| Wednesday, 29th July 2026, 5:45 pm

മാറ്റത്തിന്റെ വാഗ്ദാനം, നിലപാടുകളുടെ മാറ്റം

ശരീഫ് പാലോളി

ജനങ്ങള്‍ ഭരണാധികാരികളെ ഭയന്നല്ല, വിശ്വസിച്ചാണ് പിന്തുടരുന്നത്. ആ വിശ്വാസമാണ് ഭരണത്തിന്റെ യഥാര്‍ത്ഥ അടിത്തറ. അത് തകരുന്ന നിമിഷം മുതല്‍ ഭരണത്തിന്റെ ആത്മാവ് സംശയങ്ങളുടെ നിഴലിലേക്ക് വഴുതിത്തുടങ്ങും.

വാഗ്ദാനങ്ങള്‍ ജനഹൃദയങ്ങളില്‍ പ്രതീക്ഷയുടെ വിളക്കുകകളാണ് തെളിയിക്കുന്നത്. എന്നാല്‍ അധികാരത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ ആ വാഗ്ദാനങ്ങളില്‍ നിന്നുള്ള പിന്മാറ്റം പ്രകടമാകുമ്പോള്‍, ജനങ്ങള്‍ വിലയിരുത്തുക ഭരണത്തിന്റെ കാര്യക്ഷമത മാത്രമല്ല, അതിന്റെ വിശ്വാസ്യതയെയും സത്യസന്ധതയെയും കൂടിയാവും.

2026 മെയ് 18ന് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. ‘മാറ്റത്തിന്റെയും പ്രതീക്ഷയുടെയും സര്‍ക്കാര്‍’ എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസം ജനങ്ങളോട് പറഞ്ഞത്.

സത്യപ്രതിജ്ഞാ ചടങ്ങ്‌

എന്നാല്‍ വെറും രണ്ട് മാസം പിന്നിടുമ്പോള്‍, പ്രതിപക്ഷത്തിരുന്ന കാലത്തെ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ ഒന്നൊന്നായി പിന്മാറുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. രാഷ്ട്രീയ എതിരാളികളില്‍ നിന്ന് മാത്രമല്ല, സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വരെ വിമര്‍ശനങ്ങള്‍ ശക്തമായി.

പ്രതിപക്ഷത്തിരുന്നപ്പോള്‍ കേന്ദ്രത്തിന്റെ പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയെ സി.പിെഎ.എമ്മും ബി.ജെ.പിയും തമ്മിലുള്ള ‘രഹസ്യബാന്ധവത്തിന്റെ’ തെളിവായാണ് യു.ഡി.എഫ് വിശേഷിപ്പിച്ചത്.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പദ്ധതി ‘അറബിക്കടലില്‍ എറിയും‘ എന്നായിരുന്നു മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രഖ്യാപനം. എന്നാല്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ കേന്ദ്രഫണ്ട് സ്വീകരിച്ച് പദ്ധതി തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

കെ.എം. ഷാജി

പാഠ്യപദ്ധതിയുടെ നിയന്ത്രണം സംസ്ഥാനത്തിനാണെന്ന വിശദീകരണം സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും, ആശയപരമായ കീഴടങ്ങലാണിതെന്ന വിമര്‍ശനത്തില്‍ കാര്യമുണ്ട്.

വഖഫ് ബോര്‍ഡ് വിഷയത്തിലും സര്‍ക്കാരിന്റെ നിലപാട് വലിയ ചര്‍ച്ചയായി. കേന്ദ്രത്തിന്റെ വഖഫ് നയത്തെ ശക്തമായി എതിര്‍ത്തിരുന്ന യു.ഡി.എഫ്, ഇപ്പോള്‍ വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതില്‍ തടസ്സമില്ലെന്ന നിലപാടാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്.

ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജിന്റെ കേസുമായി ബന്ധപ്പെട്ടായിരുന്നു ഈ നിലപാട്. മുസ്‌ലിം സംഘടനകളില്‍ നിന്ന് ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഷോണ്‍ ജോര്‍ജ്

‘മയക്കുമരുന്നിനും മദ്യത്തിനും എതിരെ’ എന്നായിരുന്നു യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സര്‍ക്കാര്‍ തീരുമാനം മുന്‍ നിലപാടുകളില്‍ നിന്നുള്ള പിന്മാറ്റമായി വിലയിരുത്തപ്പെട്ടു. വിവിധ മത സാമുദായിക സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തി.

പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവര്‍കട്ടും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയമാണ്. ഊര്‍ജമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, 2014ലെ വൈദ്യുതി കരാര്‍ റദ്ദാക്കി സ്വകാര്യ കമ്പനികള്‍ക്ക് ആനുകൂല്യം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ വൈദ്യുതി നിരക്കിനെയും ലോഡ് ഷെഡ്ഡിങ്ങിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ് അദ്ദേഹം.

ധാതുമണല്‍ ഖനന വിഷയത്തിലും പ്രതിപക്ഷകാലത്തെ നിലപാട് ഭരണത്തിലെത്തിയ ശേഷം മാറിയെന്ന വിമര്‍ശനമുണ്ട്. തെക്കന്‍ തീരത്തെ നിര്‍ണായക ധാതുസമ്പത്ത് സ്വകാര്യലോബിക്ക് വിട്ടുകൊടുക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വി.എം. സുധീരന്‍

ശബരിമല സ്വര്‍ണക്കടത്ത് കേസിലും പഴയ നിലപാടല്ല ഇപ്പോള്‍ യു.ഡി.എഫിനുള്ളത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടിരുന്ന പാര്‍ട്ടി, അധികാരത്തിലെത്തിയ ശേഷം ഈ വിഷയത്തെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ പോലും പരാമര്‍ശിച്ചില്ല.

വനിതകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവും പൂര്‍ണമായി നടപ്പായില്ലെന്ന ആക്ഷേപമുണ്ട്. എല്ലാ ബസുകളിലും സൗജന്യ യാത്രയെന്ന പ്രഖ്യാപനം ഇപ്പോള്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം, അതും പരീക്ഷണാടിസ്ഥാനത്തില്‍ എന്ന നിലയിലേക്ക് ചുരുങ്ങിയെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കിയതും വലിയ വിമര്‍ശനത്തിന് വഴിവെച്ചു. 35 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള എ.എ .വെ, ബി.പി.എല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. ഏകദേശം പതിനാറ് ലക്ഷം പേര്‍ക്ക് പദ്ധതി പ്രയോജനപ്പെട്ടിരുന്നു.

എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുടര്‍ഗഡുക്കള്‍ വിതരണം ചെയ്തിട്ടില്ല. പദ്ധതി തുടരുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്.

വി.ഡി. സതീശന്‍

ആരോഗ്യമേഖലയും സര്‍ക്കാരിന് വലിയ വെല്ലുവിളിയായി തുടരുന്നു. എല്‍.ഡി.എഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന യു.ഡി.എഫിന് അധികാരത്തിലെത്തിയിട്ടും കാര്യമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം തുടരുന്നു. പി.എച്ച്.സികളിലും സി.എച്ച്.സികളിലും ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഒഴിവുകള്‍ നികത്തപ്പെട്ടിട്ടില്ല. കരുണ, ആരോഗ്യ കേരളം തുടങ്ങിയ ഇന്‍ഷുറന്‍സ് പദ്ധതികളിലെ ഫണ്ട് വൈകുന്നതോടെ പാവപ്പെട്ട രോഗികളുടെ ശസ്ത്രക്രിയകള്‍ പോലും മുടങ്ങുന്ന സാഹചര്യമുണ്ട്.

ആരോഗ്യമന്ത്രി കെ. മുരളീധരന്‍

‘എരണംകെട്ടവര്‍ നാട് ഭരിച്ചാല്‍ ഇതാവും അവസ്ഥ’ എന്ന് പരിഹസിച്ച കെ. മുരളീധരന്‍ തന്നെയാണ് ഇന്ന് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നത് രാഷ്ട്രീയ വിമര്‍ശനത്തിന് ആക്കം കൂട്ടുന്നു.

വന്യമൃഗശല്യത്തില്‍ മുന്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം നയിച്ചിരുന്ന യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷവും സ്ഥിതിയില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. ‘യു.ഡി.എഫ് അധികാരത്തില്‍ വന്നത് അറിഞ്ഞിട്ടല്ല ആന ഇറങ്ങുന്നത്’ എന്ന വനംമന്ത്രി ഷിബു ബേബി ജോണിന്റെ പരാമര്‍ശം വലിയ വിവാദത്തിനും വിമര്‍ശനത്തിനും ഇടയാക്കി.

ഷിബു ബേബി ജോണ്‍

വിലക്കയറ്റം നിയന്ത്രിക്കുമെന്ന ഉറപ്പും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നുതന്നെ തുടരുന്നു. വിഴിഞ്ഞത്തെ വിദേശനിക്ഷേപ വിഷയത്തിലും പ്രതിപക്ഷകാലത്തെ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ മാറി.

ഉന്നതവിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നു. ഗവര്‍ണര്‍ നിര്‍ദേശിക്കുന്ന സംഘപരിവാര്‍ നിയമനങ്ങള്‍ക്കെതിരെ മുന്‍കാലത്തെപ്പോലെ ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

എല്‍.ഡി.എഫ് ഭരണകാലത്ത് ഗവര്‍ണറുടെ ഇടപെടലിനെതിരെ തെരുവിലും കോടതിയിലും പോരാടിയ വിഷയങ്ങളില്‍ ഇപ്പോള്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്.

പിണറായി സര്‍ക്കാര്‍ കാലത്ത് ബന്ധുനിയമന വിവാദം ഉയര്‍ത്തിയ യു.ഡി.എഫ് അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ നേരിട്ടതും ബന്ധുനിയമന വിവാദം തന്നെ. ആദ്യം ന്യായീകരിച്ച് പിടിച്ചു നിന്നെങ്കിലും ഭാര്യാസഹോദരനെ മന്ത്രി സണ്ണി ജോസഫിന് ഒഴിവാക്കേണ്ടി വന്നു.

സണ്ണി ജോസഫ്

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പോലീസ് നയത്തിനെതിരെ വലിയ ആക്ഷേപമാണ് യു.ഡി.എഫ് ഉയര്‍ത്തി കൊണ്ടു വന്നിരുന്നത്. പൊലീസ് മര്‍ദനത്തില്‍ മരണം സംഭവിച്ചത് കഴിഞ്ഞ ദിവസമാണ്. ആഭ്യന്തര മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ വന്‍കിട മുതലാളിക്ക് വേണ്ടി സാധാരണക്കാരന്റെ കട രാത്രിയില്‍ ഗുണ്ടകള്‍ ഇടിച്ചു പൊളിച്ചതും വന്‍വിവാദമായി കഴിഞ്ഞു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഈ നിലപാട് മാറ്റങ്ങള്‍ ഭരണവിരുദ്ധ വിമര്‍ശനങ്ങളില്‍ ഒതുങ്ങുന്നില്ല. പാര്‍ട്ടിക്കകത്തും അസ്വസ്ഥത പ്രകടമാണ്. കെ.എസ്.യുവും മഹിളാ കോണ്‍ഗ്രസും വരെ ‘മുഖ്യമന്ത്രി അഹങ്കാരം വെടിയണം’ എന്ന് പരസ്യമായി ആവശ്യപ്പെട്ടു.

കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ്

പിണറായി വിജയനെതിരെ ഒരിക്കല്‍ ഉയര്‍ത്തിയ അതേ വിമര്‍ശനം, രണ്ട് മാസത്തിനുള്ളില്‍ തന്നെ വി.ഡി. സതീശനെതിരെയും ഉയരുന്ന സാഹചര്യമാണിപ്പോള്‍. പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടിയെയും മുന്നണിയെയും വിശ്വാസത്തിലെടുക്കാതെയാണെന്ന പരാതിയും ശക്തമാണ്.

ജനങ്ങളുടെ പ്രതീക്ഷകളെ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ക്ഷേമപദ്ധതികളിലും ഭരണനയങ്ങളിലും പ്രകടമായ നിലപാട് മാറ്റങ്ങള്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്.

രണ്ട് മാസം മുമ്പ് മാറ്റം ആഗ്രഹിച്ച് വിധിയെഴുതിയ ജനങ്ങള്‍, ഇന്ന് കഴിഞ്ഞ ഭരണത്തിന്റെ നേട്ടങ്ങള്‍ ഓര്‍ക്കുകയും താരതമ്യം ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഭരണത്തിന്റെ വിലയിരുത്തലിന് ഇനിയും സമയം ബാക്കിയുണ്ടെങ്കിലും, വെറും രണ്ട് മാസം കൊണ്ടുതന്നെ ഈ താരതമ്യം ഉയര്‍ന്നുവരുന്നത് സര്‍ക്കാരിന് അവഗണിക്കാനാവാത്ത രാഷ്ട്രീയ സന്ദേശമാണ്.

Content Highlight: Sharif Paloli evaluates the first two months of the V.D. Satheesan government.

ശരീഫ് പാലോളി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more