തിരുനാവായ നവാമുകുന്ദ ക്ഷേത്രകടവില്‍ കര്‍മ്മം ചെയ്യാനിറങ്ങുന്ന വിശ്വാസികള്‍ക്ക് ധൈര്യമായി ഒരു കയ്യകലത്തില്‍ യാഹുട്ടിയെ കാണാം.
ഭാരതപുഴയില്‍ ഒഴുക്ക് കൂടിയാലും വെള്ളം കുറഞ്ഞാലും യാഹുട്ടി കടവിലുണ്ടാകും. കുറച്ചു ദിവസമായി യാഹുട്ടി തിരക്കിലാണ്. ഒരു കാരണവരെ പോലെ ഓടിനടക്കുകയാണ്, എല്ലായിടത്തും യാഹുട്ടിയുടെ കണ്ണും കരുതലുമുണ്ട്. നാട്ടിലെത്തിയ കുംഭമേള കളറാക്കണം. അതിനാണ് യാഹുട്ടിയുടെ ഓട്ടം.
ഭാരതപ്പുഴയില്‍ താല്‍കാലികമായി കെട്ടിയുണ്ടാക്കിയ പാലത്തിന് 50 മീറ്റര്‍ അടുത്താണ് കരയോട് ചേര്‍ന്ന് മസ്ജിദുല്‍ മുസ്‌ലിഹീന്‍, കുംഭമേളക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ മസ്ജിദ് കമ്മറ്റിയുമുണ്ട്. റോഡില്‍ നിന്നും പുഴയിലേക്കുള്ള വഴിയില്‍ വലിച്ചു കെട്ടിയ ട്യൂബ് ലൈറ്റുകള്‍ നാലഞ്ചണ്ണം പള്ളിയുടെ ചുമരിലുമുണ്ട്.
മസ്ജിദുല്‍ മുസ്‌ലിഹീന്‍
പ്രധാന വേദി നവാമുകുന്ദ ക്ഷേത്രാങ്കണത്തില്‍ പുഴയോട് ചേര്‍ന്നാണ്. പിന്നെയുള്ള വേദികളില്‍ പലതും തൊട്ടടുത്ത പറമ്പുകളാണ്. ഇതില്‍ പലതും മുസ്‌ലിം സഹോദരന്‍മാര്‍ സന്തോഷത്തോടെ വിട്ടു നല്‍കിയതാണ്.
കടവിലേക്ക് പോകുന്ന വഴിയില്‍ നഫീസുമ്മയും പേരകുട്ടികളും കുടിവെള്ളം നിരത്തിവെച്ചിട്ടുണ്ട്. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തത് പോലെ തലയില്‍ വട്ടത്തില്‍ കെട്ടും കെട്ടി അബ്ദുക്ക കപ്പലണ്ടി കച്ചവടം ചെയ്യുന്നുണ്ട്.
പിന്നെ കരിമ്പ് ജ്യൂസ്, ജിലേബി, കുലുക്കി സര്‍ബത്ത്, ചായ മക്കാനി… അങ്ങിനെ കുറെ കച്ചവടങ്ങള്‍ക്ക് ‘മലപ്പുറത്തെ കാക്കമാര്‍’ സ്ഥലം പിടിച്ചിട്ടുണ്ട്. നാലാളു കൂടുന്ന നാട്ടിലെ ഏതൊരു ആഘോഷവും ഉത്സവമാക്കുന്ന മലപ്പുറത്തുകാര്‍ കുംഭമേളയും ഏറ്റെടുത്ത മട്ടാണ്.
ക്ഷേത്രത്തിനടുത്ത ആല്‍ത്തറയില്‍ ഒരു ബോര്‍ഡുണ്ട്, ക്ഷേത്രമുറ്റം കല്ല് പാകിയ വ്യക്തികളുടെ പേരുകളാണതില്‍. മുസ്‌ലിം പേരുകളാണ് ആ ബോര്‍ഡിലുള്ളത്. നാടൊന്നാകെ കുംഭമേളക്കായി ഒരുങ്ങുന്ന കാഴ്ച്ചയാണ് മലപ്പുറത്തെ തിരുനാവായയില്‍ കാണുന്നത്.
മതം വേലികെട്ടി തിരിക്കാത്ത മലപ്പുറത്തെ മനുഷ്യരുടെ സന്തോഷവും കൂട്ടായ്മയുമാണ് തിരുനാവായയിലെ മണല്‍തിട്ടയില്‍ ഉയര്‍ന്നുനില്‍ക്കുന്നത്.
എന്നാല്‍ കാണുന്ന കാഴ്ചയും ഉറപ്പുള്ള സത്യവുമല്ല മലപ്പുറത്തെ കുംഭമേളയുടെ വാര്‍ത്തയായി പ്രചരിച്ചത്. കേരളം കടന്ന് ഉത്തരേന്ത്യ വരെ മലപ്പുറം വില്ലന്‍വേഷത്തില്‍ അവതരിപ്പിക്കപ്പെട്ടു. അല്ലെങ്കിലും മലപ്പുറം പലപ്പോഴും അങ്ങിനെയാണല്ലോ വായിക്കപ്പെടുന്നത്.
മലപ്പുറത്തെ കുംഭമേള തടഞ്ഞു എന്നായിരുന്നു ആദ്യ വാര്‍ത്ത. മലപ്പുറത്തെ മുസ്‌ലിങ്ങള്‍ക്ക് വേണ്ടി കുംഭമേള തടയുന്നു എന്നായി പിന്നീട് ശശികല ടീച്ചറുടെ വിശദീകരണം.
മലപ്പുറത്തുകാരുടെ തന്തമാര്‍ വിചാരിച്ചാലും കുംഭമേള മുടക്കാനാവില്ലെന്ന് ഏതോ ഉത്തരേന്ത്യന്‍ സ്വാമിയും പ്രഖ്യാപിച്ചു. ഒരു കാരണവുമില്ലാതെ തന്തക്ക് വിളി കേള്‍ക്കുമ്പോഴും ഇതൊന്നുമറിയാതെ കുംഭമേള നഗരിയില്‍ ഉപ്പിലിട്ടതും ചുരണ്ടി ഐസും വില്‍ക്കാന്‍ സ്ഥലം കണ്ടെത്തുന്ന തിരക്കിലായിരുന്നു മലപ്പുറത്തുകാര്‍.
‘റംസാന്‍ മാസത്തില്‍ കുടിവെള്ളം കിട്ടാത്ത മലപ്പുറം’ പോലെ മറ്റൊരു മലപ്പുറത്തെ അവതരിപ്പിക്കുകയായിരുന്നു അവര്‍. ‘ ‘മലപ്പുറമല്ലേ…? തടസ്സങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമൊള്ളൂ എന്ന് ആശ്ചര്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പാറിപ്പറന്നു.
പുരാതനമായ മാമാങ്കത്തിന്റെ പുനരാവിഷ്‌ക്കാരമായി
തിരുനാവായ മണപ്പുറത്ത് തുടങ്ങിയ മഹാമാഘ മഹോത്സവം എന്ന കേരള കുംഭമേള ആരും തടസ്സപ്പെടുത്തിയിരുന്നില്ല എന്നതാണ് വാസ്തവം.
കുംഭമേളക്കോ മേളയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കോ ഒരു തടസ്സവും ഒരു കേന്ദ്രത്തില്‍ നിന്നുമുണ്ടായില്ല.
കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തര്‍
അനുമതിയില്ലാതെ ഭാരതപുഴയില്‍ വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തി താല്‍കാലിക പാലം നിര്‍മ്മിക്കുന്നതിനും പുഴയില്‍ ജെ.സി.ബി ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍കുമാണ് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
അതാവട്ടെ കലക്ടറുമായുളള ചര്‍ച്ചയില്‍ പരിഹരിക്കപ്പെടുകയും ചെയ്തു. അപ്പോഴേക്കും വിദ്വേഷത്തിന്റെ നുണകുംഭങ്ങള്‍ തുറന്നുവിട്ട എന്തെല്ലാം നരേറ്റീവുകളാണ് സോഷ്യല്‍ മീഡിയയില്‍ ചുറ്റിക്കറങ്ങിയത്.
ഏതെങ്കിലും മുസ്‌ലിം സംഘടനയോ വ്യക്തികളോ കുംഭമേളയെ പറ്റി ഒരക്ഷരം പറഞ്ഞില്ല. എന്നിട്ടും തന്തക്ക് വിളി കേള്‍ക്കേണ്ടി വന്നു. വിളിച്ചതോ ഒരു സന്യാസിയും. സകല ഇന്ദ്രിയ മോഹങ്ങളും ഉപേക്ഷിച്ച്, പൂര്‍വ്വാശ്രമത്തിലെ അവരവരുടെ ജീവിതത്തിന് പോലും വായ്ക്കരിയിട്ടാണ് ഒരു സന്യാസി പിറവി കൊള്ളേണ്ടത്. സംയമനമാണ് സന്യാസത്തിന്റെ മനോഭാവം. എന്നിട്ടുമെങ്ങിനെ ഈ പ്രകോപനമുണ്ടായി.
2024 ജൂലൈ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച ഒരു പാലമുണ്ട്. ഭാരതപ്പുഴക്ക് കുറുകെ തവനൂര്‍ – തിരുന്നാവായ പാലം.
എന്നാല്‍, അന്ന് ഹിന്ദു വികാരം വൃണപ്പെടുമെന്ന വിചിത്ര വാദവുമായി
ഈ പാലത്തിന്റെ നിര്‍മ്മാണം ഹൈക്കോടതിയിലെത്തി. തടസ്സപ്പെടുത്തിയത് ഇന്ന് ഈ വിവാദങ്ങള്‍ പടച്ചുവിടുന്നവരും മെട്രോമാന്‍ ശ്രീധരനുമായിരുന്നു.
ത്രിമൂര്‍ത്തി സംഗമഭൂമിയിലെ പാലം നിര്‍മ്മാണം ഹിന്ദുവികാരം വൃണപ്പെടുത്തും എന്നായിരുന്നു വാദം. എന്നാല്‍ ഇന്ന് അതേ സ്ഥലത്താണ് താത്കാലിക പാലം നിര്‍മ്മിച്ചത്. അന്ന് ആ പാലം തടസ്സപ്പെടുത്തിയിരുന്നില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക ഈ കുംഭമേളക്കെത്തുന്ന വിശ്വാസികള്‍ക്കായിരുന്നു.
താത്കാലിക പാലം
പാലം നിര്‍മ്മാണം തടസ്സപ്പെടുത്തിയാല്‍ നിങ്ങള്‍ ഖേദിക്കും എന്ന് മെട്രോമാന്‍ ശ്രീധരന്റെ മുഖത്ത് നോക്കി അന്ന് പറഞ്ഞത് തവനൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശിവദാസന്‍ എന്ന ബാബുവാണ്.
വ്യാജപ്രചാരണവും പ്രകോപനവും കേരളം കടന്ന് യുപിയിലെത്തിയിട്ടും മലപ്പുറത്തുകാര്‍ പലരും ഇതൊന്നും അറിഞ്ഞിട്ടു പോലുമില്ല. നാട്ടുകാരാണെങ്കില്‍ കുംഭമേള കാണാന്‍ കാത്തിരിക്കുകയാണ്.
എല്ലാ വിഭാഗം ജനങ്ങളുടേയും നല്ല സഹകരണമാണ് കുംഭമേളക്ക് ലഭിക്കുന്നതെന്ന് മഹാ മാഘ മഹോത്സവം സമിതി അംഗം രാജന്‍ സി പി സാക്ഷ്യപ്പെടുത്തുന്നു. പുറത്തു കേള്‍ക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും തിരുനാവായയില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെ കുംഭമേള നടക്കുമെന്നും നവാമുകുന്ദ ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്തെ തിരുനാവായ ഗ്രാമപഞ്ചായത്ത് മെമ്പര്‍ റസിയ പറമ്പനും പറയുന്നു.
എന്ത് പ്രശ്‌നം, വിവാദം യു പിയിലെത്തിയിട്ടും തൊട്ടടുത്ത കച്ചവടക്കാരന്‍ മുജീബ് ഒന്നുമറിഞ്ഞിട്ടില്ല.
തിരുനാവായയിലെ ചരിത്രം മാമാങ്കത്തിന്റെത് കൂടിയാണ്. മാമാങ്ക സ്മരണ പുതുക്കുന്നതും മാമാങ്ക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതും ഈ നാടൊരുമിച്ചാണ്.
തിരുനാവായ ശ്രീ നവാമുകുന്ദ ക്ഷേത്രം
കുംഭമേളയും ഈ നാട് ഏറ്റെടുക്കുമെന്ന മാമാങ്ക സ്മാരക സമിതിയുടെ മുഖ്യ ചുമതലക്കാരന്‍ ഉമ്മര്‍ ചിറക്കലിന്റെ വാക്കില്‍ എല്ലാമുണ്ട്.
തിരുമാന്ധാംകുന്നും ആലത്തിയൂരും കാടാമ്പുഴയും നാവാമുകുന്ദയും വൈരങ്കോടും വേണ്ടല്ലൂരും മൂന്നിയൂരും തൃക്കണ്ടിയൂരും തൃപ്പങ്ങോട്ടുമടക്കം ചരിത്ര പ്രാധാന്യമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങള്‍ മലപ്പുറത്തുണ്ട്.
നാടിന്റെ ആഘോഷമായ ക്ഷേത്രോത്സവങ്ങള്‍ ഇവിടെയെല്ലാമുണ്ട്. മലപ്പുറം ഒന്നിച്ചാണ് ഈ ആഘോഷങ്ങളെല്ലാം കൊണ്ടാടുന്നത്. കുംഭമേളയും മലപ്പുറം ആഘോഷിക്കും. അതിനായി നാട് പന്തലിട്ട് കാത്തിരിക്കുകയാണ്.
Content Highlight: shareef paloli writes about Malappuram Kumbh Mela, fake Kumbh Melas, and Muslims.