| Sunday, 22nd March 2026, 8:44 pm

വിസ്മയങ്ങളും കോണ്‍ഗ്രസിലെവിസ്ഫോടനങ്ങളും

ശരീഫ് പാലോളി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം ചൂട് പിടിപ്പിക്കുന്നത് വിസ്മയങ്ങളും വിസ്ഫോടനങ്ങളുമാണ്. തെരഞ്ഞെടുപ്പിന്റെ പൂരപ്പറമ്പില്‍ പൊട്ടിത്തെറികളുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

പ്രാദേശിക നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ സൗകര്യത്തിനനുസരിച്ച് പൊട്ടിത്തെറിച്ച് കൊണ്ടിരിക്കുകയാണ്. ഇനിയും പൊട്ടിത്തെറിക്കാന്‍ കാത്തു നില്‍ക്കുന്നവരുമുണ്ട്. വലിയ വാര്‍ത്തയും ശ്രദ്ധയും ലഭിക്കാതെ ചീറ്റിപോയ പൊട്ടിത്തെറികളുമുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് വിസ്മയങ്ങളുടെ ഉപജ്ഞാതാവ്. നൂറിലധികം സീറ്റുമായി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ആവര്‍ത്തിക്കുന്ന വി.ഡി. സതീശന് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ഈ വിസ്മയങ്ങള്‍.

എന്നാല്‍ ഈ വിസ്മയങ്ങളെ അപ്രസക്തമാക്കുന്ന വിസ്ഫോടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ പൊട്ടിത്തെറിയില്‍ വാലിന് തീ പിടിച്ച അവസ്ഥയിലാണ് സതീശന്‍ ക്യാമ്പ്.

വി.ഡി. സതീശന്‍

പുതുയുഗ യാത്ര തുടങ്ങും മുമ്പാണ് വിസ്മയങ്ങളുമായി അദ്ദേഹം ആദ്യമെത്തിയത്. രണ്ടു തവണ കൊട്ടാരക്കര എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ ഐഷാ പോറ്റിയെ സ്വന്തം പാളയത്തില്‍ എത്തിച്ചായിരുന്നു വിസ്മയങ്ങളുടെ തുടക്കം. പിന്നീട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വിസ്മയങ്ങള്‍ ആവര്‍ത്തിച്ചു.

ഐഷാ പോറ്റി

മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ ജി. സുധാകരനാണ് ഇതില്‍ എണ്ണം പറഞ്ഞ വിസ്മയം. മുന്‍ എം.എല്‍.എയും സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന പി.കെ. ശശി, വി.എസ്. അച്യുതാനന്ദന്റെ സന്തത സാഹചാരിയായിരുന്ന എ. സുരേഷ്, സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.കെ. ഗോവിന്ദന്‍, കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍ എന്നിവരെല്ലാം വി.ഡി. സതീശന്റെ വിസ്മയങ്ങളാണ്.

ജി. സുധാകരന്‍

സമീപകാലം വരെ ചെങ്കൊടി പിടിച്ചിരുന്ന ഇവര്‍ക്കെല്ലാം കോണ്‍ഗ്രസ് ‘കൈ’ കൊടുത്തു കഴിഞ്ഞു. ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്ന ഐഷാ പോറ്റി കൊട്ടാരക്കരയില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. ബാലഗോപാലിനെതിരെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.

പയ്യന്നൂര്‍ എം.എല്‍.എ മധുസൂദനനെതിരെ ആരോപണം ഉന്നയിച്ച് പുറത്തെത്തിയ വി. കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്. തളിപ്പറമ്പില്‍ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയ ടി.കെ. ഗോവിന്ദന്‍ അതെ തളിപ്പറമ്പില്‍ പി.കെ. ശ്യാമള ടീച്ചര്‍ക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്.

വി. കുഞ്ഞികൃഷ്ണന്‍ | ടി.കെ. ഗോവിന്ദന്‍

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ വി. കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനെയും യു.ഡി.എഫ് പിന്തുണയ്ക്കുകയാണ്. കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സി.പി.ഐ.എം ബന്ധം ഉപേക്ഷിച്ച പി.കെ. ശശി ഒറ്റപ്പാലത്ത് ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ്. വി.എസ്. അച്യുതാനന്ദന്റെ മലമ്പുഴയില്‍ തന്നെയാണ് എ. സുരേഷ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജി. സുധാകരനെ കോണ്‍ഗ്രസ് പിന്തുണച്ച് കഴിഞ്ഞു.

പി.കെ. ശശി

കോണ്‍ഗ്രസ് നേതാക്കളുടെ വാക്ക് കേട്ട് സി.പി.ഐ ബന്ധം ഉപേക്ഷിച്ചു വന്ന സി.സി. മുകുന്ദനെ അവസാനം കോണ്‍ഗ്രസ് ‘കൈ’ വിട്ടു. നാട്ടികയിലെ വിസ്മയത്തെ അവസാനം ബി.ജെ.പി ഏറ്റെടുത്തു.

സി.സി. മുകുന്ദന്‍

വിസ്മയങ്ങള്‍ ഭരണം തിരിച്ചു നല്‍കുമെന്ന പ്രതീക്ഷികളെ തകിടം മറിച്ച പൊട്ടിത്തെറികളാണ് പിന്നീട് കേരളം കണ്ടത്. ഒരു പൊട്ടിത്തെറിയുടെ തീയും പുകയും അടങ്ങും മുമ്പ് തന്നെ തുടരെ തുടരെ മറ്റു പൊട്ടിത്തെറികളുമുണ്ടായി. ഗ്രൂപ്പ് തര്‍ക്കവും അവഗണനയുമെല്ലാം പൊട്ടിത്തെറിക്ക് കാരണമായെങ്കിലും സി.പി.ഐ.എം വിട്ടു വന്നവര്‍ക്ക് സീറ്റ് നല്‍കിയത് മൂലമുള്ള കലാപമാണ് കോണ്‍ഗ്രസിനെ കൂടുതല്‍ കുഴക്കുന്നത്.

ഇതിനിടയില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി യു.ഡി.എഫ് ക്യാമ്പിലുണ്ടാക്കിയ സ്‌ഫോടനത്തിന്റെ ശ്വാസം മുട്ടല്‍ നേതൃത്വത്തിന് ഇനിയും മാറിയിട്ടില്ല.

കെ. സുധാകരന്‍

ആലപ്പുഴയിലാണ് നേതൃത്വത്തിന് തലവേദനയായി വലിയ പൊട്ടിത്തെറികളുണ്ടായത്. അമ്പലപ്പുഴയില്‍ ജി. സുധാകരനെ പിന്തുണക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് രാജി വെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത് വിസ്മയനീക്കങ്ങള്‍ക്കുള്ള വലിയ തിരിച്ചടിയാണ്.

എം.ജെ. ജോബ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

ജി. സുധാകരനുള്ള പിന്തുണയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം ഭാരവാഹി ഷാനു ഭൂട്ടോ സ്വതന്ത്രനായി മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട് നിയമസഭ സീറ്റ് ജോസഫ് ഗ്രൂപ്പില്‍ നിന്നും തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ്, ജനറല്‍ സെക്രട്ടറി കെ. ഗോപകുമാര്‍ എന്നിവരും രാജിവെച്ചു. സജി ജോസഫ് കുട്ടനാട് മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദനനാണ് മത്സരത്തിനൊരുങ്ങുന്നത്.

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാലക്കാട് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി. പ്രീത് രാജി വെച്ചതാണ് പാലക്കാട്ടെ പ്രതിസന്ധി. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്റെ മകന്‍ പ്രീതിന് നെന്മാറ സീറ്റ് നേരത്തെ വാഗ്ദാനം നല്‍കിയെങ്കിലും അവഗണിച്ചു എന്നാണ് പരാതി.

പട്ടാമ്പിയില്‍ കഴിഞ്ഞ തവണ മത്സരിച്ച റിയാസ് മുക്കോളിക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വിമതര്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ശാഫി വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചു. മണ്ണാര്‍ക്കാട് ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീനെതിരെയും അതൃപ്തര്‍ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

റിയാസ് മുക്കോളി

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ബാബു ദിവാകരന്‍ പാര്‍ട്ടി വിട്ടതാണ് കോണ്‍ഗ്രസിന്റെ മറ്റൊരു വെല്ലുവിളി. തിരുവനന്തപുരത്ത് യു.ഡി.എഫ്, ബി.ജെ.പി ഡീല്‍ ആരോപണം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പാര്‍ട്ടി വിട്ടതാണ് തലസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തലവേദന.

ചിറഴിന്‍കീഴില്‍ രമ്യാ ഹരിദാസിനെതിരെയും പടയൊരുക്കമുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അനൂപ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

രമ്യാ ഹരിദാസ്

പുനലൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യുനുസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡി.സി.സി ട്രഷറര്‍ നെല്‍സന്‍ സെബാസ്റ്റ്യനെ ഒരു വിഭാഗം പ്രഖ്യാപിച്ചത് മുന്നണി തലത്തില്‍ പൊട്ടിത്തെറിക്ക് കാരണമായി.

പകരമായി ഏഴിടത്ത് റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ലീഗ് നീക്കം. സീറ്റ് ലഭിക്കാത്തതില്‍ കെ. സുധാകരനെ പോലെ തന്നെ എല്‍ദോസ് കുന്നപ്പള്ളി, ജോസഫ് വാഴക്കന്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവരും കടുത്ത അതൃപ്തിയിലാണ്. മൂന്ന് പേരും പോസ്റ്റര്‍, നോട്ടീസ്, ഫ്‌ളക്‌സ് ഉള്‍പ്പെടെ പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കി ഒരുങ്ങിയവരാണ്.

എല്‍ദോസ് കുന്നപ്പള്ളി | ദീപ്തി മേരി വര്‍ഗീസ് | ജോസഫ് വാഴക്കന്‍

ഇവരുടെ നിരാശ കൊച്ചി, പെരുമ്പാവൂര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയണം. കോണ്‍ഗ്രസില്‍ മാത്രമല്ല യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളിലും പൊട്ടിത്തെറിയുടെ പുകപടലങ്ങല്‍ ഉയര്‍ന്നിരുന്നു.

പാണക്കാട്ടെ പൂമുഖത്ത് നിന്നും പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥി പട്ടികക്കെതിരെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തവണ മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രതികരണമുണ്ടായത്.

വനിതാ ലീഗിന് പരിഗണന ലഭിച്ചില്ല എന്നായിരുന്നു നൂര്‍ബീന റഷീദിന്റെ പരാതി. തിരൂരങ്ങാടിയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ക്കെതിരെയാണ് മുന്‍ എം.എല്‍.എയും സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹ്‌മാന്‍ രണ്ടത്താണി പ്രതിഷേധവുമായി രംഗത്തെത്തിയത്.

അബ്ദുറഹ്‌മാന്‍ രണ്ടത്താണി | നൂർബിന റഷീദ്

സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിനും പരിഭവമുണ്ട്. മങ്കട മണ്ഡലത്തില്‍ മഞ്ഞളാംകുഴി അലിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധമുള്ള മണ്ഡലം പ്രസിഡന്റ് കുന്നത് മുഹമ്മദ് പാര്‍ട്ടിക്ക് പുറത്തെത്തികഴിഞ്ഞു. മണ്ണാര്‍ക്കാടും സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധമുണ്ട്.

തിരുവല്ലയില്‍ പെയ്‌മെന്റ് സീറ്റ് ആരോപണവുമായാണ് ജോസഫ് വിഭാഗം നേതാവ് ജോസഫ് എം. പുതുശ്ശേരി രംഗത്തെത്തിയിട്ടുണ്ട്.

ജോസഫ് എം. പുതുശ്ശേരി

സ്ഥാനാര്‍ത്ഥി നിര്‍ണയം ആര്‍.എസ്.പിയിലും നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി. കോണ്‍ഗ്രസിലെ കൂട്ടരാജികളും കലാപങ്ങളും പ്രതിരോധിക്കാന്‍ എല്‍.ഡി.എഫിലെ കാലുമാറ്റങ്ങളാണ് ചര്‍ച്ചയാക്കുന്നത്.

സി.പി.ഐ എം.എല്‍.എമാരായിരുന്ന സി.സി. മുകുന്ദന്‍, അജിത്ത് എന്നിവരും സി.പി.ഐ.എം, എം.എല്‍.എയായിരുന്ന രാജേന്ദ്രനും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിക്കാനുള്ള രാഷ്ട്രീയ ആയുധങ്ങള്‍.

Content Highlight: Sharif Paloli writes about the unrest in the Congress during the elections and those who joined the Congress from other parties.

ശരീഫ് പാലോളി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more