മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തെ തന്റെ അഭിനയമികവ് കൊണ്ട് അടയാളപ്പെടുത്തിയ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ഷീല. നാല് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്രജീവിതത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അവർ, പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് ഷീല. മനോരമ മാക്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഷീല.photo.Ammakerala.com
‘എനിക്ക് ഒരിക്കലും വലിയ സ്വപ്നങ്ങൾ ഉണ്ടായിട്ടില്ല. ഒരു സിനിമ വരുമ്പോൾ അതിലെ കഥാപാത്രം നല്ലതാണെന്ന് തോന്നിയാൽ ഞാൻ അത് അഭിനയിക്കുന്നു, അത്രമാത്രം. പണ്ടേ എനിക്ക് അങ്ങനെയുള്ള വലിയ ആഗ്രഹങ്ങൾ ഇല്ലായിരുന്നു. പുഴയിൽ ഒരു ഇലയിട്ടാൽ അത് ഒഴുക്കിനനുസരിച്ച് ഒഴുകിപ്പോകില്ലേ, അതുപോലെ ഒഴുകിപ്പോകുന്ന ഒന്നാണ് എന്റെ ജീവിതം. ജീവിതത്തിലായാലും ഈ സാരി വേണം, ഈ ആഭരണം വേണം എന്നൊക്കെയുള്ള യാതൊരുവിധ വാശികളോ സ്വപ്നങ്ങളോ എനിക്കില്ല.
പിന്നെ, ഇപ്പോൾ ഞാൻ നടത്തുന്ന ഈ ഒരുങ്ങിനടക്കലുകൾ ഒക്കെ ആളുകൾക്ക് വേണ്ടിയാണ്. കാരണം സോഷ്യൽ മീഡിയയും യൂട്യൂബും ഒക്കെ സജീവമായ കാലമാണിത്. നമ്മൾ ഒരുങ്ങിയില്ലെങ്കിൽ ‘ഷീല ഭയങ്കര ദാരിദ്രത്തിലാണ്, വലിയ കഷ്ടപ്പാടിലാണ്’ എന്നൊക്കെ പറഞ്ഞ് അവർ വാർത്തകൾ ഉണ്ടാക്കും. വെറുതെ ഒരു കിളവിയുടെ പടമൊക്കെ തപ്പിയെടുത്ത് തമ്പ്‌നെയിൽ ഇട്ട് ‘ഇതാണ് ഇപ്പോഴത്തെ ഷീല’ എന്ന് പ്രചരിപ്പിച്ചു കളയും. അതൊഴിവാക്കാൻ വേണ്ടിയാണ് ഈ വേഷംകെട്ടലുകൾ ഒക്കെ. എന്റെ ചെറുപ്പകാലം മുതലേ എനിക്ക് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഞാൻ ദിവസവും കണ്ടുമുട്ടുന്നതും സംസാരിക്കുന്നതുമായ ആളുകളാണ് എനിക്ക് മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകുന്നത്. പിന്നെ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം മകൻ കൂടെയുണ്ടെന്നുള്ളതാണ്. കൊച്ചുമകളുമുണ്ട്, പക്ഷേ ഞാൻ അവരെക്കുറിച്ചും വലിയ പ്രതീക്ഷകളോ സ്വപ്നങ്ങളോ ഒന്നും വെക്കാറില്ല. കാരണം അവർക്ക് അവരുടേതായ വഴികളുണ്ട്. നമ്മൾ ഒരുപാട് സ്വപ്നം കണ്ടിട്ട് അതൊന്നും നടന്നില്ലെങ്കിൽ പിന്നെ എല്ലാം വലിയ വേദനകളായി മാറും. അതുകൊണ്ട് സ്വപ്നം കാണാതിരിക്കുന്നതാണ് നല്ലത്.
വയലാർ എഴുതിയിട്ടുണ്ട്, സ്വപ്നങ്ങളെ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ നിങ്ങൾ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യം ഈ ലോകം എന്ന്. പക്ഷേ സ്വപ്നങ്ങൾ ഇല്ലെങ്കിലും എനിക്ക് ഈ ലോകം ശൂന്യമായി തോന്നിയിട്ടില്ല, സന്തോഷം മാത്രമേ തോന്നിയിട്ടുള്ളൂ.
ആരെങ്കിലും എന്നോട് സ്നേഹത്തോടെ സംസാരിച്ചാൽ എനിക്ക് അവരോട് വലിയ ഇഷ്ടമാണ്. അവർ എന്നെ പറ്റിക്കുമെന്നോ കള്ളം പറയുമെന്നോ ഒന്നും ഞാൻ ചിന്തിക്കാറില്ല. എല്ലാവരും എന്നോട് പറയാറുണ്ട് ഞാൻ പെട്ടെന്ന് എല്ലാവരെയും വിശ്വസിച്ചു കളയുമെന്ന്. അതുപോലെ തന്നെ ദേഷ്യം വന്നാൽ ഞാൻ അത് ഉടനെ പുറത്തുകാണിക്കുകയും ചെയ്യും. അത് ആരാണെന്ന് നോക്കാറില്ല, മുഖത്ത് നോക്കി വഴക്ക് പറയും. പക്ഷേ, അത് കഴിഞ്ഞാൽ പിന്നെ എനിക്ക് അവരോട് ഒരു ദേഷ്യവും കാണാറില്ല. കാരണം, യഥാർത്ഥ ജീവിതത്തിൽ എന്നെക്കൊണ്ട് ഒട്ടും അഭിനയിക്കാൻ പറ്റാറില്ല,’ ഷീല പറഞ്ഞു.
ഷീല.photo.wikipedia