| Thursday, 28th August 2025, 11:02 am

കഥാപാത്രമായി മാറാന്‍ അഭിനയിക്കേണ്ട; ആ നടന്‍ ഗൗരവക്കാരനും ഭീകരനുമാണെന്ന് തോന്നും: ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തി രണ്ട് പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന അഭിനേത്രിമാരില്‍ ഒരാളാണ് ഷീല. 1968ല്‍ പുറത്തിറങ്ങിയ ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്.

ഇതിനിടയില്‍ സത്യന്‍, പ്രേം നസീര്‍, ജയന്‍, മധു, സുകുമാരന്‍, കമല്‍ ഹാസന്‍ തുടങ്ങി അന്നത്തെ മുന്‍നിര നായകന്‍മാരുടെ കൂടെയെല്ലാം അഭിനയിക്കാന്‍ ഷീലക്ക് സാധിച്ചു. ഇപ്പോള്‍ നടന്‍ സത്യനെ കുറിച്ച് പറയുകയാണ് ഷീല.

സത്യന്‍ മാസ്റ്ററിന്റെ സംസാരമൊക്കെ കേട്ടാല്‍ വലിയ ഗൗരവക്കാരനും ഭീകരനുമായ മനുഷ്യ നാണെന്ന് തോന്നുമെന്നും എന്നാല്‍ മനസ് കൊണ്ട് ഇത്രയും എളിമയുള്ള ഒരു മനുഷ്യനെ നമുക്ക് കാണാനാവില്ലെന്നും നടി പറയുന്നു.

അദ്ദേഹം സങ്കടങ്ങളൊന്നും പുറത്ത് കാണിക്കുന്ന ആളായിരുന്നില്ലെന്നും എപ്പോഴും തനിച്ചിരിക്കുമെന്നും ഷീല പറഞ്ഞു. അധികം ആരോടും സംസാരിക്കുകയോ തമാശകള്‍ പറയുകയോ ഇല്ലെന്നും എല്ലാവര്‍ക്കും കാര്‍ക്കശ്യക്കാരനായ അധ്യാപകനായിരുന്നു സത്യനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹത്തിന് അഭിനയിക്കേണ്ട കാര്യമില്ലെന്നും ആ വ്യക്തിയായി തന്നെ മാസ്റ്റര്‍ മാറുമെന്നും ഷീല പറയുന്നു. കാണുന്നവര്‍ അത് സത്യന്‍ മാസ്റ്ററാണെന്ന കാര്യം പോലും മറന്നുപോകുമെന്നും നടി പറഞ്ഞു.

‘ഒരു പൂവുണ്ട്, മനോരജ്ഞിതം. തമിഴ്നാട്ടിലൊക്കെ സമൃദ്ധമാണ്. ആ പൂവിന് നമ്മള്‍ ആഗ്രഹിക്കുന്ന വസ്തുക്കളുടെ ഗന്ധമായിരിക്കും എന്നാണ് പറയുന്നത്. റോസാപ്പൂവിന്റെ സുഗന്ധമാണെന്ന് വിചാരിച്ച് മണത്താല്‍ അതായിരിക്കും. മുല്ലപ്പൂവെന്ന് കരുതിയാല്‍ ആ സുഗന്ധം. അതുപോലെയാണ് സത്യന്‍ മാസ്റ്റര്‍. കാഴ്ചക്കാരന്‍ ആഗ്രഹിക്കുന്ന രൂപമായിരിക്കും തിരശ്ശീലയില്‍ അദ്ദേഹത്തിന്റേത്,’ ഷീല പറയുന്നു.

തന്റെ ജീവിതത്തില്‍ താന്‍ ഇന്നും കൊണ്ടുനടക്കുന്ന പല ചിട്ടകളും രൂപപ്പെടുത്തിയതില്‍ സത്യന്‍ മാസ്റ്റര്‍ക്ക് വലിയ പങ്കുണ്ടെന്നും നടി പറഞ്ഞു. എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠ വേണമെന്ന വാശിക്കാരനായിരുന്നു അദ്ദേഹമെന്നും ഷീല കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Content Highlight: Sheela says Sathyan Master doesn’t need to act to become a character, he will become that person himself

We use cookies to give you the best possible experience. Learn more