ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന അറ്റ്ലി ചിത്രം പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ പേര് ജവാന്‍ എന്നാണ്. ചിത്രത്തിന്റെ ടീസറും റിലീസ് ചെയ്തിട്ടുണ്ട്.
നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ് ആദ്യമായി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ചിത്രത്തിനായി സംഗീത സംവിധാനം ചെയ്യാന്‍ ഏറെ സന്തോഷമുണ്ടെന്ന് അനിരുദ്ധ് ട്വിറ്ററില്‍ കുറിച്ചു.
ചിത്രം 2023 ജൂണ് 2 ന് തിയേറ്ററുകളില്‍ എത്തും.
നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ് ആരാധകര്‍. ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനാണ് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തപ്‌സി പന്നു നായികയായ രാജ്കുമാര്‍ ഹിരാനിയുടെ ദുങ്കിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാരൂഖിന്റെ മറ്റൊരു ചിത്രം.
വിഖ്നേഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങിയ കാതു വാക്കുല രണ്ടു കാതലാണ് ഒടുവില്‍ റിലീസ് ചെയ്ത നായന്‍താരയുടെ ചിത്രം. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സാമന്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Content Highlight : Sharukh khan starring Jawan movie Announced directed by Atlee