| Tuesday, 30th June 2026, 3:37 pm

പൈസ തന്നുകൊണ്ടിരിക്കും, സിനിമയുടെ സെറ്റിലേക്കൊന്നും അദ്ദേഹം വരില്ല; പങ്കാളിയെ കുറിച്ച് ഷീലു അബ്രഹാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2013ല്‍ പുറത്തിറങ്ങിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ഷീലു അബ്രഹാം. 2015ല്‍ പുറത്തിറങ്ങിയ ഷീ ടാക്സി എന്ന ചിത്രത്തിലെ മീര മാമന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഷീലു മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. തന്റെ പങ്കാളിയും നിര്‍മാതാവുമായ അബ്രാഹാം മാത്യൂവിന്റെ ഉടമസ്ഥതയിലുള്ള അബാം മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രങ്ങളിലും ഷീലു സജീവമായിരുന്നു.

പുതിയ നിയമം, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ അബാം മൂവീസ് ജയ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ പരാജയ ചിത്രങ്ങളാണ് നിര്‍മിച്ചിട്ടള്ളത്. അവസാനമായി ബാനറിന്റെ കീഴില്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയിരുന്നത്. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പോലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രവീന്ദ്ര നീ എവിടെ, മച്ചാന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ചിത്രത്തിനായി പണം മുടക്കുന്നതെല്ലാം ഭര്‍ത്താവ് അബ്രഹാമാണെങ്കിലും ചിത്രങ്ങളുടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം ഷീലുവും സജീവമാണ്.

ഷീലു പങ്കാളി അബ്രഹാമിനൊപ്പം. Photo: Samayam Malayalam

തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രങ്ങളുടെ സെറ്റിലൊന്നും പങ്കാളിയായി അബ്രഹാം വരാറില്ലെന്നും ചിത്രത്തിന്റെ പൂജയ്ക്ക് മാത്രം വന്നുപോകാറാണ് അദ്ദേഹം ചെയ്യാറുള്ളതെന്നും പറയുകയാണ് ഷീലു അബ്രഹാം. ആനിസ് കിച്ചണ് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഷീലുവിന്റെ പ്രതികരണം.

‘പതിനഞ്ച് സിനിമ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ പതിനഞ്ച് ചിത്രങ്ങളിലും പൂജയുടെ അന്ന് മാത്രം അദ്ദേഹം വന്നുപോകുകയാണ് ചെയ്യാറുള്ളത്. പൂജയുടെ അന്ന് വന്ന് പോയാല്‍ പിന്നെ അദ്ദേഹത്തെ മഷി ഇട്ട് നോക്കിയാല്‍ കിട്ടില്ല. പാക്കപ്പിന് ഒന്നും വരില്ല. പാക്കപ്പെല്ലാം നിങ്ങള്‍ ചെയ്താല്‍ മതിയെന്നാണ് പറയാറുള്ളത്. അദ്ദേഹത്തിന് അതിലൊന്നും വലിയ താത്പര്യമില്ല. പൈസ ഇങ്ങനെ തന്നുകൊണ്ടിരിക്കും. ഫോണില്‍ വിളിച്ച് എല്ലാം അന്വേഷിച്ച് കൊണ്ടിരിക്കും. അതിനപ്പുറത്തേക്ക് ഒരു ലൊക്കേഷനിലും ഒന്നോ രണ്ടോ പ്രാവിശ്യം അല്ലാതെ വന്നിട്ടില്ല.

ഷീലു അബ്രഹാം. Photo: News18 Malayalam

പുത്തന്‍ പണം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂക്ക ഇതിന്റെ പ്രൊഡ്യൂസറെ കാണാനില്ലല്ലോ എന്ന് ചോദിച്ചപ്പോഴാണ് പുള്ളി സെറ്റിലേക്ക് വന്നത്. മമ്മൂക്കയായിട്ട് ഞാന്‍ മൂന്ന് സിനിമ ചെയ്തിട്ടുണ്ട്. മംഗ്ലീഷ് എന്ന സിനിമ ഞങ്ങളുടെ പ്രൊഡക്ഷനല്ലെങ്കിലും അതില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവിടെ വെച്ചിട്ടാണ് നമ്മള്‍ ആദ്യമായിട്ട് പുതിയ നിയമവും പുത്തന്‍ പണവും പ്രൊഡ്യൂസ് ചെയ്യുന്നത്. ആദ്യം കാണുമ്പോള്‍ നമുക്ക് ചെറിയ പേടിയെല്ലാം തോന്നുമെങ്കിലും അദ്ദേഹം ഒത്തിരി നല്ല മനുഷ്യനാണ്,’ ഷീലു അബ്രഹാം പറഞ്ഞു.

Content Highlight: Sheelu Abraham talks about her husband and their production house

We use cookies to give you the best possible experience. Learn more