| Sunday, 20th September 2026, 4:38 pm

രാജസ്ഥാൻ താരം മാത്രമുള്ള ചരിത്രത്തിലേക്ക് ഷെഫാലിയും; ചരിത്രമെഴുതി 22കാരി

സുദേവ് എ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യൻ വിമൺസ് ടീം ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. കോരോഗി സ്‌പോർട്‌സ് പാർക്കിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ഫൈനലിലേക്ക് കടന്നത്.

ഷെഫാലി വർമയുടെ സെഞ്ച്വറി കരുത്തിൽ 114 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. 49 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയ ഓപ്പണർ ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ.

ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ഷെഫാലി വർമ. ഇതിന് മുമ്പ് യുവതാരം യശ്വസി ജെയ്സ്വാൾ മാത്രമാണ് ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറി നേടിയിരുന്നത്.

2023ലായിരുന്നു രാജസ്ഥാൻ റോയൽസ് താരത്തിന്റെ നേട്ടം. ഇപ്പോൾ ജെയ്‌സ്വാളിന് മാത്രം സാധിച്ച നേട്ടത്തിലേക്ക് ഷെഫാലിയും തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ്.

മത്സരത്തിൽ ഷെഫാലിക്ക് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 33 പന്തിൽ 40 റൺസും സ്മൃതി മന്ഥാന 19 പന്തിൽ 37 റൺസും നേടി വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.

ഇന്ത്യ ഉയർത്തിയ മികച്ച ടോട്ടലിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശ് വെറും 81 റൺസിന് പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് നിരയിൽ മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 27 റൺസ് നേടിയ ദിലാര അക്തറാണ് ടോപ്പ് സ്‌കോറർ.

ഇന്ത്യയ്ക്കായി ദീപ്തി ശർമയും നന്ദിന ശർമയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ശ്രീ ചാരിണി രണ്ട് താരങ്ങളെ മടക്കിയപ്പോൾ ക്രാന്തി ഗൗഡും ശ്രേയാങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ബംഗ്ലാദേശിന്റെ പതനം പൂർത്തിയാക്കി.

ബംഗ്ലാദേശിനായി സാഞ്ചിദ അക്തർ, റബേയ ഖാതൂൻ, മാറുഫ അക്തർ, നാഹിദ അക്തർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സെപ്റ്റംബർ 22ന് നടക്കുന്ന ഗോൾഡ് മെഡൽ മാച്ചിൽ പാകിസ്ഥാനെ തോൽപ്പിച്ചെത്തിയ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.

Content Highlight: Shefali Verma create a huge record in Asian Games

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more