| Thursday, 5th November 2026, 5:54 pm

പ്രോസിക്യൂഷന്‍ ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല; ജാമ്യം തേടി ഷര്‍ജീല്‍ ഇമാം സുപ്രീം കോടതിയില്‍

റെന്വര്‍ പി

ന്യൂദല്‍ഹി: യു.എ.പി.എ കേസില്‍ ആറ് വര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഇമാം ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. 2020ലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് ഷര്‍ജീല്‍ തടവില്‍ കഴിയുന്നത്. കേസില്‍ ദല്‍ഹി ഹൈക്കോടതി അടുത്തിടെ അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷര്‍ജീല്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി അഞ്ചിന് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച്, ഷര്‍ജീല്‍ ഇമാമിനും വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിനും ഈ കേസില്‍ ജാമ്യം നിഷേധിച്ചിരുന്നു. ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ കേസിലെ സംരക്ഷിത സാക്ഷികളെ വിസ്തരിച്ച് തീരുന്നത് വരെയൊ ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നും കോടതി അന്ന് ഉത്തരവിട്ടിരുന്നു.

പ്രോസിക്യൂഷന്‍ ഇതുവരെ സംരക്ഷിത സാക്ഷികളെ വിസ്തരിക്കാന്‍ തയ്യാറായിട്ടില്ലെന്നും, സുപ്രീം കോടതി ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് അവസാനിക്കാറായെന്നും ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീല്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

2020 സെപ്റ്റംബര്‍ 25-നാണ് തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് തന്റെ ഹര്‍ജിയില്‍ ഷര്‍ജീല്‍ ഇമാം ഓര്‍മിപ്പിക്കുന്നു. കേസില്‍, 47 സംരക്ഷിത സാക്ഷികള്‍ ഉള്‍പ്പെടെ 900-ലധികം സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. വിചാരണ കാത്ത് ആറ് വര്‍ഷവും ഒമ്പത് മാസവും ജയിലില്‍ കഴിഞ്ഞിട്ടും, ഒരു സാക്ഷിയെപ്പോലും വിസ്തരിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ഹരജിയില്‍ ഇമാം പറഞ്ഞു.

ജനുവരിയിലെ സുപ്രീം കോടതി വിധിക്ക് ശേഷവും ഷര്‍ജീലും ഉമറും ജാമ്യം തേടി വിചാരണ കോടതിയെ സമീപിച്ചിരുന്നു. ജനുവരിയിലെ സുപ്രീം കോടതി വിധിയില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ഈ വര്‍ഷം മെയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു അത്. എന്നാല്‍ സുപ്രീം കോടതി നിശ്ചയിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജൂലൈ നാലിന് ആ ഹരജി വിചാരണ കോടതി തള്ളിയിരുന്നു.

തുടര്‍ന്ന് സെപ്റ്റംബര്‍ 30ന്, ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് ദിനേഷ് ഭട്ട് എന്നിവരടങ്ങുന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും, സുപ്രീം കോടതിയുടെ ഉത്തരവില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

Content Highlight: Sharjeel Imam Moves Supreme Court Seeking Bail In Delhi Riots UAPA Case, Says Prosecution Yet To Examine Even One Witness

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more