| Saturday, 11th July 2026, 11:25 am

കൊച്ചു ടി.വിയിലെ മൊഴിമാറ്റ ചിത്രങ്ങള്‍ കാണുന്ന അതേ ഫീല്‍; ഷീപ്പ് ഡിറ്റക്ടീവ്‌സിനെ ഏറ്റെടുത്ത് മലയാള സിനിമാ ലോകം

അശ്വിന്‍ രാജേന്ദ്രന്‍

നിലവില്‍ ഇരുപതിനും മുപ്പതിനും ഇടയിലുള്ള പ്രയത്തില്‍ പെട്ടവരുടെ കുട്ടിക്കാലം മനോഹരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ചാനലുകളാണ് കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും, പോഗോയും കൊച്ചു ടി.വിയുമെല്ലാം. മലയാളത്തില്‍ കാര്‍ട്ടുണുകളും അനിമേഷന്‍ സിരീസുകളുമെല്ലാം സംപ്രേഷണം ചെയ്യുന്ന കൊച്ചു ടി.വിയുടെ പ്രേക്ഷകരാവാത്തവരും വിരളമാണ്. കാര്‍ട്ടൂണിന് പുറമെ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന മൊഴിമാറ്റി ഹോളിവുഡ് ചിത്രങ്ങള്‍ക്കും വലിയ ഫാന്‍ബേസാണുള്ളത്.

സ്റ്റുവര്‍ട്ട് ലിറ്റില്‍, ജുമാഞ്ചി, ഹോം എലോണ്‍, ബേബീസ് ഡേ ഔട്ട് തുടങ്ങി ഒട്ടനവധി ചിത്രങ്ങളായിരുന്നു ചാനലിലൂടെ സംപ്രേഷണം ചെയ്തത്. പലതും പലരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തിരുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പിടിച്ചിരുത്തുന്ന ലൈറ്റ് ഹാര്‍ട്ടഡ് അല്ലെങ്കില്‍ ഫീല്‍ ഗുഡ് ചിത്രമായിരുന്നു ഇവയെല്ലാം എന്ന പ്രത്യകതയുമുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി ഇത്തരത്തില്‍ ഒരു ചിത്രം കാണാന്‍ സാധിക്കാത്തതിന്റെ നിരാശയിലായിരുന്നു സിനിമാ പ്രേക്ഷകര്‍.

ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കൈല്‍ ബാല്‍ഡ സംവിധാനം ചെയ്ത ഷീപ്പ് ഡിറ്റക്ടീവ് തിയേറ്ററുകളിലേക്കെത്തിയത്. ആഗോളതലത്തില്‍ 130 മില്യണ്‍ ഡോളറിലധികം സ്വന്തമാക്കിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോ വഴി ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചതോടെ ഇപ്പോള്‍ മലയാളികള്‍ക്കിടയിലും തരംഗമാവുകയാണ്.

ഷീപ്പ് ഡിറ്റക്ടീവ്‌സ്‌. Photo: Prime Video

ദി വോള്‍വെറിനിലെ ലോഗനായി പ്രേക്ഷകര്‍ക്ക് പരിചിതനായ ഹ്യൂ ജാക്ക്മാന്‍ അവതരിപ്പിച്ച ജോര്‍ജ് എന്ന ആട്ടിടനെയും തന്റെ ആട്ടിന്‍പറ്റങ്ങളെയും ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രം സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ലൈറ്റ് ഹാര്‍ട്ടഡ് ആയ ചിത്രമാണെന്നാണ് ഏവരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഒരു ദുരൂഹ സാഹചര്യത്തില്‍ തങ്ങളെ ജീവന് തുല്യം സ്‌നേഹിച്ച ജോര്‍ജ് കൊല്ലപ്പെടുകയും പിന്നീട് ഈ കൊലപാതകം അന്വേഷിക്കാനായി ലില്ലി എന്ന ബുദ്ധിമതിയായ ആടിന്റെ നേതൃത്വത്തില്‍ ആട്ടിന്‍കൂട്ടം ഇറങ്ങിതിരിക്കുന്നതുമാണ് കഥാപശ്ചാത്തലം.

ഇംഗ്ലണ്ടിലെ ഡെന്‍ബ്രൂക്ക് എന്ന ഗ്രാമത്തിലെ പുല്‍മേടുകള്‍ കൊണ്ട് നിറഞ്ഞ താഴ്‌വാരവും വളരെ ചെറിയ ഗ്രാമത്തിലെ ആളുകളും ചുറ്റുപാടുമെല്ലാം ചിത്രം കാണുന്നവരുടെ മനം നിറക്കുന്നുണ്ട്. ഓരോ ആടിനും പ്രത്യേകം ശബ്ദം നല്‍കിയതും ഡയലോഗ് ഡെലിവെറിയും ചിത്രത്തിന്റെ ആസ്വാദനതലം ഉയര്‍ത്തുന്നുണ്ട്. ഇതിനെല്ലാം ഒപ്പം തന്നെ ചിത്രത്തിലൂടനീളം കൊലപാതകം ചെയ്തത് ആരാണെന്ന് അറിയാനുള്ള കൗതുകം നിലനിര്‍ത്തുന്നതും ചിത്രത്തെ മികവുറ്റതാക്കുന്നു. ആവേശം നിറക്കുന്ന ക്ലൈമാക്‌സിന് ശേഷം ഫീല്‍ ഗുഡായി അവസാനിക്കുന്ന ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് ഓരോ പ്രേക്ഷകന്റെയും മനസ് നിറക്കുന്നുണ്ട്.

ഷീപ്പ് ഡിറ്റക്ടീവ്‌സ്‌. Photo: abc7NY

ഇംഗ്ലീഷ് വേര്‍ഷനൊപ്പം തന്നെ ചിത്രത്തിന്റെ മലയാളം ഡബ്ബ്ഡ് വേര്‍ഷനും ആരാധകരേറെയാണ്. മൊഴിമാറ്റിയ ചിത്രത്തിലെ പല സീനുകളും ഭാഗങ്ങളും സിനിമാ പേജുകളില്‍ വൈറലാണ്. അടുത്ത കാലത്ത് കണ്ട ഒരു മികച്ച ഇംഗ്ലീഷ് ചിത്രമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഷീപ് ഡിറ്റക്ടീവ്‌സിനെ വിശേഷിപ്പിക്കുന്നത്.

Content Highlight: Sheep Detective Gets Massive resposnse from Malayali audience

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more