പാലക്കാട്: പുത്തൂര്‍ ഷീല വധക്കേസില്‍ രണ്ടാം പ്രതി കനകരാജിന് വധശിക്ഷ. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി.കെ ഹനീഫാണ് വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി ഷീലയെ പിടിച്ചുവെക്കുകയും രണ്ടാം പ്രതി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കേസില്‍ മൂന്നാം പ്രതി മണികണ്ഠനെ കോടതി ഇന്നലെ വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി സമ്പത്ത് നേരത്തെ പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. സമ്പത്തിന്റെ സഹോദരി ഭര്‍ത്താവാണ് കോടതി വെറുതെവിട്ട മണികണ്ഠന്‍.
പ്രോസിക്യൂഷന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മണികണ്ഠനെ വെറുതെ വിട്ടത്.
2010 മാര്‍ച്ച് 23നാണ് പുത്തൂരിലെ സായൂജ്യം വീട്ടില്‍ ഷീല കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം ഷീലയെ കൊലപ്പെടുത്തുകയും അമ്മ കാര്‍ത്ത്യായനിയെ തലയ്ക്കടിച്ചുവീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നുമെന്നുമാണ് കേസ്.
സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ അറസ്റ്റു ചെയ്‌തെങ്കിലും കേസിലെ മുഖ്യപ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു.
വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷി പാലക്കാട് നോര്‍ത്ത് സി.ഐ വിപിന്‍ദാസ് കൂറുമാറി. കേസിലെ 86 സാക്ഷികളില്‍ 48 പേരെ വാദിഭാഗം വിസ്തരിച്ചിരുന്നു. പ്രതിഭാഗം സാക്ഷികളായി സമ്പത്തിന്റെ കസ്റ്റഡിമരണം അന്വേഷിക്കുന്ന സി.ബി.ഐ ഡിവൈഎസ്പി പി.ജി. ഹരിദത്ത്, ഇന്‍സ്‌പെക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏഴുപേരെയും വിസ്തരിച്ചു. മനഃപൂര്‍വമായ നരഹത്യ, കൊലപാതകശ്രമം, മോഷണം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.
ഡി.വൈ.എസ്.പി എം.കെ. പുഷ്‌കരനാണ് കേസ് അന്വേഷിച്ചത്. ഷീല വധക്കേസ് ആദ്യം അന്വേഷിച്ച ഡി.വൈ.എസ്.പി സി.കെ.രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്പത്തിന്റെ കസ്റ്റഡിമരണക്കേസില്‍ റിമാന്‍ഡിലാണ്.