| Friday, 12th September 2025, 12:54 pm

ഇന്ത്യയ്ക്ക് ഒരു ജമാഅത്ത് സര്‍ക്കാരിനെ നേരിടേണ്ടി വരുമോ? ധാക്ക യൂണിവേഴ്‌സിറ്റിയിലെ ഛത്ര ഷിബിറിന്റെ വിജയത്തില്‍ ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ ജമാഅത്ത് ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
വിദ്യാര്‍ത്ഥി സംഘടനയുടെ വിജയം 2026 പൊതു തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നും ബംഗ്ലാദേശില്‍ ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിനെ ഇന്ത്യയ്ക്ക് ഉടന്‍ നേരിടേണ്ടി വരുമോയെന്നും അദ്ദേഹം ചോദിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് ശശി തരൂര്‍ ആശങ്ക പ്രകടിപ്പിച്ചത്.

ജമാഅത്ത് ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ വിജയത്തെ കുറിച്ചുള്ള ഒരു പത്ര വാര്‍ത്തയുടെ ഫോട്ടോ പങ്കുവെച്ചാണ് തരൂരിന്റെ പോസ്റ്റ്.

‘മിക്ക ഇന്ത്യക്കാരുടെയും മനസിൽ ഇത് അനിഷ്ടമുണ്ടാക്കിയേക്കാം. പക്ഷേ, വരാനിരിക്കുന്നതിന്റെ ആശങ്കാജനകമായ സൂചനയാണിത്. ബംഗ്ലാദേശില്‍ അവാമി ലീഗിനോടും നാഷണല്‍ പാര്‍ട്ടിയോടുമുള്ള അതൃപ്തി വര്‍ധിച്ചു വരുന്നുണ്ട്. ഇവരെ അകറ്റി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ജമാത്ത് ഇസ്ലാമിയോട് കൂടുതല്‍ അടുക്കുന്നത്.

അത് പക്ഷേ, വോട്ടര്‍മാര്‍ മത മൗലികവാദികള്‍ ആയതുകൊണ്ടല്ല, മറിച്ച് മറ്റ് രണ്ട് പാര്‍ട്ടികളില്‍ നിന്ന് വിഭിന്നമായി അഴിമതിയും ദുര്‍ഭരണത്തില്‍ നിന്നും ജമാഅത്ത് ഇസ്ലാമി മുക്തരായത് കൊണ്ടാണ്. ഇത് എങ്ങനെയാണ് 2026 ഫെബ്രുവരിയിലെ പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുക? ഇന്ത്യയ്ക്ക് ഒരു ജമാഅത്ത് സര്‍ക്കാരിനെ നേരിടേണ്ടി വരുമോ?,’ തരൂര്‍ പോസ്റ്റില്‍ പറഞ്ഞു.

ധാക്ക യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ 12 സീറ്റില്‍ ഒമ്പതിലും ഇസ്ലാമി ഛത്ര ഷിബിറിന്റെ പിന്തുണയില്‍ മത്സരിച്ച യുണൈറ്റഡ് സ്റ്റുഡന്റസ് അലയന്‍സാണ് ജയിച്ചത്. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി എന്നീ സുപ്രധാന പോസ്റ്റുകളാണ് പാര്‍ട്ടി സ്വന്തമാക്കിയത്.

വൈസ് പ്രസിഡന്റായി അബു സാദിഖ് ഖയേമും ജനറല്‍ സെക്രട്ടറിയായി എസ്.എം. ഫര്‍ഹാദുമാണ് വിജയിച്ചത്. 1971ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇസ്ലാമിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.

അതേസമയം, അവാമി ലീഗ് ഭരിച്ചിരുന്ന 15 വര്‍ഷം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഛത്ര ഷിബിറിന് പരസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്. 2024 ല്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തകര്‍ന്നതോടെയാണ് ഷിബിര്‍ ക്യാമ്പസില്‍ സജീവമായത്.

Content Highlight: Shashi Tharoor raise concern over win of Jamaat e Islami win in Dhakka University polls

We use cookies to give you the best possible experience. Learn more