| Thursday, 18th December 2025, 6:58 am

കേരളം ആതിഥേയത്വം വഹിക്കുമായിരുന്നില്ലേ, തിരുവനന്തപുരത്തെ AQI 68 മാത്രം; വിമര്‍ശനവുമായി ശശി തരൂര്‍

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20 മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ശശി തൂര്‍ എം.പി. ലഖ്‌നൗവിലെ വായുനിലവാര സൂചികയെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു തരൂരിന്റെ വിമര്‍ശനം.

ഗ്രൗണ്ട് പൂര്‍ണമായും പുകമഞ്ഞ് മൂടുകയും മത്സരം നടത്താന്‍ സാധിക്കില്ലെന്ന് അമ്പയര്‍മാര്‍ വിധിയെഴുതുകയും ചെയ്തതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഇതിന് പിന്നാലെ എക്‌സിലെഴുതിയ കുറിപ്പില്‍ മത്സരം ഉപേക്ഷിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച തരൂര്‍, ലഖ്‌നൗവിനേക്കാള്‍ വായുനിലവാര സൂചികയില്‍ എത്രയോ മുമ്പിലുള്ള തിരുവനന്തപുരത്ത് ഈ മത്സരം നടത്താന്‍ സാധിക്കുമായിരുന്നു എന്നും പറഞ്ഞു.

‘ലഖ്‌നൗവില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള നാലാം മത്സരം ആരംഭിക്കാനായി ആരാധകര്‍ വെറുതെ കാത്തിരിക്കുകയാണ്. മിക്ക ഉത്തരേന്ത്യന്‍ നഗരങ്ങളിലും പുകമഞ്ഞ് കാരണം ഒരു ക്രിക്കറ്റ് മത്സരം നടത്താന്‍ അവര്‍ക്ക് സാധിക്കില്ല. 411 എന്ന AQI (Air Quality Index) ഉള്ള സ്ഥലക്ക് ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. AQI 68 ഉള്ള തിരുവനന്തപുരത്ത് അവര്‍ മത്സരം ഷെഡ്യൂള്‍ ചെയ്യണമായിരുന്നു,’ ശശി തരൂര്‍ പറഞ്ഞു.

ലഖ്‌നൗവിലെ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തെ മൂടി പുകമഞ്ഞില്‍ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഒറ്റ പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം.

‘ലഖ്നൗവിന്റെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്174 ആണ്, ഇത് മിതമായ വായു ഗുണനിലവാരത്തെ സൂചിപ്പിക്കുന്നതാണ്. സ്വകാര്യ ആപ്പുകളില്‍ നിന്ന് ശേഖരിച്ച തെറ്റിദ്ധരിപ്പിക്കുന്ന വായു ഗുണനിലവാര സൂചക കണക്കുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്,’ എന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ വാദം.

സ്റ്റേഡിയത്തിലെ പുകമഞ്ഞ്. Photo: BCCI/x.com

മത്സരം നടത്തുന്നതിനായി അമ്പയര്‍മാര്‍ പല തവണ പരിശോധനകള്‍ നടത്തിയിരുന്നു. മൂന്ന് മണിക്കൂറിനിടെ ആറ് തവണ പരിശോധിച്ചെങ്കിലും മത്സരം നടക്കാന്‍ സാധിക്കില്ല എന്ന് അമ്പയര്‍മാര്‍ വിലയിരുത്തുകയായിരുന്നു. മത്സരം ആരംഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒടുവില്‍ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

പരമ്പരയിലെ നാലാം മത്സരം ഉപേക്ഷിക്കപ്പട്ടെങ്കിലും ആതിഥേയരാണ് പരമ്പരയില്‍ മുമ്പില്‍. 2-1നാണ് പരമ്പരയില്‍ ഇന്ത്യ ലീഡ് നേടിയിരിക്കുന്നത്.

നാളെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് അഞ്ചാം മത്സരത്തില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. ജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാകും ഇന്ത്യയും കളത്തിലിറങ്ങുക.

Content Highlight: Shashi Tharoor opposes India-South Africa 4th match being abandoned due to poor AQI

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more