ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20യില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയെഴുതി ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
2019 വെസ്റ്റ് ഇന്‍ഡീസിനെതിരെ പടുത്തുയര്‍ത്തിയ സ്വന്തം റെക്കോഡ് പഴങ്കഥയാക്കിയാണ് ഇന്ത്യയുടെ കരുത്തുറ്റ ഓപ്പണിങ് ജോഡി പുതിയ റെക്കോഡിലേക്ക് നടന്നുകയറിയത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ 162 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് സ്മൃതി – ഷെഫാലി ജോഡി അടിച്ചെടുത്തത്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി.
(താരങ്ങള്‍ – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
ഷെഫാലി വര്‍മ & സ്മൃതി മന്ഥാന – ശ്രീലങ്ക – 162 – 2025*
ഷെഫാലി വര്‍മ & സ്മൃതി മന്ഥാന – വെസ്റ്റ് ഇന്‍ഡീസ് – 143 – 2019
ഷെഫാലി വര്‍മ & സ്മൃതി മന്ഥാന – ഓസ്‌ട്രേലിയ – 137 – 2024
ഹര്‍മന്‍പ്രീത് കൗര്‍ & ജെമീമ റോഡ്രിഗസ് – ന്യൂസിലാന്‍ഡ് – 134 – 2018
പൂനം റാവത്ത് & തിരുഷ് കാമിനി – ബംഗ്ലാദേശ് – 2013
ഏറെ നാള്‍ പുറത്തിരുന്ന ശേഷമുള്ള തിരിച്ചുവരവില്‍ സ്വപ്‌നതുല്യമായ പ്രകടനമാണ് ഷെഫാലി വര്‍മ പുറത്തെടുക്കുന്നത്. ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ഷെഫാലിയായിരുന്നു. ഇപ്പോള്‍ ലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയുമായാണ് തിളങ്ങുന്നത്.
മത്സരത്തില്‍ 46 പന്ത് നേരിട്ട ഷെഫാലി 79 റണ്‍സടിച്ചാണ് മടങ്ങിയത്. 12 ഫോറും ഒരു സിക്‌സറും അടക്കം 171.74 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
മറുവശത്ത് മന്ഥാനയും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. 11 ഫോറും മൂന്ന് സിക്‌സറും അടക്കം 48 പന്ത് നേരിട്ട മന്ഥാന 80 റണ്‍സും സ്വന്തമാക്കി.
16 പന്തില്‍ പുറത്താകാതെ 40 റണ്‍സടിച്ച റിച്ച ഘോഷിന്റെ പ്രകടനവും നിര്‍ണായകമായി. നാല് ഫോറും മൂന്ന് സിക്‌സറും അടക്കം 250.00 സ്‌ട്രൈക് റേറ്റിലായിരുന്നു ഘോഷിന്റെ വെടിക്കെട്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍ പത്ത് പന്തില്‍ പുറത്താകാതെ 16 റണ്‍സും നേടി.
ഒടുവില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 221 റണ്‍സ് എന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
Content Highlight: Shefali Verma and Smriti Mandhana build India’s highest partnership in T20Is