| Friday, 26th June 2026, 11:44 am

അഞ്ചു നക്ഷത്രങ്ങളുടെ ആകാശത്ത് വീണ്ടും വെളിച്ചം

ശരീഫ് പാലോളി

ലോകകപ്പ് ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ബ്രസീലിന് ആശ്വസിക്കാനും ആത്മവിശ്വാസത്തിനും ഒരുപോലെ കാരണങ്ങളുണ്ട്. മൊറോക്കോയ്‌ക്കെതിരായ സമനിലയോടെയായിരുന്നു തുടക്കം. എന്നാൽ പിന്നീട് ഹെയ്തിയെയും സ്കോട്‍ലാൻഡിനെയും 3 – 0ന് തകർത്തുകൊണ്ട് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നേടാൻ സെലസാവോയ്ക്ക് കഴിഞ്ഞു. ഇനി റൗണ്ട് ഓഫ് 32ൽ ജപ്പാനാണ് എതിരാളി.

അതിനുമുമ്പ് ഒരു ചോദ്യമുയരുന്നു. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്രസീലിന്റെ കളി എത്രത്തോളം മികവിലേക്കുയർന്നു? ചില ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെങ്കിലും, മുന്നോട്ടുള്ള യാത്രയെക്കുറിച്ച് സ്വപ്നം കാണാൻ മതിയായ കാരണങ്ങൾ കാനറികൾ ഇതിനകം സമ്മാനിച്ചു കഴിഞ്ഞു.

ബ്രസീൽ ടീം. Photo: Fabrizio Romano/x.comമൊറോക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ബ്രസീൽ പന്ത് കൈവശം വച്ചെങ്കിലും ആക്രമണത്തിന് മൂർച്ചയുണ്ടായിരുന്നില്ല. മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള വശപ്പിശക് പലപ്പോഴും പ്രശ്നമായി. എന്നാൽ രണ്ടാം മത്സരത്തോടെ ചിത്രം പാടെമാറുന്നതാണ് കണ്ടത്. പന്തില്ലാത്ത സമയത്തെ പ്രസ് മെച്ചപ്പെട്ടു. ഫുൾബാക്കുകൾ കൂടുതൽ ധൈര്യത്തോടെ മുന്നേറി. എതിരാളിയുടെ പകുതിയിൽ പന്ത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വർധിച്ചു. അതിന്റെ ഫലമായാണ് തുടർച്ചയായ രണ്ട്, മൂന്ന് ഗോൾ വിജയങ്ങൾ.

പ്രതിരോധത്തിൽ 4-4-2 പോലെയും ആക്രമണത്തിൽ 3-2-5 പോലെയും മധ്യനിരയിൽ കൂടുതൽ നിയന്ത്രണത്തോടെയും കളിക്കാൻ ശ്രമിക്കുന്ന ടീമായി ബ്രസീൽ മാറിക്കൊണ്ടിരിക്കുകയാണ്. സെന്റർ ബാക്കുകൾ പന്തുമായി മുന്നോട്ട് വരുന്നു. മധ്യനിരക്കാരിൽ ഒരാൾ താഴേക്ക് ഇറങ്ങി ബിൽഡപ്പ് നിയന്ത്രിക്കുന്നു. വിങ്ങർമാർ വീതി സൃഷ്ടിക്കുമ്പോൾ അകത്തേക്ക് കയറുന്ന താരങ്ങൾ ഗോൾ ഭീഷണിയാവുന്നു.

കാസിമിറോയുടെ പ്രതിരോധ സംരക്ഷണവും ബ്രൂണോ ഗ്വിമറയിസിന്റെ പന്ത് വിതരണവും ചേർന്നപ്പോൾ ബ്രസീലിന് മത്സരങ്ങളുടെ താളം നിയന്ത്രിക്കാൻ സാധിച്ചു. എതിരാളികളുടെ കൗണ്ടർ ആക്രമണങ്ങളെ തുടക്കത്തിലേ തടയുന്നതിലും ഈ കൂട്ടുകെട്ട് നിർണായകമായി. മൂന്ന് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധം ബ്രസീലിന്റെ ആത്മവിശ്വാസത്തിന് ഉറച്ച അടിത്തറയായി മാറിയിട്ടുണ്ട്.

എന്നാൽ ഹെയ്തിയോ സ്കോട്‍ലാൻഡോ അല്ല നോക്കൗട്ടിലെ ജപ്പാൻ. അവർ കൂടുതൽ സംഘടിതരും സാങ്കേതികമായി ശക്തരുമാണ്. അതുകൊണ്ട് ബ്രസീലിന്റെ പ്രതിരോധം യഥാർത്ഥത്തിൽ എത്രത്തോളം ശക്തമാണെന്ന് തെളിയുക ഇനി വരാനിരിക്കുന്ന മത്സരങ്ങളിലാണ്. ജപ്പാന്റെ അതിവേഗ ട്രാൻസിഷനുകളും നിരന്തര ഓട്ടവും ബ്രസീൽ നേരിടേണ്ടി വരും. എന്നാൽ നിലവിലെ ഫോമിൽ ബ്രസീൽ ഭയക്കേണ്ട സാഹചര്യമില്ല.

ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ബ്രസീൽ പൂർണതയിലെത്തി എന്ന് പറയാനാവില്ലെങ്കിലും ശരിയായ ദിശയിലാണ് ടീം. തന്ത്രപരമായി കൂടുതൽ വ്യക്തത നേടി. കളിക്കാർ തങ്ങളുടെ റോളുകൾ മനസിലാക്കുന്നു. പ്രതിരോധം സ്ഥിരത കാണിക്കുന്നു. ആക്രമണത്തിൽ വൈവിധ്യമുണ്ട്. ബ്രസീലിന്റെ ഈ മാറ്റങ്ങൾ യാദൃശ്ചികമായി സംഭവിച്ചതല്ല. അതിന് പിന്നിൽ കാർലോ ആഞ്ചലോട്ടിയുടെ അനുഭവസമ്പത്തും ശാന്തമായ പരിശീലക ദർശനവുമുണ്ട്.

ആദ്യ മത്സരത്തിലെ പിഴവുകൾ തിരിച്ചറിഞ്ഞ്, ടീം ഘടനയിൽ വരുത്തിയ ചെറിയ മാറ്റങ്ങളിലൂടെ കൂടുതൽ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. താരങ്ങളുടെ വ്യക്തിഗത മികവിനെ മാത്രം ആശ്രയിക്കാതെ, ഓരോരുത്തരുടെയും കരുത്തുകൾ ഒരൊറ്റ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ആഞ്ചലോട്ടിയുടെ കഴിവാണ് ബ്രസീലിന്റെ ഏറ്റവും വലിയ ശക്തി. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ടീമിൽ കാണുന്ന വ്യക്തതയും ആത്മവിശ്വാസവും അദ്ദേഹത്തിന്റെ കൈയൊപ്പായി വേണം കാണാൻ.

വിനീഷ്യസ് ജൂനിയർ. Photo: The Touchline | 𝐓/x.com

ഇതിനകം നാല് ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയർ വിങ്ങുകളിൽ നിന്ന് നിരന്തരം ഭീഷണി ഉയർത്തിയിരുന്നു. ഗോളുകൾ മാത്രമല്ല, എതിരാളികളുടെ പ്രതിരോധ നിരയെ നിരന്തരം പിന്നിലേക്ക് തള്ളിവിടാനുള്ള വിനീഷ്യസിന്റെ കഴിവും ബ്രസീലിന്റെ ആക്രമണങ്ങൾക്ക് കൂടുതൽ ഇടങ്ങൾ തുറന്നുകൊടുക്കുന്നു. ബ്രൂണോ ഗ്വിമറയസ് കളിയുടെ താളം നിയന്ത്രിക്കുന്നു. പ്രതിരോധത്തിൽ മാർക്വിന്യോസ് സ്ഥിരതയുടെ പ്രതീകമായി നിൽക്കുന്നു.

അലിസൺ ബെക്കർ സ്കോട്ലാൻഡിനെതിരെ ക്ലാസ് കാണിച്ചു. ഡാനിലോ, കുൻഹ, കാസമിറോ, ഗബ്രിയേൽ തുടങ്ങിയവരെയും പറയാതെ പറ്റില്ല. ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾക്ക് ജീവൻ നൽകിയതും ഗ്രൗണ്ടിൽ അതിന് രൂപവും താളവും പകർന്നതും ഈ താരങ്ങളുടെ പ്രകടനങ്ങളാണ്. ഗ്രൂപ്പ് ഘട്ടം ബ്രസീലിന്റെ പുരോഗതി തെളിയിച്ചു. എന്നാൽ ലോകകപ്പ് നേടുന്ന ടീമുകളെ നിർവചിക്കുന്നത് നോക്കൗട്ട് രാത്രികളാണ്. അവിടെയാണ് പുതിയ ബ്രസീലിന്റെ യഥാർത്ഥ അളവെടുപ്പ് നടക്കുക.

ബ്രസീൽ ടീം. Photo: Maracanã/x.com

എങ്കിലും ബ്രസീലിന്റെ ക്യാമ്പിൽ ഇപ്പോൾ പ്രതീക്ഷകളാണ് കാണുന്നത്. നെയ്മർ പൂർണ ഫിറ്റ്നസിലേക്ക് എത്തുകയും റഫീന്യ വീണ്ടും ചിറകുവിരിക്കുകയും ചെയ്താൽ, ഇതുവരെ മിന്നലുകൾ മാത്രം കാണിച്ച കാനറികൾ ഇടിമുഴക്കമായി മാറും. ഫുട്ബോൾ ലോകം വർഷങ്ങളായി കാത്തിരിക്കുന്ന ആ പഴയ ബ്രസീലിയൻ മാന്ത്രികത വീണ്ടും പച്ചപ്പുല്ലിൽ വിരിയും. അപ്പോൾ എതിരാളികൾ നേരിടേണ്ടത് ഒരു ടീമിനെയല്ല, അഞ്ചു നക്ഷത്രങ്ങളുടെ ചരിത്രവും സാംബയുടെ ആത്മാവും കിരീടത്തിനായി ദാഹിക്കുന്ന ഒരു സംഘത്തിന്റെ സ്വപ്നങ്ങളെയുമാകും.

Content Highlight: Sharif Paloli writes about Brazilian football team in FIFA World Cup 2026

ശരീഫ് പാലോളി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more