| Wednesday, 19th March 2025, 11:36 am

മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍; റഷ്യ-ഉക്രൈന്‍ വിഷയത്തില്‍ മോദിയുടെ നയമായിരുന്നു ശരിയെന്ന് പ്രസ്താവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ മോദി തെരഞ്ഞെടുത്ത് നിലപാടായിരുന്നു ശരിയെന്ന് താന്‍ പിന്നീട് മനസിലാക്കിയെന്ന് പറഞ്ഞ തരൂര്‍ തന്റെ നിലപാട് മറ്റൊരു ദിശയിലായിപ്പോയെന്നും സമ്മതിച്ചു.

രണ്ട് രാജ്യങ്ങളുമായി നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞെന്ന് പറഞ്ഞ തരൂര്‍ മോദിയുടെ നയത്തെ താന്‍ എതിര്‍ത്തത് തെറ്റായിപ്പോയെന്നും പറഞ്ഞു. ന്യൂദല്‍ഹിയിലെ റെയ്‌സിന ഡയലോഗിലെ ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോള്‍ ഇന്ത്യയുടെ നിലപാടിനെ തരൂര്‍ വിമര്‍ശിച്ചിരുന്നു. അന്ന് ആക്രമണത്തെ അപലപിക്കാന്‍ ആഹ്വാനം ചെയ്ത തരൂര്‍ ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വലിയ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

എന്നാല്‍ അന്ന് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ ലംഘനവും ഉക്രൈന്റെ പരമാധികാരത്തിന്റെ ലംഘനവും ഉണ്ടായതിനാലാണ് അങ്ങനെ സംസാരിച്ചതെന്ന് തരൂര്‍ പറഞ്ഞു. അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബലപ്രയോഗം അസ്വീകാര്യമാണെന്ന് ഞങ്ങള്‍ എല്ലായ്‌പ്പോഴും വാദിച്ചിരുന്നു എന്നും അതിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ വിമര്‍ശനമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

‘അന്ന് ഈ തത്വങ്ങളെല്ലാം ഒരു പാര്‍ട്ടി ലംഘിച്ചു. നമ്മള്‍ അതിനെ അപലപിക്കേണ്ടതായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ നിലപാട് തെറ്റായിരുന്നു എന്നെനിക്ക് തോന്നുന്നു. കാരണം രണ്ടാഴ്ച ഇടവേളയില്‍ മോസ്‌കോയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റിനെയും ഉക്രൈന്‍ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്ന് നമുക്ക് വ്യക്തമായി,’ തരൂര്‍ പറഞ്ഞു. ഇന്ന് വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രം സാധിക്കുന്ന വിധത്തില്‍ ശാശ്വത സമാധാനത്തിന് മാറ്റം വരുത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തരൂരിന്റെ പ്രശംസ ബി.ജെ.പി ഏറ്റെടുത്തു. തരൂരിനെ ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അദ്ദേഹത്തിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്. കൂടാതെ മറ്റു കോണ്‍ഗ്രസുകാരില്‍ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ ആഗോള നേതൃത്വത്തെ തരൂര്‍ കാണുന്നത് സ്വാഗതാര്‍ഹമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

മുമ്പും നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന പ്രസ്താവനയുമായി തരൂര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ കുടിയേറ്റക്കാരെ കൈവിലങ്ങ് അണിയിച്ച് സൈനിക വിമാനത്തില്‍ അയയ്ക്കുന്നത് ശരിയല്ലെന്ന് ട്രംപിനോട് മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകുമെന്ന്‌ മുമ്പ് തരൂര്‍ പറഞ്ഞിരുന്നു.

Content Highlight: Shashi Tharoor praises Modi again; says Modi’s policy on Russia-Ukraine issue was right

We use cookies to give you the best possible experience. Learn more