| Monday, 15th June 2026, 8:39 am

ഇങ്ങനെയൊരു സിക്‌സ് ആരും അടിച്ചിട്ടില്ല; ചരിത്രത്തിലേക്ക് പറന്ന് ഷെഫാലി

സുദേവ് എ

ഐ.സി.സി വിമണ്‍സ് ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 64 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17 ഓവറില്‍ 106 റണ്‍സിന് പുറത്തായി.

മത്സരത്തില്‍ ഒരു അപൂര്‍വ നേട്ടമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഷെഫാലി വര്‍മ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയാണ് ഷെഫാലി ഞെട്ടിച്ചത്.

ഷെഫാലി വർമ

വിമണ്‍സ് ടി-20 ലോകകപ്പില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ചെടുക്കുന്ന ചരിത്രത്തിലെ ആദ്യ താരമാണ് ഷെഫാലി. സാദിയ ഇഖ്ബാലിന്റെ പന്തിലാണ് താരം സിക്‌സര്‍ സ്വന്തമാക്കിയത്. എന്നാല്‍ സിക്‌സറോടെ ഇന്നിങ്സ് തുടങ്ങിയെങ്കിലും ഓവറിലെ അവസാന പന്തില്‍ ഷെഫാലി പുറത്താവുകയായിരുന്നു.

പുരുഷ ടി-20 ലോകകപ്പിലും ഒരു താരം മാത്രമാണ് ഇന്നിങ്‌സിലെ ആദ്യ പന്തിൽ സിക്‌സർ നേടിയിട്ടുള്ളൂ. മുൻ ന്യൂസിലാൻഡ് ഓപ്പണറായ മാർട്ടിൻ ഗുപ്റ്റിലാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയ ഏക താരം. 2016 ഇന്ത്യക്കെതിരെ ആർ. അശ്വിൻ എറിഞ്ഞ ഓവറിലെ ആദ്യ പന്തിലാണ് ഗുപ്റ്റിൽ സിക്‌സർ നേടിയത്.

അതേസമയം ഇന്ത്യന്‍ ബൗളിങ്ങില്‍ ദീപ്തി ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ പാക് ബാറ്റിങ് നിര തകരുകയായിരുന്നു. നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് ദീപ്തി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ശ്രീ ചരണി മൂന്ന് വിക്കറ്റും ഷെഫാലി ഒരു വിക്കറ്റും നേടി വിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചു.

വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 68 റണ്‍സാണ് സ്മൃതി നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സും സ്വന്തമാക്കി. നാല് ഫോറുകളാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനവും ഏറെ നിര്‍ണായകമായി. 17 പന്തില്‍ നിന്നും 34 റണ്‍സാണ് റിച്ച അടിച്ചെടുത്തത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് റിച്ച അടിച്ചെടുത്തത്.

Content Highlight: Shefali Varma create a rare record in women’s T20 world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more