തിരുവനന്തപുരം: മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാന്‍ ഡി.എം.കെ നിബന്ധനകള്‍ മുന്നോട്ടുവെച്ചതില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എം.പി. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുന്‍കാലങ്ങളില്‍ ശക്തമായി ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് ഡി.എം.കെയെന്നും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതില്‍ നിരാശയുണ്ടെന്നാണ് ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം വരെ തമിഴ്നാട്ടില്‍ അധികാരത്തിലിരുന്ന ഡി.എം.കെ, തമിഴ്നാട്ടില്‍ ഹിന്ദി പഠിപ്പിക്കാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സംസ്ഥാനത്ത് അനുവദിച്ചിരുന്നില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
‘എന്നാല്‍, ബി.ജെ.പിയുടെ വലിയ രാഷ്ട്രീയ അജണ്ട പരിഗണിക്കാതെ, സീറ്റുകളുടെ വര്‍ധന ആനുപാതികമാണെന്ന ദുര്‍ബലമായ വാദത്തിന്റെ പേരില്‍ ഇത്തരമൊരു പാര്‍ട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്, തങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍നിന്നുള്ള പിന്മാറ്റമായാണ് ഞാന്‍ കാണുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.എം.കെയില്‍ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ടെന്നും വര്‍ഷങ്ങളായി അവരുമായി നല്ല പ്രവര്ത്തനബന്ധമാണ് പുലര്‍ത്തി വരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്ന നിലപാടിനെ യഥാര്‍ഥ ദ്രാവിഡ രാഷ്ട്രീയത്തെ പിന്തുണക്കുന്നവര്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആനുപാതിക വര്‍ധനയെന്ന വാദം ദുര്‍ബലമാണെന്ന് ഉദാഹരണത്തോടെയാണ് ശശി തരൂര്‍ വ്യക്തമാക്കിയത്.
‘ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് നിങ്ങളെന്ന് കരുതുക. നിങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും നിങ്ങളുടെ ഡ്രൈവര്‍ക്ക് 20,000 രൂപയുമാണ് ശമ്പളം. അതായത് 10:1 എന്ന അനുപാതം. എല്ലാവര്ക്കും 50 ശതമാനം ശമ്പളവര്‍ധന പ്രഖ്യാപിക്കുന്നു. അപ്പോള്‍ നിങ്ങളുടെ ശമ്പളം മൂന്ന് ലക്ഷമാകും;ഡ്രൈവറുടേത് 30,000 രൂപയും. അനുപാതം ഇപ്പോഴും 10:1 തന്നെയാണ്. എന്നാല്‍ നിങ്ങളാണോ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്? തീര്‍ച്ചയായും. നിങ്ങളുടെ കൈവശം കൂടുതല്‍ പണമുണ്ടാകും, കൂടുതല്‍ ചെലവഴിക്കാവുന്ന സമ്പത്തുണ്ടാകും, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ലക്ഷ്യം അതുതന്നെയാണെന്നും ഡി.എം.കെ ആ കെണിയില്‍ വീണിട്ടുണ്ടെങ്കില്‍ സ്വയം ചിന്തിച്ച് തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം അവര്‍ നിറവേറ്റുന്നില്ലെന്നാണ് അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണെങ്കില്‍, യാതൊരു കാരണവശാലും ലോക്സഭയില്‍ തമിഴ്നാടിന് നിലവിലുള്ള 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കാന്‍ പാടില്ലെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ 1971ലെ സെന്‍സസ് അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ളതും നേരത്തെ മരവിപ്പിച്ചതുമായ സംസ്ഥാനങ്ങളുടെ നിലവിലെ പാര്‍ലമെന്ററി പ്രാതിനിധ്യ അനുപാതം അടുത്ത 25 വര്‍ഷത്തേക്ക് കൂടി മാറ്റമില്ലാതെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Shashi Tharoor expresses disappointment with DMK’s stance in Constituency Delimitation Bill.