ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ വീണ്ടും വിവാദത്തില്‍. മോദി സംസാരിക്കുന്ന സ്വകാര്യ പരിപാടിയില്‍ സദസിലൊരാളായി ഇരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് തരൂര്‍ എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ രാംനാഥ് ഗോയങ്കെ ലക്ചറില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ പങ്കിട്ടുകൊണ്ടാണ് തരൂരിന്റെ കുറിപ്പ്.
വികസനത്തോടുള്ള ഇന്ത്യയുടെ സൃഷ്ടിപരമായ അക്ഷമയെ കുറിച്ചും പോസ്റ്റ് കൊളോണിയല്‍ മനോഭാവമാണ് നമുക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞതായി തരൂര്‍ പോസ്റ്റില്‍ വിശദീകരിച്ചു.
ഇന്ത്യ വളര്‍ന്നുവരുന്ന വെറുമൊരു വിപണിയല്ല. ലോകത്തിന് മുന്നില്‍ വളര്‍ന്നുവരുന്ന ഒരു മാതൃകയാണെന്ന് പ്രധാനമന്ത്രി ഊന്നി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധ ശേഷിയെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചതായും തരൂര്‍ പറയുന്നു.
മോദിക്കെതിരായ വിമര്‍ശനങ്ങളെയും തരൂര്‍ എക്‌സ് പോസ്റ്റിലൂടെ പ്രതിരോധിക്കുന്നുണ്ട്. പരിപാടിയില്‍ സംസാരിക്കുന്നതിനിടെ തനിക്കെതിരായി ഉയര്‍ന്നു കേള്‍ക്കുന്ന ‘മോദി എപ്പോഴും തെരഞ്ഞെടുപ്പ് മൂഡിലാണ്’ എന്ന ആരോപണത്തെ മോദി തള്ളിപ്പറഞ്ഞിരുന്നു.
യഥാര്‍ത്ഥത്തില്‍ താന്‍ വൈകാരികമായ (ഇമോഷണല്‍) മൂഡിലാണ് എന്നായിരുന്നു മോദിയുടെ തിരുത്തല്‍. ഈ വിശദീകരണവും തന്റെ എക്‌സ് പോസ്റ്റില്‍ ഉള്‍പ്പെടുത്തി കൊണ്ട് മോദിയെ പരമാവധി പിന്തുണയ്ക്കുന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചിരിക്കുന്നത്.
മെക്കാളെ പ്രഭു തകര്‍ത്ത ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചു പറയുന്നതും, 200 വര്‍ഷമായി തുടരുന്ന വിദ്യാഭ്യാസ രംഗത്തെ അടിമ മാനസികാവസ്ഥയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതുമാണ് മോദിയുടെ പ്രസംഗമെന്നും തരൂര്‍ പ്രശംസിച്ചു.
മോദിയുടെ പ്രസംഗം ഒരു വലിയ സാമ്പത്തിക വീക്ഷണത്തിന് വേണ്ടിയുള്ള സാംസ്‌കാരിക ആഹ്വാനമാണെന്നും പുരോഗതിക്കായി മുറവിളി കൂട്ടാന്‍ പ്രേരിപ്പിക്കുന്നതാണെന്നും തരൂര്‍ എക്‌സിലൂടെ പറഞ്ഞു.
ഈ ചടങ്ങിലേക്ക് കടുത്ത ജലദോഷത്തോടും ചുമയോടും പോരാടി കൊണ്ടാണ് താന്‍ പങ്കെടുത്തതെന്നും തരൂര്‍ വിശദീകരിക്കുന്നുണ്ട്. മുന്‍ ബി.ജെ.പി കേന്ദ്ര മന്ത്രിയായ രവി ശങ്കറും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പരിപാടിയില്‍ തനിക്ക് ഒപ്പം പങ്കെടുത്തിരുന്നെന്ന് ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് തരൂര്‍ പറഞ്ഞു.
അതേസമയം, തരൂരിന്റെ ഈ പ്രശംസ ബി.ജെ.പിയില്‍ ചേരുന്നതിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്ന് വിമര്‍ശിക്കുകയാണ് കമന്റ് ബോക്‌സ്.
മികച്ച വ്യാകരണ ശൈലിയുള്ള മൃദു സംഘിയാണ് തരൂര്‍ എന്നും മോദിയുടെ വാദങ്ങളെ മൃദുവായി മിനുക്കിയെടുത്ത് മാത്രം അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അല്‍ ഫാര്‍സി എന്ന എക്‌സ് യൂസര്‍ അക്കൗണ്ടില്‍ നിന്നും വിമര്‍ശിക്കുന്നു.
തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ട് പ്രതിപക്ഷത്ത് നില്‍ക്കുന്നവരെ ദിവസവും പുകഴ്ത്തുകയാണെന്നാണ് കുമാര്‍ എന്ന എക്‌സ് യൂസര്‍ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസില്‍ തന്നെയാണോ ഇപ്പോഴും തരൂരുള്ളതെന്നും അതോ പാര്‍ട്ടി വിട്ടോ എന്നുമുള്ള ചോദ്യങ്ങളും നിരവധിപേര്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം, കുറച്ചുനാളുകളായി മോദിയെയും ബി.ജെ.പിയുടെ നിലപാടുകളെയും പിന്തുണയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന നിലപാടുകളാണ് തരൂര്‍ സ്വീകരിക്കുന്നത്. മോദിയുടെ ഊര്‍ജസ്വലതയെയും ആഗോള വീക്ഷണത്തെയും പുകഴ്ത്തി സംസാരിച്ച തരൂര്‍, ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളുമായി സൗഹൃദം പുതുക്കാനുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി സംഘത്തിലും ഉള്‍പ്പെട്ടിരുന്നു.
നവംബര്‍ എട്ടിന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നും അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചും വിവാദങ്ങളിലകപ്പെട്ടിരുന്നു.
ബാബ്‌റി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച രഥയാത്ര നടത്തിയതിന്റെ പേരില്‍ അദ്വാനിയുടെ മറ്റ് നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.
തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവും അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. പതിവുപോലെ തരൂര്‍ സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഈ വിവാദങ്ങളില്‍ നിന്നും അകലം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഒരു ലേഖനത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം കുടുംബ ബിസിനസായി മാറുന്നുവെന്നും രാജ്യത്തെ രാഷ്ട്രീയം ചില കുടുംബങ്ങളെ ചുറ്റിപ്പറ്റി നടക്കുന്നിടത്തോളം ജനാധിപത്യത്തിന് യഥാര്‍ത്ഥ അര്‍ത്ഥം ലഭിക്കില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു.
Content Highlight: Glad to be in the audience where Modi is speaking; Tharoor praises Modi again