| Friday, 12th December 2025, 2:50 pm

തുടര്‍ച്ചയായി മൂന്നാം തവണയും കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍; മനപൂര്‍വമല്ലെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തില്‍ നിന്നും വിട്ടുനിന്ന് ശശി തരൂര്‍ എം.പി. ദല്‍ഹിയിലെ യോഗത്തില്‍ പങ്കെടുക്കാതെ കൊല്‍ക്കത്തയിലെ ഒരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു തരൂര്‍.

അതേസമയം, തരൂര്‍ വിട്ടുനില്‍ക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. എം.പി മനപൂര്‍വം വിട്ടുനില്‍ക്കുന്നതല്ലെന്നാണ് വിശദീകരണം. ചണ്ഡീഗഡില്‍ നിന്നുള്ള എം.പി മനീഷ് തിവാരിയും യോഗത്തില്‍ പങ്കെടുത്തില്ല.

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി നവംബര്‍ അവസാന വാരത്തില്‍ നടത്തിയ പാര്‍ട്ടിയുടെ തന്ത്രപ്രധാനമായ യോഗത്തിലും തരൂര്‍ പങ്കെടുത്തിരുന്നില്ല. അന്നും മനപൂര്‍വം വിട്ടുനിന്നതല്ലെന്നും കേരളത്തില്‍ നിന്നും തിരികെ വന്നുകൊണ്ടിരിക്കുകയായിരുന്നു എന്നുമായിരുന്നു തരൂരിന്റെ വിശദീകരണം.

മുമ്പ് എസ്.ഐ.ആര്‍ വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചിരുന്നു.

അന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും യോഗത്തിനെത്തിയിരുന്നില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

എന്നാല്‍, കഴിഞ്ഞ ദിവസത്തെ യോഗത്തിലുള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ നിന്നും ശശി തരൂര്‍ വിട്ടുനില്‍ക്കുന്നതും സമീപ കാലത്തെ ബി.ജെ.പി സര്‍ക്കാരിന് അനുകൂലമായ നിലപാടുകളും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് രാഷ്ട്രപതി ഭവനിലൊരുത്തിയ വിരുന്നില്‍ ശശി തരൂര്‍ പങ്കെടുത്തതും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും ക്ഷണം ലഭിച്ചിരുന്നില്ല,

എന്നാല്‍ ശശി തരൂരിന് മാത്രം ക്ഷണം ലഭിക്കുകയും അദ്ദേഹം ക്ഷണം ലഭിച്ചത് വലിയ കാര്യമാണെന്ന തരത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. അത്താഴ വിരുന്നില്‍ പങ്കെടുത്ത ഏക കോണ്‍ഗ്രസ് നേതാവായിരുന്നു ശശി തരൂര്‍.

അന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ഉള്‍പ്പെടെ തരൂരിന്റെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ലഭിക്കാത്ത ക്ഷണം തനിക്ക് ലഭിക്കുമ്പോള്‍ അതിനുള്ളില്‍ നടക്കുന്ന കളി മനസിലാക്കാന്‍ ശ്രമിക്കണം. നമ്മള്‍ ആ കളിയുടെ ഭാഗമാകരുതെന്ന ആന്തരിക ശബ്ദം മനസിലാക്കാന്‍ ശ്രമിക്കണമെന്നും ഖേര പറഞ്ഞിരുന്നു.

Content Highlight: Shashi Tharoor misses Congress meeting for third consecutive time; explains that it was not intentional

We use cookies to give you the best possible experience. Learn more