്കെടുക്കുക. കനയ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുന്നതിനാലാണ് ഇരുവരേയും പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്ന് പേരു വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
“അവര്‍ക്ക് ഈ വേദി നല്‍കുന്നതില്‍ ഒരു യുക്തിയുമില്ല. അതിനാല്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് അവരുടെ പേരുകള്‍ വെട്ടിമാറ്റുകയായിരുന്നു പാര്‍ട്ടി നേതാവ് പറഞ്ഞതായി”- ദി പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
Also Read യു.എ.ഇയുടെ ലിംഗ സമത്വ അവാര്‍ഡ് ജേതാക്കള്‍ മുഴുവന്‍ പുരുഷന്മാര്‍; പരിഹാസവുമായി സോഷ്യല്‍ മീഡിയ
ഇരുവരെയും പരിപാടിക്ക് ക്ഷണിച്ച കോണ്‍ഗ്രസ് നടപടിയെ മനിഷ് തിവാരി പ്രശംസിച്ചിരുന്നെങ്കിലും അവരെ ഒഴിവാക്കിയതിന് അദ്ദേഹം വിശദീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല.
എന്നാല്‍ അന്നേ ദിവസം എത്തിച്ചേരാന്‍ കഴിയില്ലെന്ന് അറിയിച്ചതിനാലാണ് ഇരുവരെയും പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസിന്റെ മൈനോരിറ്റി ഡിപാര്‍ട്ട്‌മെന്റ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ജനുവരി 14നാണ് കനയ്യകുമാറടക്കം 12 ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016ല്‍ സര്‍വകലാശാലയില്‍ വെച്ച് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.