| Monday, 20th January 2025, 11:34 am

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

നാല് കുറ്റങ്ങളാണ് ഗ്രീഷ്മക്കെതിരെ കോടതി കണ്ടെത്തിയത്. ഇതില്‍ ഷാരോണിനെ കഷായം നല്‍കാന്‍ വിളിച്ചുവരുത്തിയതില്‍ ചുമത്തിയ തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് ഗ്രീഷ്മയ്ക്ക് 10 വര്‍ഷം തടവും കോടതി വിധിച്ചു.

കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു. 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്.

പ്രോസിക്യൂഷന്‍ കൃത്യമായ ശാസ്ത്രീയ തെളിവുകളാണ് ഹാജരാക്കിയതെന്നും പൊലീസ് സമര്‍ത്ഥമായി കേസ് അന്വേഷിച്ചുവെന്നും കോടതി പറഞ്ഞു. കേരള പൊലീസിന് അഭിനന്ദിച്ച് കൊണ്ടായിരുന്നു കോടതി വിധി.

ഗ്രീഷ്മക്കെതിരെ കോടതി സ്വമേധയാ ഐ.പി.സി സെക്ഷൻ 307 ചുമത്തുകയും ചെയ്തു. 2022 മാര്‍ച്ച് 22ന് ഗ്രീഷ്മ ജ്യൂസില്‍ പാരാക്വാറ്റ് (Paraquate) കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷാരോണിനെതിരെ അന്ന് നടന്നത് വധശ്രമമാണെന്ന് കോടതി സ്വമേധയാ കണ്ടെത്തുകയായിരുന്നു.

ഗ്രീഷ്മക്കെതിരെ പൊലീസ് പ്രസ്തുത സംഭവത്തിൽ വകുപ്പുകൾ ചുമത്തിയിരുന്നില്ല. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിയുടെ പ്രായം കണക്കിലെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ബന്ധം അവസാനിപ്പിക്കാന്‍ വിഷം കൊടുത്തുകൊണ്ടുള്ള കൊല തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. ഷാരോണിന് പരാതി ഇല്ല എന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നും വിധിയില്‍ പറയുന്നു.

ഷാരോണിന്റെ മാതാപിതാക്കളെ കോടതി മുറിയിലേക്ക് പ്രത്യേകമായി എത്തിച്ചതിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്മ കുറ്റവാളിയാണെന്ന് കോടതി വിധിച്ചത്.

കേസിലെ രണ്ടാംപ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരായ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും അമ്മാവന്‍ കുറ്റക്കാരനാണെന്നുമാണ് കോടതി കണ്ടെത്തിയത്.

ഷാരോണ്‍ കഷായം കുടിക്കുന്നതും ഗ്രീഷ്മ വിഷം കലര്‍ത്തുന്നതും നേരിട്ട് കാണാത്ത സാക്ഷികളുടെ അഭാവത്തില്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.

കീടനാശിനിയുടെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ഗൂഗിളില്‍ ഗ്രീഷ്മ നടത്തിയ സെര്‍ച്ചുകള്‍, വാട്സ്ആപ്പ് ചാറ്റുകള്‍, ജ്യൂസ് ചലഞ്ച് വീഡിയോ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍, ഷാരോണിന്റെ സുഹൃത്ത്, സഹോദരന്‍, പിതാവ് എന്നിവരുടെ മൊഴികളും പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

Content Highlight: Sharon murder case; capital punishment for Greeshma

We use cookies to give you the best possible experience. Learn more