വളാഞ്ചേരി അബു ടീ സ്റ്റാളില്‍ ചൂട് പാറുന്ന കട്ടന്‍ ചായക്ക് മുന്നിലിരിക്കുന്ന പൈങ്കല്‍ മുഹമ്മദലിയുടെയും ശബാബ് വാക്കരത്തിന്റെയും ഹൃദയവും ചുട്ടു പൊള്ളുന്നുണ്ട്. ശബാബ് ഇടക്കൊന്ന് തല ഉയര്‍ത്തി ടെലിവിഷനിലേക്ക് നോക്കി. ഇപ്പോള്‍ മഴക്കെടുതിയെ കുറിച്ചുള്ള വാര്‍ത്തയാണ്. എങ്കിലും മുഹമ്മദലിക്കയുടെ കണ്ണുകള്‍ തിരഞ്ഞത് ഇന്നലെ കണ്ട ലോകകപ്പ് മത്സരത്തിന്റെ ബാക്കി ചിത്രങ്ങളായിരുന്നു.
ബ്രസീല്‍ നോര്‍വേ.
‘എന്തേ ഞമ്മളെ ടീമിന് പറ്റിയത്?’
ആ ചോദ്യം ടെലിവിഷനോടല്ല, സ്വന്തം മനസിനോടായിരുന്നു.
രാവിലെ സ്ഥിരം വരുന്ന അന്‍സാറും സലാംക്കയും ഗഫൂര്‍ക്കയും ചായ കുടിക്കാനെത്തി. മഴയെക്കുറിച്ച് സംസാരമുണ്ട്. പുതിയ സര്‍ക്കാരിന്റെ നടപടികളെ കുറിച്ച് തര്‍ക്കമുണ്ട്. പക്ഷേ ആരെങ്കിലും ബ്രസീല്‍ എന്ന വാക്ക് ഉച്ചരിച്ചാല്‍ മാത്രം മുഹമ്മദലിക്കയുടെ സംസാരം മുറിയും.
‘നമ്മളെ ടീം ഇങ്ങനെ പുറത്താകാന്‍ പാടില്ലേനു…’
ആത്മാഗതമെന്നോണം ശബാബ് പിറുപിറുത്തു.
അതില്‍ ഒരു ആരാധകന്റെ നിരാശ മാത്രമല്ല, വര്‍ഷങ്ങളായി ഹൃദയത്തില്‍ കൊണ്ടുനടന്ന ഒരു മോഹത്തിന്റെ തകര്‍ച്ചയായിരുന്നു.
കാരണം, മലയാളികള്‍ക്ക് ബ്രസീല്‍ മറ്റൊരു രാജ്യമല്ല.
കുട്ടിക്കാലത്ത് പാടത്ത് ഒപ്പമോടിയ കൂട്ടുകാരനാണ്.
പന്തും ബൂട്ടും വാങ്ങിത്തന്ന പ്രിയ അധ്യാപകനാണ്.
ഓരോ നാല് വര്‍ഷം കൂടുമ്പോഴും വീട്ടിലേക്കെത്തുന്ന ബന്ധുവാണ്.
ബ്രസീല്‍ ടീം
ഇത്തവണത്തെ ലോകകപ്പ് തുടങ്ങുമ്പോള്‍ ബ്രസീലിനൊപ്പം മലയാളി മഞ്ഞക്കിളികളും സ്വപ്നം കണ്ടു. ഇത്തവണ കപ്പടിക്കും. മികച്ച പരിശീലകന്‍. കഴിവുറ്റ താരങ്ങള്‍. അനുഭവസമ്പത്തും യുവത്വവും ചേര്‍ന്ന ടീം. പക്ഷേ ഫുട്‌ബോള്‍ കടലാസില്‍ കളിക്കുന്ന കളിയല്ലല്ലോ. നോര്‍വേയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരം അത് ഒരിക്കല്‍ക്കൂടി അടിവരയിട്ടു.
നോര്‍വേ – 2
ബ്രസീല്‍ – 1
ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ഒരേ ചോദ്യം ചോദിച്ചു.
എന്താണ് പിഴച്ചത്?
പലപ്പോഴും ഫുട്‌ബോളിലെ പ്രശ്‌നം കളിക്കാരുടെയോ പരിശീലകന്റെയോ ആവില്ല. ടീമിന്റെ ആത്മാവിനാണ് താളം തെറ്റുന്നത്. ഈ ലോകകപ്പില്‍ ബ്രസീലിന് സംഭവിച്ചതും അതായിരുന്നു.
പ്രതിരോധം ഉറച്ചതായിരുന്നു. മധ്യനിര പന്ത് കൈവശം വെച്ചു. പക്ഷേ എതിര്‍ ബോക്‌സിന് മുന്നിലെത്തുമ്പോള്‍ കളി സാംബാ നൃത്തം പോലെ ഒഴുകിയില്ല. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ അടയാളമായ സ്വാഭാവികതയും സൃഷ്ടിപരതയും അപ്രത്യക്ഷമായി. ഓരോ മുന്നേറ്റവും മുന്‍കൂട്ടി എഴുതിവെച്ച തിരക്കഥ പോലെ തോന്നി. എതിരാളികള്‍ക്ക് അതെല്ലാം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു.
അതേസമയം നോര്‍വേ മറ്റൊരു കഥയായിരുന്നു.
അവര്‍ക്ക് അഞ്ച് ലോകകപ്പുകളില്ല. ജേഴ്‌സിയില്‍ അഞ്ച് നക്ഷത്രങ്ങളില്ല. പെലെയുമില്ല. റൊമാരിയോയുമില്ല. റൊണാള്‍ഡോയുമില്ല. നെയ്മറുമില്ല. പക്ഷേ അവര്‍ക്ക് വ്യക്തമായ ഒരു പദ്ധതിയുണ്ടായിരുന്നു.
നോര്‍വേ
എവിടെ സമ്മര്‍ദം ചെലുത്തണം. എപ്പോള്‍ പിന്‍വാങ്ങണം. പന്ത് കിട്ടിയാല്‍ എത്ര സെക്കന്‍ഡിനുള്ളില്‍ ആക്രമണത്തിലെത്തണം. ഓരോ പദ്ധതിയും അവര്‍ കൃത്യമായി നടപ്പാക്കി.
ഫുട്‌ബോള്‍ ചില രാത്രികളില്‍ പ്രതിഭയുടെ കളിയാണ്. ചില രാത്രികളില്‍ ക്ഷമയുടെ കളിയും. ബ്രസീലിനെതിരെ ജയിച്ചത് ക്ഷമയായിരുന്നു.
ബ്രസീലിന്റെ തോല്‍വി മലയാളികളെ ഇത്രയേറെ വേദനിപ്പിച്ചതിന്റെ കാരണം എന്താവും? അവര്‍ ഒരു ടീമിനെ മാത്രമല്ല, ഒരു കാലത്തെയാണ് സ്‌നേഹിക്കുന്നത്.
പഴയ വീടുകളുടെ ചുമരുകളില്‍ ഇന്നും പെലെയുണ്ട്. അലമാരകളില്‍ 2002 ലോകകപ്പിന്റെ പത്രക്കട്ടിങ്ങുകളുണ്ട്. മഴ നനഞ്ഞ മണ്ണില്‍ ആദ്യമായി കാലില്‍ പന്ത് തട്ടിയപ്പോള്‍ മനസില്‍ തെളിഞ്ഞത് മഞ്ഞ ജേഴ്‌സിയായിരുന്നു. ഓരോ ലോകകപ്പും ആ ഓര്‍മകളെ വീണ്ടും ജീവനോടെ കൊണ്ടുവരുന്നു.
അതുകൊണ്ടാണ് ബ്രസീല്‍ തോറ്റാല്‍ കേരളത്തിലെ ചില വീടുകളില്‍ ടെലിവിഷന്‍ പെട്ടെന്ന് ഓഫ് ആവുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിശബ്ദമാകുന്നത്. ചായക്കടകളില്‍ രാഷ്ട്രീയം മാറി ഫുട്‌ബോള്‍ വലിയ സംസാരവിഷയമാകുന്നത്. ബ്രസീല്‍ അത്ര പെട്ടന്ന് തോല്‍ക്കുമോ?
ഇല്ല,
ബ്രസീല്‍ ടീം
കാരണം അവര്‍ ഫുട്‌ബോള്‍ കളിക്കുകയല്ല. ജീവിക്കുകയാണ്. ഓരോ തെരുവിലും ഒരു പന്തുണ്ട്. ഓരോ കടല്‍ത്തീരത്തും ഒരു മത്സരം നടക്കുന്നുണ്ട്. ഓരോ ഫവേലയിലും അടുത്ത അത്ഭുതത്തെ സ്വപ്നം കാണുന്ന ഒരു കുട്ടിയുണ്ട്. ലോകം തോല്‍വികള്‍ എണ്ണുമ്പോള്‍ ബ്രസീല്‍ പുതിയ പ്രതിഭകളെ എണ്ണുകയാണ്. അതാണ് അവരുടെ ഏറ്റവും വലിയ സമ്പത്ത്.
ഒരു സിസ്റ്റം തകരാം.
ഒരു പരിശീലകന്‍ പരാജയപ്പെടാം.
ഒരു തലമുറ കിരീടമില്ലാതെ മടങ്ങാം.
പക്ഷേ ബ്രസീലിയന്‍ ഫുട്‌ബോള്‍ സംസ്‌കാരം ഒരിക്കലും ശൂന്യമാകില്ല.
കാരണം അവിടെ പ്രതിഭ അക്കാദമികളിലല്ല ജനിക്കുന്നത്.
തെരുവുകളിലും മണല്‍പ്പുറങ്ങളിലും മഴ നനഞ്ഞ മൈതാനങ്ങളിലുമാണ് ജനിക്കുന്നത്. അതുകൊണ്ട് ഈ തോല്‍വി അവസാന അധ്യായമല്ല. പുതിയ അധ്യായത്തിന്റെ ആദ്യവരി മാത്രമാണ്.
അവര്‍ അബു ടീ സ്റ്റാളില്‍ നിന്നിറങ്ങി, ഇറങ്ങും നേരം ടി.വിയില്‍ പഴയ ബ്രസീല്‍ ടീമിന്റെ ദൃശ്യങ്ങള്‍ തെളിഞ്ഞു.
പെലെ പുഞ്ചിരിക്കുന്നു.
റൊമാരിയോ ഓടുന്നു.
റൊണാള്‍ഡോ ഗോള്‍ ആഘോഷിക്കുന്നു.
നെയ്മര്‍ കൈകൊണ്ട് ഹൃദയം വരയ്ക്കുന്നു.
മുഹമ്മദലിക്കയുടെയും ശബാബിന്റെയും മുഖത്ത് അറിയാതെ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. വളാഞ്ചേരീസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തല്‍കാലം മിണ്ടാട്ടം മുട്ടി പോയെങ്കിലും നാളെ ആഘോഷിക്കാമെന്ന് മുജീബ് ഡോക്ടര്‍ക്കും നാസര്‍ക്കക്കുമറിയാം.
കാരണം, ഒരു ബ്രസീല്‍ ആരാധകന് അറിയാം, ചില തോല്‍വികള്‍ യാത്രയുടെ അവസാനമല്ല. അടുത്ത ലോകകപ്പിലേക്ക് നാലുവര്‍ഷം മാത്രം ബാക്കിയാണെന്ന് ഓര്‍മിപ്പിക്കുന്ന കലണ്ടറിലെ തീയതി മാത്രമാണ്.
ബ്രസീല്‍ ഒരു ടീം മാത്രമല്ല. ഫുട്‌ബോള്‍ എന്ന കളിയുടെ ഏറ്റവും മനോഹരമായ പ്രതീക്ഷയുടെ പേരാണ്.
Content Highlight: Sharif Paloli Writing About Brazil Football And Kerala Fans