| Sunday, 20th September 2026, 6:38 pm

ജപ്പാനിൽ 'ഷെഫാലി ഷോ'; ചരിത്രത്തിൽ ഇനി ക്യാപ്റ്റനൊപ്പം

അഞ്ജലി പി.കെ.

2026 ഏഷ്യൻ ഗെയിംസിന്റെ സെമി ഫൈനലിൽ ചരിത്രനേട്ടം സ്വന്തമാക്കി ഷെഫാലി വർമ. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ ഓപ്പണറായ താരം അടിച്ചുകൂട്ടിയത് 49 പന്തിൽ100 റൺസാണ്.

ഇതോടെ ഇന്ത്യൻ വനിതാ ബാറ്ററുടെ ഏറ്റവും വേഗമേറിയ ടി-20 അന്താരാഷ്ട്ര സെഞ്ച്വറി എന്ന ഹർമൻപ്രീത് കൗറിന്റെ റെക്കോർഡിനൊപ്പമെത്താനും താരത്തിനായി. 2018ലെ ഐ.സി.സി വനിതാ ടി-20 ലോകകപ്പിൽ ഗയാനയിൽ ന്യൂസിലൻഡിനെതിരെ 49 പന്തിലാണ് ഹർമൻപ്രീത് സെഞ്ച്വറി സ്വന്തമാക്കിയത്.

ടി-20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഷെഫാലിയുടെ ആദ്യ സെഞ്ച്വറിയാണിത്. 2024ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റിൽ നേടിയ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെയാണ് ടി-20 ക്രിക്കറ്റിലും താരം മൂന്നക്കം തൊട്ടത്.

മികച്ച ബാറ്റിങ് സാഹചര്യങ്ങൾ മുതലെടുത്ത ഷെഫാലി ഡീപ് മിഡ്‌വിക്കറ്റിലൂടെയും ലോങ് ഓണിന് മുകളിലൂടെയും തുടർച്ചയായി ബൗണ്ടറികൾ നേടി.

വെറും 26 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. 204.08 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ താരം മൂന്ന് ഫോറും ഒമ്പത് സിക്‌സുമാണ് നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ഷെഫാലി സമ്മാനിച്ചത്. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാനയുടെ സംഭാവനയും ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ടിൽ 40 റൺസും ചേർന്നതോടെ ഇന്ത്യ 195 റൺസെന്ന കൂറ്റൻ സ്കോറിലെത്തി.

ചെയ്‌സിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് പടയ്ക്ക് വെറും 81 മാത്രം റൺസ് നേടി കളം വിടേണ്ടി വന്നു.

ഇന്ത്യയുടെ ബാറ്റിങ് സ്കോർ (ബാറ്റർ,സ്കോർ,പന്തുകൾ)

ഷെഫാലി വർമ- 100 – 49

സ്മൃതി മന്ഥാന – 37 – 18

ഹർമൻപ്രീത് കൗർ – 40 – 33

ജി. കമാലിനി – 3 – 10

റിച്ച ഘോഷ് – 2 – 2

144 റൺസിന്റെ തകർപ്പൻ ജയത്തോടെ ജപ്പാനിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ നേരിടാൻ യോഗ്യത നേടിയിരിക്കുകയാണ് ഹർമൻപ്രീത്കൗറും ടീമും.

സെപ്റ്റംബർ 22ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യൻ പെൺപട തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Shefali Varma scored a historical century in Women’s T20 cricket

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more