| Sunday, 19th January 2025, 10:47 am

ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഈഗോയാല്‍ സഞ്ജുവിന്റെ കരിയര്‍ നശിക്കുകയാണ്: ശശി തരൂര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ ദിവസത്തെ സസ്‌പെന്‍സിന് ശേഷം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിക്കണമെന്ന് സഞ്ജു നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ സഞ്ജു മെയില്‍ അയച്ചിട്ടും കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ സഞ്ജുവിന് തന്റെ അവസരം നഷ്ടമായതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഈഗോയാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് എം.പി ശശി തരൂര്‍.

‘കേരള ക്രിക്കറ്റ് അസോസിയേഷന്റെയും സഞ്ജു സാംസണിന്റെയും ഖേദകരമായ കഥ ,എസ്.എം.എയ്ക്കും വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിനുമിടയിലുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് താരം കെ.സി.എയ്ക്ക് മുന്‍കൂറായി കത്തെഴുതിയിരുന്നു, ഉടന്‍ തന്നെ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇതോടെ സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ 56.66 ശരാശരിയുള്ള ഹസാരെയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 212* നേടിയ ഒരു ബാറ്റ്സ്മാന്‍ (സൗത്ത് ആഫ്രിക്കയ്ക്കെതിരായ അവസാന ഔട്ടിങ്ങിലെ ഒരു സെഞ്ച്വറി ഉള്‍പ്പെടെ), ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഈഗോയാല്‍ അവന്റെ കരിയര്‍ നശിക്കുകയാണ്.

സഞ്ജുവിനെ പുറത്താക്കി കേരളം ഹസാരെയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോലും എത്തില്ലെന്ന് ഉറപ്പ് വരുത്തിയത് കെ.സി.എ മേധാവികളെ അലട്ടുന്നില്ലേ? ഇത് അവനെ എവിടെക്കൊണ്ടെത്തിക്കും?,’ തരൂര്‍ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

Content Highlight: Shasi Tharoor Talking About Sanju Samson

We use cookies to give you the best possible experience. Learn more