| Saturday, 29th August 2015, 5:36 pm

ഷീനാ ബോറ എന്റെ മകളും ഒപ്പം സഹോദരിയുമാണെന്ന് ഇന്ദ്രാണി മുഖര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷീനാ ബോറ വധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നു. ഷീന ബോറ തന്റെ മകളും ഒപ്പം സഹോദരിയും ആണെന്ന് ഇന്ദ്രാണി മുഖര്‍ജി വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ദ്രാണിയുടെ രണ്ടാനച്ഛന്‍ ഉപേന്‍ ബോറ തന്നെ പലവട്ടം ബലാത്സഗം ചെയ്തിരുന്നുവെന്നും ഇന്ദ്രാണി വെളിപ്പെടുത്തിയെന്നും ഇദ്ദേഹം തന്നെയാണ് ഷീനയുടെ പിതാവെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ദ്രാണിയുടെ പിതാവ് വീടുവിട്ട് പോയെന്നും പിന്നീട് ഇന്ദ്രാണിയുടെ അമ്മ ഭര്‍തൃ സഹോദരനായ ഉപേന്ദ്ര ബോറയെ വിവാഹം ചെയ്യുകയായിരുന്നുവെന്നും മുംബൈ പോലീസ് വൃത്തങ്ങള്‍ പറയുന്നുവെന്ന് ഫോക്കസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഷീനാ ബോറ കൊലപാതകത്തില്‍ തനിക്ക് പങ്കുണ്ടെന്ന് മുഖ്യ പ്രതിയും വളര്‍ത്തച്ഛനുമായ സഞ്ജീവ് ഖന്ന സമ്മതിച്ചുവെന്ന് മുംബൈ പോലീസ് വെള്ളിയാഴ്ച്ച നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഷീനയുടെ മാതാവ് ഇന്ദ്രാണി മുഖര്‍ജി, മറ്റൊരു മുഖ്യ പ്രതിയും ഇന്ദ്രാണിയുടെ ഡ്രൈവറുമായ ഷ്യാം റായ്, ഷീനയുടെ സഹോദരന്‍ മിഖയില്‍ ബോറ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യലിന് വിധേയമാക്കിയശേഷമായിരുന്നു പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്.

കഴിഞ്ഞ ദിവസം ഷീനയെ ദഹിപ്പിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലത്തു നിന്നും ഒരു തലയോട്ടിയും അസ്ഥികളും ലഭിച്ചിരുന്നു. ഇവ ഫോറന്‍സിക് പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം ഇവ ഷീനയുടേതെന്ന് തെളിഞ്ഞാല്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെയുള്ള സുപ്രധാന തെളിവായിരിക്കും ഇവ.

Latest Stories

We use cookies to give you the best possible experience. Learn more