| Monday, 18th August 2025, 8:01 pm

പ്രിയങ്ക ചതുര്‍വേദി 'സാരിയുടുത്ത ശശി തരൂര്‍'എന്ന് മാധ്യമപ്രവര്‍ത്തക; പ്രതികരിച്ച് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശ് രാജ്യസഭാ എം.പി പ്രിയങ്ക ചതുര്‍വേദിയെ ‘സാരിയുടുത്ത ശശി തരൂര്‍’ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതികരണവുമായി ലോക്‌സഭാ എം.പി ശശി തരുര്‍. മാധ്യമപ്രവര്‍ത്തകയുടെ അഭിപ്രായം തനിക്ക് പ്രശംസയായിട്ടാണ് തോന്നിയതെന്ന് പ്രിയങ്കയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ശശി തരൂര്‍ പറഞ്ഞു.

എ.എന്‍.ഐ പോഡ്കാസ്റ്റിന് അഭിമുഖം നല്‍കുന്നതിനിടെയാണ് പ്രിയങ്ക ചതുര്‍വേദിയെ സ്മിത പ്രകാശ് ശശി തരൂരിനോട് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്ക നല്‍കിയ മറുപടി മുന്‍നിര്‍ത്തിയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാമര്‍ശം.

മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ കോണ്‍ഗ്രസ് എം.പി പാര്‍ട്ടി വിടുകയാണെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ഗാന്ധി പോഡ്കാസ്റ്റില്‍ സംസാരിച്ചത്.

‘എന്റെ കാര്യങ്ങളില്‍ ചിലരൊക്കെ അനാവശ്യമായ രീതിയില്‍ ഇടപെടുന്നുണ്ട്. ചില സമയങ്ങളില്‍ അങ്ങനെയുള്ളവരെ കുറച്ചധികം അസ്വസ്ഥരാക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഇപ്പോള്‍ ഈ പറഞ്ഞ ആളുകളെല്ലാം ‘ഞാന്‍ ഇനി എങ്ങോട്ടാണ് പോകുക’ എന്ന് അന്വേഷിച്ച് നടക്കുകയാണ്,’ പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

ഇതിനുപിന്നാലെ സ്മിത പ്രകാശ് ‘നിങ്ങള്‍ സാരിയുടുത്ത ശശി തരൂരാണ്’ എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഈ വിശേഷണം തനിക്കുള്ള പ്രശംസയാണോ അതോ ശശി തരൂരിനുള്ള പ്രശംസയാണോ എന്ന് പ്രിയങ്ക ചോദിക്കുന്നുണ്ട്. ഇക്കാര്യം ശശി തരൂരിനോട് പറയുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയാണ് ശശി തരൂര്‍ നല്‍കിയത്. എ.എന്‍.ഐയുടെ അഭിമുഖം എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് ശശി തരൂര്‍ പ്രതികരിച്ചത്.

അടുത്തിടെ പ്രിയങ്ക ചതുര്‍വേദിയും ശശി തരൂരും സമാനമായ ആരോപണങ്ങളാണ് നേരിട്ടിരുന്നത്. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന വിധത്തില്‍ ചര്‍ച്ചകള്‍ ഉയരുകയായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സഞ്ജീവ് ഗാന്ധിയെയും വിമര്‍ശിച്ചതും ഉള്‍പ്പെടെ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

പാര്‍ട്ടി നിലപാടുകള്‍ക്ക് വ്യത്യസ്തമായി തുടര്‍ച്ചയായി പ്രതികരിച്ചത് ശശി തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തള്ളിപ്പറയുന്നതിനും ദേശീയ തലത്തില്‍ മുന്നറിയിപ്പുകള്‍ ലഭിക്കുന്നതിനും ഇടയാക്കിയിരുന്നു.

Content Highlight: Journalist calls Priyanka Chaturvedi ‘Shashi Tharoor in a saree’; Shashi Tharoor responds

We use cookies to give you the best possible experience. Learn more