| Saturday, 6th September 2025, 6:53 pm

അവൾ ഞങ്ങളു‌ടെ കൊച്ചുകല്യാണി; അവളെന്നോട് ഉപദേശം ചോദിക്കാറില്ല: പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളിൽ ജനസാഗരം തീർത്ത് മുന്നേറുകയാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. വേഫറർ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത സൂപ്പർഹീറോ ഴോണറിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഓണം റിലീസുകളിൽ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ലോകഃ കുതിക്കുന്നത്.

ഡൊമിനിക് അരുണാണ് ലോകഃ എന്ന ചിത്രം അണിയിച്ചൊരുക്കിയത്. ഡൊമിനിക്കിന്റെ രണ്ടാമത്തെ ചിത്രമാണ് ലോകഃ. ആദ്യചിത്രമായ തരംഗം ബോക്‌സ് ഓഫീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് എട്ട് വർഷത്തിന് ശേഷമാണ് ലോകഃ ചെയ്യുന്നത്. ചിത്രത്തിൽ കല്യാണിയുടെ പ്രകടനം മികച്ചതായിരുന്നു. ഇപ്പോൾ നടിയെക്കുറിച്ച് സംസാരിക്കുകയാണ് പിതാവായ പ്രിയദർശൻ.

‘ആക്ടറായ കല്യാണിയെ ഞാൻ കണ്ടിട്ടില്ല. ഞാൻ കണ്ടത് മകളായ കല്യാണിയെ ആണ്. ഞാനും എന്റെ പങ്കാളിയും ഇപ്പോഴും അവളെ കാണുന്നത് ഞങ്ങളുടെ കൊച്ചുകല്യാണിയായിട്ടാണ്,’ പ്രിയദർശൻ പറയുന്നു.

കല്യാണി തന്നോട് ഒരു ഉപദേശവും ചോദിക്കാറില്ലെന്നും താനും സിനിമയെക്കുറിച്ച് ഒന്നും ചോദിക്കാറില്ലെന്നും പ്രിയദർശൻ പറയുന്നു.

തന്നോട് ആകെ ചോദിച്ചത് സിനിമയിൽ അഭിനയിച്ച് നോക്കട്ടെ എന്നാണെന്നും താനൊരിക്കലും കല്യാണിയോട് എന്ത് സിനിമയാണ് ചെയ്യുന്നതെന്നോ അതിന്റെ കഥയെന്താണെന്നോ ചോദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല്യാണിയുടെ സിനിമ വന്നാൽ കാണുമെന്നും എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് നന്നാക്കാമായിരുന്നു എന്ന് പറഞ്ഞുകൊടുക്കാറുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.

തന്റെ മകളൊരു നടിയാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അത് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. താനിപ്പോൾ കല്യാണിയുടെ വിജയത്തിൽ സന്തോഷവാനാണെന്നും എല്ലാ മാതാപിതാക്കൾക്കും മക്കളുടെ വിജയത്തിൽ തോന്നുന്ന സന്തോഷം മാത്രമാണ് തനിക്കുള്ളതെന്നും പ്രിയദർശൻ പറയുന്നു.

സക്‌സസ് തലയിൽ കയറരുതെന്നും പരാജയം ഹൃദയത്തിലേക്കും പോകരുതെന്നാണ് താൻ കല്യാണിയോട് പറയാറുള്ളതെന്ന് പറഞ്ഞ അദ്ദേഹം, താൻ കല്യാണിക്ക് കൊടുത്തിട്ടുള്ള ഉപദേശം അതുമാത്രമാണെന്നും കൂട്ടിച്ചേർത്തു.

Content Highlight: She is our little Kalyani; she doesn’t ask me for advice says Priyadarshan

We use cookies to give you the best possible experience. Learn more