2024, ജൂലൈ 30ന് നേരം പുലരുന്നത് ചുരം കയറുന്ന ആംബുലന്‍സുകളുടെയും ഫയര്‍ ഫോയ്സ് വാഹനങ്ങളുടേയും നീണ്ട നിര കണ്ടാണ്. ദുരന്തം മലയിറങ്ങിയ വയനാട് മുണ്ടക്കൈയിലേക്ക് അന്ന് സൈറണ്‍ മുഴക്കി ഓടിയെത്തിയ വാഹനങ്ങള്‍ക്ക് ഒരു കണക്കുമില്ല.
വിങ്ങി പൊട്ടിയും വിലാപങ്ങളായും കേരളം വിറച്ചു പോയ ആ ദുരന്തരാത്രി രണ്ടാണ്ടിനോട് അടുക്കുകയാണ്. ഉള്ളുപൊട്ടി ഉള്ളതെല്ലാം മണ്ണില്‍ പുതഞ്ഞുപോയ ആ ദിവസത്തിന് ശേഷം അതെ ചൂരല്‍മലയില്‍ നിന്നും ആദ്യമായി ദുരന്തബാധിതര്‍ കഴിഞ്ഞ ദിവസം ചുരമിറങ്ങി, കുറച്ചുപേര്‍ തൃശൂരിലെ ഒല്ലൂരിലേക്കും മറ്റു ചിലര്‍ കണ്ണൂരിലെ ധര്‍മ്മടത്തേക്കും.
കൂരയും കൂടപ്പിറപ്പുകളും നഷ്ടപ്പെട്ട് കൂടെ, കുറെ സ്വപ്നങ്ങളും തകര്‍ന്നുപോയവരെ ചേര്‍ത്ത് നിര്‍ത്തി എല്ലാം തിരിച്ചു പിടിക്കാമെന്ന് ആത്മവിശ്വാസം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനേയും റവന്യൂ മന്ത്രി കെ. രാജനേയും കാണാനാണ് അവര്‍ ചുരമിറങ്ങിയെത്തിയത്.
വയനാട് ചൂരല്‍ മല ദുരന്തബാധിതര്‍ മന്ത്രി കെ. രാജനെ കാണാന്‍ വന്നപ്പോള്‍
ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിയതിന് അവര്‍ ഉള്ളുതുറന്നു നന്ദി പറഞ്ഞു, ഇനിയും വയനാട്ടിലേക്ക് വരണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു. ദുരന്തബാധിതര്‍ ചുരമിറങ്ങിയതിനേക്കാള്‍ വേഗതയിലാണ് വിവാദം ചുരം കയറിയത്. വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട വിവാദമാണ് ഈ തെരഞ്ഞെടുപ്പ് കാലത്തെ ചൂട് പിടിപ്പിച്ച ഏറ്റവും വലിയ വിഷയം.
കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് വയനാട് ഫണ്ട് വിവാദം. 100 വീടുകള്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസിന് രണ്ട് വര്‍ഷത്തോടടുത്തിട്ടും ഒരു വീട് പോലും നിര്‍മിക്കാന്‍ കഴിഞ്ഞില്ല എന്നത് തിരിച്ചടിയാണ്. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായിരുന്ന, നിലവില്‍ പ്രിയങ്കഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ പോലും കോണ്‍ഗ്രസ് വിഷയങ്ങളോട് സ്വീകരിക്കുന്ന സമീപനം ഇതാണെങ്കില്‍ പൊതുവില്‍ പാര്‍ട്ടിയുടെ ആത്മാര്‍ത്ഥതയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.
പ്രതിസന്ധിക്കളെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ കഴിവുകേടും രാഷ്ട്രീയ വിശ്വാസ്യതയും വ്യാപകമായി ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. സി.പി.എമ്മും വര്‍ഗബഹുജന സംഘടനകളും ചേര്‍ന്ന് 144.5 കോടി രൂപ സമാഹരിച്ച് നല്‍കിയപ്പോഴാണ് കോണ്‍ഗ്രസ് കേവലം അഞ്ചര കോടിയുടെ കണക്ക് പുറത്തു വിടുന്നത്. സി.പി.എം കേന്ദ്ര കമ്മറ്റി ഒരു കോടിയോളം രൂപയാണ് നല്‍കിയത്.
സി.പി.എം നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളും ജീവനക്കാരും ചേര്‍ന്ന് 110 കോടി രൂപയാണ് വയനാടിനായി കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ 20.44 കോടി രൂപയാണ് ശേഖരിച്ചത്. ബാങ്ക് ജീവനക്കാരുടെ സംഘടന (ബെഫി) 2.25 കോടി രൂപയാണ് നല്‍കിയത്. അധ്യാപക സംഘടന 2.16 കോടി രൂപയാണ് സമാഹരിച്ചത്. സി.പി.എം മന്ത്രിമാരും ജനപ്രതിനിധികളും 1.5 കോടി രൂപ, എന്‍.ജി.ഒ യൂണിയന്‍ 1.35 കോടി, കേരള കര്‍ഷക സംഘം 1.05 കോടി, സി.ഐ.ടി.യു 1 കോടി എന്നിങ്ങനെയാണ് സി.പി.എമ്മുമായി ബന്ധപ്പെട്ട മറ്റു സംഘടനകള്‍ നല്‍കിയ കണക്ക്.
25 വീട് പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ 20 കോടി നല്‍കിയപ്പോള്‍ 30 വീട് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന് ഒരു കോടി മാത്രമാണ് കണ്ടെത്താനായത്. മുസ്‌ലിം ലീഗ് 100 വീട് പ്രഖ്യാപിക്കുകയും 44 കോടി സമാഹരിക്കുകയും 55 വീടുകള്‍ കൈമാറുകയും ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് 2 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. സി.പി.ഐ 1 കോടിയും എ.ഐ.വൈ.എഫ് 1 കോടിയും നല്‍കി.
പിണറായി വിജയന്‍
ജോയന്റ് കൗണ്‍സില്‍ 50 ലക്ഷവും എ.കെ.എസ്.ടി.യു 10 ലക്ഷവുമാണ് നല്‍കിയത്. കോണ്‍ഗ്രസ് പിരിച്ച സംഖ്യ കുറഞ്ഞുപോയി എന്ന ആക്ഷേപം നിലനില്‍ക്കെ തന്നെ കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ ഫണ്ടുമായി ബന്ധപ്പെട്ടും വിവാദം ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് മേല്‍വിലാസത്തിലുള്ള ഒരു സംഘടനക്കും വയനാട് ഫണ്ടില്‍ സുതാര്യത ഉറപ്പ് വരുത്താനായില്ല.
ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും വയനാട്ടില്‍ വലിയ ഇടപെടല്‍ നടത്തിയപ്പോഴാണ് കോണ്‍ഗ്രസ് ലാഘവത്തോടെ വിഷയത്തെ സമീപിച്ചത്. ഭൂമിയുടെയും വീടിന്റെയും ഫണ്ട് പിരിച്ച ആപ്പിന്റെയും കാര്യത്തില്‍ പോലും ഒരൊറ്റ മറുപടി പറയാനോ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നത് സംഘടനാപരമായി കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ ദൗര്‍ബല്യമാണ്.
ആപ്പ് എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യത്തിന് ആവശ്യത്തിനുള്ള പണം ലഭിച്ചുകഴിഞ്ഞു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. ശതീശന്റെ മറുപടി. എന്നാല്‍ വീട് പോയിട്ട് ഭൂമിക്ക് തികച്ചു കൊടുക്കാനുള്ള പണം പോലും ഇല്ലെന്നത് ആദ്യം പറഞ്ഞതിനെ റദ്ദ് ചെയ്യുന്നതാണ്. വീട് നിര്‍മാണം എന്ന് തുടങ്ങും എന്ന ചോദ്യത്തിന് നിര്‍മാണം തുടങ്ങി നിങ്ങള്‍ക്ക് പോയി നോക്കാം എന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞത്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കണക്ക് അവതരിപ്പിച്ച് കൊണ്ട് പറഞ്ഞത് വീട് നിര്‍മാണത്തിന് പണമില്ല എന്നാണ്. അല്‍പ്പ സമയത്തെ ആയുസ് മാത്രമുള്ള കാര്യം പോലും പ്രതിപക്ഷ നേതാവ് ആധികാരികമായാണ് പറഞ്ഞുകൊണ്ടിരുന്നത്. കേരളം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത വിഷയത്തില്‍ വ്യക്തത വരുത്തിയുള്ള വാര്‍ത്താസമ്മേളനത്തിന് ഏതോ നോട്ടീസിന് പുറകില്‍ എഴുതി തയ്യാറാക്കി കൊണ്ടു വന്ന കണക്ക് മാത്രം മതി വയനാട് വിഷയം കോണ്‍ഗ്രസ് എത്ര ഉദാസീനമായാണ് കൈകാര്യം ചെയ്തത് എന്ന് ബോധ്യപ്പെടാന്‍.
കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പൊതുവെ പിശുക്ക് കാണിക്കാറുള്ള എം.എന്‍. കാരശ്ശേരി പോലും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഗൗരവം കാണിച്ചില്ല എന്ന് കുറ്റപ്പെടുത്തി രംഗത്തെത്തികഴിഞ്ഞു.
വയനാട് ചൂരല്‍ മല ദുരന്തം- Photo: Deccan Herald.com
ഓഖി, നിപ, രണ്ട് പ്രളയങ്ങള്‍, കോവിഡ്, വയനാട് ദുരന്തം… ഇങ്ങിനെ കേരളം ദുരിതം നേരിട്ട ഘട്ടങ്ങളിലെല്ലാം സര്‍ക്കാരിന്റെ ഇച്ചശക്തിയും ഇടപെടലുമാണ് കേരളത്തെ പിടിച്ചു നിര്‍ത്തിയത്. ഇത്തരം ഘട്ടങ്ങള്‍ നേരിടാന്‍ കോണ്‍ഗ്രസ് ഒട്ടും അനുയോജ്യമല്ല എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും വയനാട് ദുരന്തമുഖത്ത് വിവിധ പാര്‍ട്ടികള്‍ സ്വീകരിച്ച സമീപനവും സത്യസന്ധതയുമാണ്.
മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയിലൂടെ തുള്ളിക്കുതിച്ച് ഒഴുകിവരുന്ന പുഴ. നിറഞ്ഞു നില്‍ക്കുന്ന കരിമ്പാറകള്‍. അവയില്‍ തട്ടിയും തടഞ്ഞും പതഞ്ഞും ഒഴുകിയെത്തുന്ന തെളിനീര്‍…. തേയിലചെടികള്‍ക്കിടയില്‍ കോടമഞ്ഞും തണുപ്പും ഒപ്പം നില്‍ക്കുന്ന ഗ്രാമവഴികള്‍….മനോഹരമായിരുന്നു ചൂരല്‍മല….
ഇന്ന് ദുരന്തം മലയിറങ്ങിയെത്തിയ താഴ്‌വരയാണിവിടെ. ജനിച്ച് കളിച്ച് വളര്‍ന്ന മണ്ണില്‍ തന്നെ പുതഞ്ഞു പോയ ജീവിതങ്ങള്‍….. ഒന്നും ബാക്കിയില്ല. ചെളിയും മണ്ണും പാറക്കൂട്ടങ്ങളും മാത്രം. മലയാളിയുടെ ഹൃദയത്തിലേക്ക് സൈന്യം നീട്ടിയിട്ട ബെയ്‌ലി പാലം കടന്നെത്തുമ്പോള്‍ കാണുന്ന കാഴ്ച്ച ഒരു ചിത്രം മായ്ച്ചു കളഞ്ഞത് പോലെ മനോഹരമായിരുന്ന ചൂരല്‍മലയെ തുടച്ചു നീക്കിയിരിക്കുന്നു…..
ഇവിടെയുണ്ടായിരുന്ന കുറേ മനുഷ്യര്‍ക്കിപ്പോള്‍ മീസാന്‍കല്ലില്‍ പുതിയ മേല്‍വിലാസങ്ങളാണ്. നമ്മള്‍ കാണുന്നതിനുമപ്പുറമാണ് പുഞ്ചിരിമട്ടത്തേയും മുണ്ടക്കൈയുടെയും ചൂരല്‍മലയുടെയും നഷ്ടം. ഇനി ആ മനുഷ്യരുടെ ജീവിതങ്ങള്‍ വേഗത്തില്‍ കെട്ടിപടുക്കണം. അവര്‍ക്കൊപ്പം നില്‍ക്കുന്നവരോടൊപ്പം കേരളം ഒന്നിച്ചു നില്‍ക്കും.
Content Highlight: Sharif Paloli writes about the funding controversy in the Wayanad Chooralmala disaster