മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തി ഗ്രാമമായ കൊടുമുടിയില്‍ കുഞ്ഞുമണി ചായക്കട തുടങ്ങിയിട്ട് 25 വര്‍ഷമായി. തുടക്കത്തില്‍ ഒരു വര്‍ഷത്തോളം മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ചായിരുന്നു കച്ചവടം. പിന്നീട് ഗ്യാസിലേക്ക് മാറി. ഇന്നലെ വൈകുന്നേരം കുഞ്ഞുമണിയുടെ ചായക്കടയിലെ ഗ്യാസ് തീര്‍ന്നു. സാധാരണ വിളിക്കാറുള്ള വിതരണക്കാരെ മാറി മാറി വിളിച്ചിട്ടും രക്ഷയില്ല.
ഒരു നിവര്‍ത്തിയുമില്ലാതെ കുഞ്ഞുമണി ആ പഴയ മണ്ണെണ്ണ സ്റ്റൗ പൊടി തട്ടിയെടുത്തു. 25 വര്‍ഷത്തിന് ശേഷം മണ്ണെണ്ണ സ്റ്റൗവിലേക്കുള്ള മടക്കം. പഴയത് പോലെ വഴങ്ങുന്നില്ലെങ്കിലും മറ്റു വരുമാനമാര്‍ഗമില്ലാത്തത് കൊണ്ട് മണ്ണെണ്ണ സ്റ്റൗ തന്നെ ഇനി ആശ്രയം.
കുഞ്ഞുമണിയുടെ കട
ഇതൊരു കുഞ്ഞുമണിയുടെ മാത്രം കഥയല്ല, ഹോട്ടലുകള്‍ ഉള്‍പ്പെടെ മലയാളി അടുക്കളകളുടെ വര്‍ത്തമാനചിത്രമാണിത്.
പശ്ചിമേഷ്യ പുകഞ്ഞപ്പോള്‍ പുകഞ്ഞു കൊണ്ടിരുന്ന മലയാളിയുടെ അടുക്കളകളാണ് കെട്ടുപോയത്. യുദ്ധം, സ്വദേശിവത്കരണം, വിനിമയ നിരക്കിലെ കുറവ്, ദുരന്തങ്ങള്‍ എന്നിങ്ങനെ ഗള്‍ഫ് മേഖലയിലെ ഏതൊരു ചെറിയ പ്രതിസന്ധിയും കേരളത്തെ നന്നായി സങ്കടപ്പെടുത്തിയിട്ടുണ്ട്.
തുടക്കത്തില്‍ പൊട്ടിയ മിസൈലിന്റെ കണക്കെടുപ്പില്‍ ആവേശം കൊണ്ടവര്‍ക്ക് പോലും യുദ്ധം അതിര്‍ത്തിയിലെ പൂരം മാത്രമല്ലെന്ന് മനസ്സിലായത് സ്വന്തം അടുക്കളയെ അത് ബാധിച്ചപ്പോഴാണ്.
അതിരൂക്ഷമായ പാചകവാതക പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംസ്ഥാനം തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ മുഴുകുന്നത് കൊണ്ടാണ് ഒരു പക്ഷെ നിലവിലുള്ള പ്രതിസന്ധിയുടെ ഗൗരവത്തില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം പെട്രോളിയം ഇറക്കുമതിയെ ബാധിച്ചതോടെയാണ് സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക (എല്‍.പി.ജി.) വിതരണം സ്തംഭനത്തിലേക്ക് നീങ്ങുന്നത്.
ഗാര്‍ഹികാവശ്യത്തിനുള്ള വിതരണം പൂര്‍ണമായി തടസ്സപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ഇതിനും വരും ദിവസങ്ങളില്‍ നിയന്ത്രണമുണ്ടാകാനാണ് സാധ്യത. ഇറാന്‍, യു എ ഇ, ഒമാന്‍ എന്നിവക്കിടയിലുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം തടസ്സപ്പെട്ടതോടെയാണ് ഇറക്കുമതി കുറയുകയും പ്രതിസന്ധി കനപ്പെടുകയും ചെയ്തത്.
ഹോര്‍മുസ് കടലിടുക്ക്
ഭാരത് ഗ്യാസിന്റെ അമ്പലമുകള്‍, ഐ.ഒ.സിയുടെ ഉദയംപേരൂര്‍, എച്ച്.പി.സി.എല്ലിന്റെ ഇരുമ്പനം യൂണിറ്റുകളിലെല്ലാം ഭാഗികമായോ പൂര്‍ണമയോ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ നിറക്കുന്നത് നിര്‍ത്തിവെച്ചത് കൊച്ചിയിലും പരിസരപ്രദേശത്തും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിലെ മറ്റു യൂണിറ്റുകളിലെ അവസ്ഥയും സമാനമാണ്.
രാജ്യത്ത് ആവശ്യമുള്ള എല്‍.പി.ജിയുടെ 60 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താണ് റിഫൈനറികള്‍ ബോട്ടിലിങ് നടത്തി നല്‍കി വന്നിരുന്നത്. അത് കൊണ്ട് തന്നെയാണ് കടല്‍കടന്നുള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തെ അലോസരപ്പെടുത്തുന്നത്.
വാണിജ്യസിലിണ്ടറുകളുടെ ക്ഷാമം ഹോട്ടല്‍ വ്യവസായത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞു. നിരവധി ഹോട്ടലുകള്‍ക്കാണ് ഷട്ടര്‍ വീണത്. വമ്പന്‍ ഹോട്ടലുകളുടെ നീളന്‍ മെനു കാര്‍ഡുകള്‍ വിഭവങ്ങള്‍ കുറച്ചു മെലിഞ്ഞുണങ്ങി.
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കിയില്ലെങ്കില്‍ 80 ശതമാനം ഹോട്ടലുകളും വരും ദിവസങ്ങളില്‍ പൂട്ടേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാല്‍ പറഞ്ഞു.
വേനലവധി തുടങ്ങിയത് കൊണ്ട് സ്‌കൂളുകളുടെ പാചകപ്പുരകളെ ബാധിക്കാത്തത് കൊണ്ട് വലിയ പ്രതിസന്ധിയാണ് ഒഴിവായത്.
പാചകവാതക ക്ഷാമം ആശുപത്രികള്‍ക്കും അത്യാവശ്യ സേവനമേഖലകള്‍ക്കും പുറമെ മറ്റ് നിരവധി മേഖലകളെയും ബാധിച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് പാചകവാതക ക്ഷാമം തിരിച്ചടിയായതോടെ മത്സ്യബന്ധന മേഖലയും പ്രതിസന്ധിയിലാണ്.
ഇവന്റ് മാനേജ്‌മെന്റ് മേഖല, കേറ്ററിങ് മേഖല, ബേക്കറി നിര്‍മാണ മേഖല, തട്ടുകടകള്‍ എന്നിവയെല്ലാം പ്രതിസന്ധിയിലാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ പാചകവാതക ക്ഷാമം മൂലം സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത് നിര്‍മാണമേഖലയേയും കാര്യമായി ബാധിക്കുന്നുണ്ട്. ശ്മശാനങ്ങളിലെ മരണാനന്തര ചടങ്ങുകളേയും പാചകവാതകക്ഷാമം ബാധിച്ചിട്ടുണ്ട്.
നേരിട്ട് അനുഭവപ്പെടുന്ന മേഖലകളെ പോലെ പരോക്ഷമായി പ്രതിസന്ധി സൃഷ്ട്ടിച്ച മറ്റു മേഖലകളുമുണ്ട്. പാചകവാതക ക്ഷാമം മൂലമുണ്ടാകുന്ന വിലക്കയറ്റവും സാധാരണക്കാരെ ബാധിക്കുന്നുണ്ട്.
ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കല്‍, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിയന്ത്രണം, പുതിയ വിതരണ ശൃംഖലകള്‍, സിലിണ്ടര്‍ ബുക്കിങ് ഇടവേള തുടങ്ങി ചില പൊടിക്കൈകള്‍ പ്രയോഗിച്ചതല്ലാതെ കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വഴികളൊന്നുമില്ല. പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഉറച്ച നിലപാട് പോലുമില്ലാത്ത മോദി യുദ്ധം വിളിച്ചു വരുത്തുന്ന ട്രംപുമായി ചങ്ങാത്തം തുടരുന്നതില്‍ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
മോദിയും ട്രംപും
രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും പരിഹാരമാകുന്നില്ല.
കേരളത്തില്‍ പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 24 മണിക്കൂര്‍ വാര്‍ റൂം തുറന്ന് എല്‍.പി.ജി വിതരണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
പ്രതിസന്ധി നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിച്ച് പാചകം ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിന് മുമ്പ് തന്നെ ഗത്യന്തരമില്ലാതെ സ്റ്റൗവിലേക്ക് മാറിയ കുഞ്ഞുമണിയെ പോലെ നിരവധി പേരുണ്ട്. വരും ദിവസങ്ങളില്‍ നാട് മറന്നു തുടങ്ങിയ മാര്‍ഗങ്ങളിലേക്ക് കൂടുതല്‍ പേര് മടങ്ങിയെത്തും. പശ്ചിമേഷ്യ അശാന്തമായി തുടരുന്ന കാലത്തോളം നമ്മുടെ നാട്ടിലെ അടുക്കളകളില്‍ അനിശ്ചിതത്വം തുടരും.
Content Highlight: Sharif Paloli writes about cooking gas shortage