ഒരു കാലത്ത് ഫുട്‌ബോളില്‍ ‘ജര്‍മന്‍ മനസ്’ എന്നൊരു പ്രത്യേക പദം തന്നെയുണ്ടായിരുന്നു. മത്സരം എത്ര കഠിനമായാലും, സമയം എത്ര കുറവായാലും, സാഹചര്യം എത്ര പ്രതികൂലമായാലും ഒടുവില്‍ ജയിക്കുക ജര്‍മനിയായിരിക്കുമെന്ന വിശ്വാസം എതിരാളികളുടെ മനസില്‍ പോലും നിലനിന്നു.
പെനാല്‍റ്റി ഷൂട്ടൗട്ട് എന്നത് ജര്‍മനിയുടെ വിജയത്തിലേക്കുള്ള ഔപചാരിക നടപടിക്രമം മാത്രമാണെന്നായിരുന്നു ലോക ഫുട്‌ബോളിന്റെ വിശ്വാസം. പക്ഷേ 2026 ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 ല്‍ പരാഗ്വേയ്‌ക്കെതിരായ തോല്‍വിക്കുശേഷം ആ വിശ്വാസത്തിന്റെ അവസാന അവശിഷ്ടങ്ങളും തകര്‍ന്നുവീണതായി തോന്നുന്നു.
ഷൂട്ടൗട്ട് തുടങ്ങും മുമ്പ് തന്നെ രണ്ട് ടീമുകളുടെയും ശരീരഭാഷകള്‍ തമ്മില്‍ വലിയ അന്തരം കണ്ടു. ജര്‍മന്‍ താരങ്ങളില്‍ സമ്മര്‍ദവും പരാജയഭീതിയും പ്രകടമായിരുന്നു. മറുവശത്ത് പരാഗ്വേക്കാരെ സ്വതന്ത്രരും ആത്മവിശ്വാസമുള്ളവരുമായി കണ്ടു. ജീവിതത്തില്‍ മാത്രമല്ല, ഫുട്‌ബോളിലും ആത്മവിശ്വാസം പലപ്പോഴും സാങ്കേതിക മികവിനേക്കാള്‍ വലിയ ആയുധമാണ്.
ജര്‍മന്‍ ഫുട്‌ബോള്‍ ടീം
എക്‌സ്ട്രാ ടൈമിലും ഷൂട്ടൗട്ടിലും നിര്‍ണായക സേവുകളിലൂടെ മത്സരത്തിലെ ഹീറോയായ പരാഗ്വേന്‍ ഗോള്‍കീപ്പര്‍ക്ക് അധിക കരുത്ത് ലഭിച്ചത് എതിരാളിയുടെ സംശയത്തില്‍ നിന്നായിരുന്നു. ഒരു ഗോള്‍കീപ്പര്‍ പന്ത് മാത്രമല്ല, പന്തടിക്കാന്‍ വരുന്നവന്റെ ശരീരഭാഷയും വായിക്കും. ജര്‍മനിക്കാര്‍ അറിയാതെ തന്നെ അവരുടെ ഭയം പരാഗ്വേയുടെ ഗോള്‍കീപ്പറോട് പറഞ്ഞുകൊടുത്തു. അതുകൊണ്ടാണ് ഈ തോല്‍വി ഒരു മത്സരഫലത്തിനപ്പുറം ഒരു ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ മാറ്റത്തിന്റെ കഥ കൂടിയാകുന്നത്.
1954ലെ ‘മിറാക്കിള്‍ ഓഫ് ബേണ്‍’ ഓര്‍ക്കുക. അജയ്യരെന്ന് കരുതപ്പെട്ട ഹംഗറിയെ വീഴ്ത്തിയപ്പോള്‍ ജര്‍മനിക്ക് മികച്ച താരങ്ങള്‍ മാത്രമല്ല, ഫ്രിറ്റ്‌സ് വാള്‍ട്ടര്‍ എന്ന അദമ്യനായ നായകനുമുണ്ടായിരുന്നു.
1974ല്‍ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ ടീമിന്റെ കേന്ദ്രബിന്ദുവായി. 1990ല്‍ ലോതര്‍ മത്തേവൂസിന്റെ നേതൃത്വമാണ് മൂന്നാം ലോകകപ്പിലേക്ക് വഴിതുറന്നത്. 2014ല്‍ ഫിലിപ്പ് ലാം, ബാസ്റ്റ്യന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, മിറോസ്ലാവ് ക്ലോസെ, ടോണി ക്രൂസ്, ജെറോം ബോട്ടേങ്, മാറ്റ്‌സ് ഹമ്മല്‍സ് അടങ്ങിയ സ്വര്‍ണതലമുറ ജര്‍മനിക്ക് നാലാം നക്ഷത്രവും സമ്മാനിച്ചു.
ആ വിജയത്തിനുശേഷം തലമുറമാറ്റം അനിവാര്യമായിരുന്നു. പുതിയ താരങ്ങള്‍ വന്നു. അക്കാദമികള്‍ പ്രവര്‍ത്തിച്ചു. സാങ്കേതികമായി കൂടുതല്‍ മികവുള്ള, വേഗമുള്ള കളിക്കാര്‍ ടീമിലെത്തി. പക്ഷേ ഒരു സത്യമുണ്ട്, സാങ്കേതിക മികവ് വളര്‍ത്താം പക്ഷെ മാനസിക കരുത്ത് അത്ര എളുപ്പത്തില്‍ സൃഷ്ടിക്കാനാവില്ല.
ഇന്നത്തെ ജര്‍മന്‍ ടീമിന് മികച്ച ടാക്ടിക്കല്‍ ഘടനയുണ്ട്. പന്ത് കൈവശം വെക്കാനും പ്രസ്സിങ് നടത്താനും മികച്ച ടീമുകളോട് പൊരുതാനും കഴിയും. എന്നാല്‍ പ്രതിസന്ധിയുടെ നിമിഷങ്ങളില്‍ കളിയുടെ ഭാരം തോളിലേറ്റുന്ന ഒരു കേന്ദ്രനാഡീവ്യൂഹം അവര്‍ക്ക് നഷ്ടമായി.
സമ്മര്‍ദം കത്തുമ്പോള്‍ മനുഷ്യ മസ്തിഷ്‌കത്തിന്റെ തീരുമാനമെടുക്കല്‍ പ്രക്രിയ കുത്തിമറിയുമെന്ന് സ്‌പോര്‍ട്‌സ് സൈക്കോളജി പറയുന്നു. ആത്മവിശ്വാസമുള്ള ടീമുകള്‍ സ്വാഭാവികമായി പ്രതികരിക്കും. സംശയമുള്ള ടീമുകള്‍ അമിതമായി ചിന്തിക്കും. ആ ഒരു നിമിഷത്തെ താമസം മതി കളിയുടെ ഗതിമാറ്റാന്‍.
പരാഗ്വേയ്‌ക്കെതിരെ അതാണ് സംഭവിച്ചത്.
ജര്‍മന്‍ ഫുട്‌ബോള്‍ ടീം
പന്ത് കൈവശം വെക്കലിലും ആക്രമണങ്ങളിലും ജര്‍മനിക്കായിരുന്നു ആധിപത്യം. മധ്യനിര കളി നിയന്ത്രിച്ചു. ഫുള്‍ബാക്കുകള്‍ മുന്നോട്ട് കയറി ആക്രമണത്തിന്റെ വ്യാപ്തി കൂട്ടി. വിങ്ങുകളില്‍ നിന്ന് നിരന്തരം പന്തുകളെത്തി. അവസരങ്ങള്‍ മഴപോലെ പെയ്തു. പക്ഷേ അവസാന തേഡില്‍ അവര്‍ പഴയ ജര്‍മനിയെ കണ്ടില്ല.
അടുത്ത കാലം വരെ മിറോസ്ലാവ് ക്ലോസെയോ തോമസ് മുള്ളറോ പോലുള്ള താരങ്ങള്‍ക്ക് അര അവസരം കിട്ടിയാല്‍ മതിയായിരുന്നു, വല കുലുങ്ങിയിരിക്കും. ഇന്ന് ജര്‍മനിക്ക് മനോഹരമായ ബില്‍ഡ്-അപ്പുണ്ട്, പക്ഷേ അവസാന പ്രഹരത്തില്‍ മൂര്‍ച്ചയില്ല. ഗോള്‍ നേടേണ്ട നിമിഷത്തില്‍ ഒരു അധിക പാസ്. ഷൂട്ട് ചെയ്യേണ്ട സമയത്ത് ഒരു അധിക ചിന്ത. ലോകകപ്പ് പോലുള്ള വേദികളില്‍ വിധി മാറാന്‍ അത് മതിയല്ലോ!
ജര്‍മനി മോശമായി കളിച്ച് പുറത്തായതല്ല. പരാഗ്വേയ്ക്ക് എതിരെ അവര്‍ക്ക് കളി പൂര്‍ണമായി നിയന്ത്രിച്ചു. മേല്‍ക്കൈ നേടാനായി. പക്ഷേ ജയിക്കാന്‍ മാത്രം കഴിഞ്ഞില്ല.
ജര്‍മനിക്കെതിരെ വിജയിച്ച പരാഗ്വേ ഫുട്‌ബോള്‍ ടീം ആഹ്ലാദിക്കുന്നു
2014 ലോകകപ്പിന് ശേഷം യൂറോ കപ്പുകളിലും നിരന്തരം നിരാശകള്‍ നേരിടുന്ന ജര്‍മനി വീണ്ടുമൊരു വഴിത്തിരിവിലാണ്. അവര്‍ നേരിട്ടത് ഒരു തോല്‍വി മാത്രമല്ല, ഒരു തലമുറയുടെ വിടവാങ്ങലിനുശേഷം നഷ്ടപ്പെട്ട ആത്മാവിനെ തിരയുന്ന ഒരു രാജ്യത്തിന്റെ കഥ കൂടിയാണ്.
ഒരിക്കല്‍ എതിരാളികളുടെ മനസില്‍ ഭയം വിതച്ചിരുന്ന ജര്‍മനി ഇന്ന് സ്വന്തം സംശയങ്ങളോടാണ് പോരാടുന്നത്. ടാക്ടിക്‌സ് പഠിപ്പിക്കാം. സാങ്കേതികത വികസിപ്പിക്കാം. പുതിയ താരങ്ങളെ വളര്‍ത്താം. എന്നാല്‍ ഫ്രിറ്റ്‌സ് വാള്‍ട്ടറില്‍ നിന്ന് ബെക്കന്‍ബോവറിലേക്കും മത്തേവൂസില്‍ നിന്ന് ലാമിലേക്കും പകര്‍ന്നുകിട്ടിയിരുന്ന ആ അദൃശ്യമായ മാനസിക പാരമ്പര്യം തിരിച്ചുപിടിക്കാന്‍ പറ്റുമോ എന്നതാണ്
ജര്‍മന്‍ ഫുട്‌ബോള്‍ നേരിടുന്ന വെല്ലുവിളി.
പരാഗ്വേയോട് തോറ്റത് ഒരു മത്സരം മാത്രമായിരിക്കാം. എന്നാല്‍ പെനാല്‍റ്റി സ്‌പോട്ടിന് മുന്നില്‍ നിന്ന ജര്‍മന്‍ താരങ്ങളുടെ കണ്ണുകളില്‍ ലോകം കണ്ടത് വലിയൊരു സത്യമായിരുന്നു. അവര്‍ക്ക് ഇന്ന് കുറവുള്ളത് പ്രതിഭയല്ല; ആത്മവിശ്വാസമാണ്. അതു തിരിച്ചുപിടിക്കാതെ ജര്‍മന്‍ ഫുട്‌ബോളിന് പഴയ മുഖം വീണ്ടെടുക്കാനാവില്ല.
Content Highlight: Sharif Paloli Writing About Germany’s elimination from the FIFA World Cup 2026