| Tuesday, 14th October 2025, 7:47 am

ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടക്കാല ജാമ്യം തേ‌ടി ഷർജിൽ ഇമാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം തേടി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റും ജെ.എൻ.യുവിലെ മുൻ ഗവേഷണ വിദ്യാർത്ഥിയുമായ ഷർജിൽ ഇമാം.

ഷർജിൽ ദൽഹി കോടതിയെ സമീപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദൽഹി കലാപ ഗൂഢാലോചന കേസ് പരിഗണിക്കുന്ന കർകർഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്പായ്ക്ക് മുമ്പാകെയാണ് ഷർജിൽ ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചത്. ഒക്ടോബർ 15 മുതൽ ഒക്ടോബർ 29 വരെ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

താൻ ഒരു രാഷ്ട്രീയ തടവുകാരനാണെന്ന് ഇടക്കാല ജാമ്യാപേക്ഷയിൽ അദ്ദേഹം പറഞ്ഞു. ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബഹദൂർഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ഇമാം ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി ജയിലിൽ കഴിയുകയാണ് ഷർജിൽ ഇമാം.

2019 ഡിസംബറിൽ ദൽഹിയിലും 2020 ജനുവരിയിൽ അലിഗഢ്, അസൻസോൾ, ചക്ബന്ദ് എന്നിവിടങ്ങളിലും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് 2020 ജനുവരിയിൽ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കലാപത്തിലേക്ക് വഴിവെക്കുന്ന പ്രസംഗങ്ങൾ നടത്തിയെന്നും ചില മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്നതാണ് പ്രസംഗമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് ഷർജിൽ ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹം, മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ ചില ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, രാജ്യ വിരുദ്ധ പ്രസ്താവനകൾ നടത്തൽ, വിദ്വേഷം സൃഷ്ടിക്കുക എന്നീ വകുപ്പുകളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

മറ്റ് കേസുകളിൽ ഷർജിൽ ഇമാമിന് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും ദൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് നിലനിൽക്കുന്നതിനാൽ ജയിൽമോചനം സാധ്യമായിട്ടില്ല. കലാപവുമായി ബന്ധപ്പെട്ട കേസിൽ സെപ്റ്റംബറിൽ ദൽഹി ഹൈക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ബീഹാർ തെരഞ്ഞെടുപ്പ് നവംബർ ആറിനും 11നും നടക്കും. തെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്. ബി.ജെ.പിയും ജനതാദൾ യുണൈറ്റഡും (ജെ.ഡി.യു) 101 വീതം സീറ്റുകളിലാണ് മത്സരിക്കുക. തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എമ്മും അറിയിച്ചിട്ടുണ്ട്.

Conntent Highlight: Sharjeel Imam seeks interim bail to contest Bihar elections

We use cookies to give you the best possible experience. Learn more