ദിലീപിനെ നായകനാക്കി നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ദിലീപിന്റെ 150ാമത് സിനിമയായി തിയേറ്ററുകളിലെത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിഷു റിലീസായെത്തിയ ചിത്രം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി. തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ ദിലീപിന് ലഭിച്ച ആശ്വാസജയമായി പ്രിന്‍സ് മാറി.
എന്നാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും യൂട്യൂബ് റിവ്യൂവര്‍ അശ്വന്ത് കോക്കും തമ്മിലുള്ള സൈബര്‍ യുദ്ധമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചിത്രത്തിന്റെ ആദ്യദിവസം തന്നെ കഥയടക്കം വിവരിച്ചുകൊണ്ടുള്ള നെഗറ്റീവ് റിവ്യൂ ആയിരുന്നു അശ്വന്ത് കോക്ക് പങ്കുവെച്ചത്. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ 50ാം ദിനാഘോഷവേളയില്‍ ഷാരിസ് അശ്വന്ത് കോക്കിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഒന്നാമത്തെ ദിവസം നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്ത 500Kസബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബറിനുള്ള മറുപടിയാണ് ബാക്കിയുള്ള 49 ദിവസത്തെ ഈ സിനിമയുടെ പ്രദര്‍ശനമെന്നാണ് ഷാരിസ് പറഞ്ഞത്. ചിത്രത്തില്‍ ദിലീപ് നായികയുടെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ എറിഞ്ഞുടക്കുന്നത് ഇത്തരം യൂട്യൂബര്‍മാര്‍ക്കുള്ള മറുപടിയാണെന്നും തിരക്കഥാകൃത്ത് കൂട്ടിച്ചേര്‍ത്തു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ തന്നെ സിനിമയെക്കുറിച്ച് അറിയുന്നവരാണ് മലയാളികളെന്നും നല്ല സിനിമകളെ അവര്‍ വിജയിപ്പിക്കുമെന്നും ഷാരിസ് പറയുന്നു.
‘ഈ സിനിമക്ക് ചിലര്‍ ആദ്യത്തെ ദിവസം തന്നെ നെഗറ്റീവ് റിവ്യൂവാണ് പറഞ്ഞത്. അതും സിനിമയുടെ മൊത്തം കഥയും വിവരിച്ചുകൊണ്ടായിരുന്നു ആ റിവ്യൂ. 500K സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബര്‍ക്കുള്ള മറുപടിയാണ് ബാക്കി 49 ദിവസവും ഈ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഈ സിനിമയില്‍ തന്നെ അത്തരം ആളുകള്‍ക്കുള്ള മറുപടിയുണ്ട്.
നായികയുടെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ എറിഞ്ഞുടച്ചിട്ട് ‘ഇത്രയേയുള്ളു നീ’ എന്ന് ദിലീപേട്ടന്‍ പറയുന്നത് അവരോട് കൂടിയാണ്. പിന്നെ മലയാളികളെ നല്ല സിനിമകള്‍ കാണാന്‍ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ തന്നെ സിനിമയോട് ഇഷ്ടം തോന്നുന്നവരാണ് മലയാളികള്‍. നല്ല സിനിമയേതെന്ന് അവരെ ആരു പഠിപ്പിക്കാന്‍ വരണ്ട,’ ഷാരിസ് മുഹമ്മദ് പറയുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ഷാരിസ് മുഹമ്മദിനെ കളിയാക്കിക്കൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് അശ്വന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. അമേരിക്കന്‍ ഗവണ്മെന്റ് വരെ ഷാരിസിന്റെ സേവനം ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ് പല പോസ്റ്റുകളും അശ്വന്ത് പങ്കുവെച്ചു. ‘പച്ച മനുഷ്യന്‍’ എന്ന് കളിയാക്കിക്കൊണ്ടാണ് അശ്വന്ത് ഷാരിസിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. അശ്വന്ത് കോക്ക് ഫ്രസ്റ്റ്രേറ്റഡാണെന്ന് ഇതിന് പിന്നാലെ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Sharis Mohammed criticized Aswanth Kok in Prince and Family movie success celebration without mentioning his name