| Monday, 14th May 2018, 4:54 pm

'ഞാന്‍ പ്രേരിപ്പിച്ചാലും സുനന്ദ ആത്മഹത്യ ചെയ്യില്ല'; ഇതാണോ നാലുവര്‍ഷംകൊണ്ട് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയതെന്നും ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച ദല്‍ഹി പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. അവിശ്വസനീയമായ കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളതെന്ന് തരൂര്‍ പ്രതികരിച്ചു.

കോടതി നടപടി നേരിടുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

” സുനന്ദയെ അറിയുന്ന ആരും തന്നെ അവര്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കില്ല, ഞാന്‍ പ്രേരിപ്പിച്ചെങ്കില്‍ പോലും…”

നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ഇക്കാര്യമാണോ ദല്‍ഹി പൊലീസിന് കണ്ടെത്താനായതെന്നും അദ്ദേഹം ചോദിച്ചു. “2017 ഒക്ടോബറില്‍ നിയമകാര്യ ഉദ്യോഗസ്ഥന്‍ ദല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞത് മരണത്തില്‍ ആര്‍ക്കെതിരേയും ഒന്നും കണ്ടെത്താനായിട്ടില്ല എന്നതായിരുന്നു. ആറുമാസത്തിനുശേഷം ഞാന്‍ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചു എന്ന കണ്ടെത്തിലില്‍ എത്തിയിരിക്കുന്നു. അവിശ്വസനീയം”

ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ:  ‘മോദിയുടെ പ്രസംഗം അതിരുവിടുന്നു’; പ്രധാനമന്ത്രിക്കെതിരെ രാഷ്ട്രപതിയ്ക്ക് പരാതിയുമായി മന്‍മോഹന്‍ സിംഗ്

2014 ജനുവരി 17നാണ് സുനന്ദപുഷ്‌കറിനെ സൗത്ത് ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് തിരിച്ച് ദല്‍ഹിയിലെത്തിയ ശേഷമായിരുന്നു മരണം. ശശി തരൂരിന് പാക്കിസ്ഥാന്‍ ജേണലിസ്റ്റുമായി ബന്ധമുണ്ടെന്ന് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുനന്ദ ആരോപിച്ചിരുന്നു.

പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്നവയാണ് കുറ്റങ്ങള്‍. ഈ മാസം 24 പാട്യാല കോടതി കേസ് പരിഗണിക്കും. കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറുക മാത്രമായിരിക്കും പാട്യാല ഹൗസ് കോടതി ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more