| Saturday, 22nd November 2025, 1:05 pm

ഇതാണ് ജനാധിപത്യം; ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട്; മംദാനിയുടെയും ട്രംപിന്റെയും കൂടിക്കാഴ്ചയില്‍ ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി.

തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കങ്ങളൊക്കെ മറന്ന് രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്ന് തരൂര്‍ പറഞ്ഞു.

മംദാനിയും ട്രംപും സംസാരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് പങ്കിട്ടാണ് തരൂരിന്റെ പ്രതികരണം.

ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കായി തടസങ്ങളില്ലാതെ ശക്തമായി വാദിക്കുക, എന്നാല്‍ എപ്പോഴാണോ അത് അവസാനിക്കുന്നത് അപ്പോള്‍ മുതല്‍ ജനങ്ങള്‍ക്ക് വേണ്ടി, രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് വേണ്ടി, സത്യപ്രതിജ്ഞയനുസരിച്ച് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. ഇന്ത്യയിലും ഇങ്ങനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ തരൂര്‍ എക്‌സില്‍ കുറിച്ചു.

കൂടാതെ, ഇന്ത്യയിലും സമാനമായ രീതി സ്വീകരിക്കാനാണ് തന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങളെന്നും തരൂര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചവരായിരുന്നു എതിര്‍ചേരിയിലുള്ള ട്രംപും മംദാനിയും. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസില്‍ സൗഹൃദം പങ്കിടുന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു.

മംദാനിക്കെതിരെ നിരന്തരം സംസാരിച്ചിരുന്ന ട്രംപ്, വൈറ്റ് ഹൗസിലെ ആദ്യ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തെ യഥാര്‍ത്ഥ രാജ്യസ്‌നേഹി എന്നടക്കം വിളിച്ച് പ്രശംസിച്ചിരുന്നു.

ന്യൂയോര്‍ക്കിന്റെ മികച്ച മേയറായിരിക്കും മംദാനി. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. മംദാനിയുടെ മികവില്‍ താന്‍ സന്തോഷവാനായിരിക്കും.

പൊതുവായി തങ്ങളിരുവരും ആഗ്രഹിക്കുന്നത് ഒരേ കാര്യമാണ്. അത് ന്യൂയോര്‍ക്ക് ഗരത്തിന്റെ വളര്‍ച്ചയാണ്. വിചാരിച്ചതിലും തൂടുതല്‍ കാര്യങ്ങളില്‍ തങ്ങളിരുവര്‍ക്കും തമ്മില്‍ യോജിപ്പുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.

Content Highlight: This is how democracy should work; I Love to see this in India too; Shashi Tharoor on Mandani and Trump’s meeting

We use cookies to give you the best possible experience. Learn more