| Saturday, 15th February 2025, 2:32 pm

സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂരിന്റെ ലേഖനം; അതൃപ്തി പ്രകടിപ്പിച്ച് ദേശീയ നേതൃത്വത്തിന് കെ.പി.സി.സിയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശശി തരൂര്‍ എം.പിയുടെ ലേഖനത്തിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ശശി തരൂരിന്റെ നിലപാടിനെ നേരത്തെ പ്രതിപക്ഷ നേതാവ് തള്ളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി അറിയിച്ച് കെ.പി.സി.സി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്.

തെറ്റായ കണക്കുകള്‍ ഉദ്ധരിച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചെഴുതിയ ലേഖനം പരിശോധിക്കണമെന്നും നടപടിയെടുക്കണമെന്നും സംസ്ഥാന നേതൃത്വം പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെ അനുകൂലിച്ചുള്ള തരൂരിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുമെന്നും ഇത്തരത്തിലുള്ള ഒരും ലേഖനം ഇപ്പോള്‍ എഴുതേണ്ട കാര്യമെന്താണെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്.

ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് തരൂര്‍ പറഞ്ഞിരുന്നു.

ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. സംരംഭങ്ങള്‍ക്ക് ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്ന് മാത്രമല്ല അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് സംഭവിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

രാജീവ് ചൂണ്ടിക്കാണിച്ചതുപോലെ, ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം 28-ാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തിയിട്ടുണ്ട്. എ.ഐ, ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ, മെഷീന്‍ ലേണിങ് എന്നിവയുള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനം ഒരു പുതിയ വ്യവസായ നയം നടപ്പാക്കിയിട്ടുണ്ട്. ‘ഇയര്‍ ഓഫ് എന്റര്‍പ്രൈസസ്’ ഉദ്യമത്തിലൂടെ 2,90,000 എം.എസ.എം.ഇകള്‍ സ്ഥാപിക്കപ്പെട്ടുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കേരളത്തില്‍ ശശി തരൂര്‍ പറഞ്ഞത് പോലൊരു വ്യാവസായിക അന്തരീക്ഷം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സ്വാഭാവികമായിട്ടും അത് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

Content Highlight: Shashi Tharoor’s article praising the government; KPCC’s complaint to the national leadership expressing dissatisfaction

We use cookies to give you the best possible experience. Learn more